Home » നമ്മുടെ കോഴിക്കോട് » സരോവരം ബയോപാര്‍ക്ക് നാശത്തിലേക്ക്

സരോവരം ബയോപാര്‍ക്ക് നാശത്തിലേക്ക്

പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട്, നഗരത്തിലെത്തുന്നവര്‍ക്ക് വിശ്രമത്തിനും വിനോദത്തിനും ഒരിടം എന്ന നിലക്ക് ഒരുക്കിയ സരോവരം ബയോപാര്‍ക്കില്‍ സന്ദര്‍ശകര്‍ കുറയുന്നു. പാര്‍ക്കിലെത്തുന്നവര്‍ക്കായി കാണാനും ആസ്വദിക്കാനും കാര്യമായി ഒന്നുമില്ലാത്തതും കുടുംബമായി എത്താന്‍ ആളുകള്‍ മടിക്കുന്നതുമാണ് സന്ദര്‍ശകരുടെ എണ്ണം കുറയാന്‍ കാരണം. അടുത്തിടെ പൊലീസും മറ്റു സുരക്ഷാ ജീവനക്കാരും പരിശോധന ശക്തമാക്കിയതും സന്ദര്‍ശകരുടെ എണ്ണം കുറച്ചിട്ടുണ്ട്.

ഓണവും പെരുന്നാളും ഒന്നിച്ചെത്തിയിട്ടും ഇത്തവണ മുന്‍കാലങ്ങളെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ കുറവാണുണ്ടായത്. ഓരോ ദിവസവും ആളുകള്‍ എത്തുന്നത് നാമമാത്രമായതോടെ വരുമാനത്തിലും ഇടിവുണ്ടായി. സാധാരണ ദിവസങ്ങളില്‍ നൂറില്‍ താഴെ ആളുകളാണ് പാര്‍ക്കിലെത്തുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. മുന്‍കാലങ്ങളില്‍ ആയിരത്തോളം പേര്‍ വരെ എത്തിയിരുന്നു. ശരാശരി 15,000 രൂപവരെ വരുമാനവുമുണ്ടായിരുന്നു.

ബയോപാര്‍ക്കിന്റെ ഒന്നും രണ്ടും ഭാഗങ്ങളില്‍ പലയിടത്തായി പ്‌ളാസ്റ്റിക് കുപ്പികള്‍ അടക്കം മാലിന്യം കൂട്ടിയിട്ട അവസ്ഥയാണ്. ഇരിപ്പിടങ്ങള്‍ക്ക് സമീപം വെള്ളക്കുപ്പികളും ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്ന പ്‌ളാസ്റ്റിക് കവറുകളും മറ്റും കൂട്ടിയിട്ടിരിക്കുന്നു. ഇരിപ്പിടങ്ങള്‍ പലതും മാസങ്ങളായി തകര്‍ന്നിരിക്കുകയാണ്. പാര്‍ക്കിനകത്തുള്ള കരിങ്കല്‍ ഇരിപ്പിടങ്ങള്‍ സന്ദര്‍ശകര്‍ മറിച്ചിട്ടിരിക്കുന്നു. ഹട്ടുകള്‍ പൊളിഞ്ഞുവീണിരിക്കുകയാണ്. പാര്‍ക്കിലുടനീളം സ്ഥാപിച്ചിരുന്ന വിവിധ നെയിംബോര്‍ഡുകള്‍ നശിച്ചു. ഓപ്പണ്‍ എയര്‍ തിയറ്റര്‍ പരിസരത്തടക്കം കാടുകയറി ഒരാളേക്കാള്‍ ഉയരത്തില്‍ പുല്ല് വളര്‍ന്നിരിക്കുകയാണ്. പാര്‍ക്കിനോട് ചേര്‍ന്ന കനോലി കനാലിന്റെ പല ഭാഗങ്ങളിലും പ്‌ളാസ്റ്റിക് കുപ്പികള്‍ ഒഴുകിനടക്കുന്നു.

കുട്ടികളുടെ പാര്‍ക്കിലെ ഉപകരണങ്ങള്‍ തുരുമ്പെടുത്തു. കുട്ടികളുടെ പാര്‍ക്ക് പ്രവര്‍ത്തന സമയം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയാണ്. കുടുംബങ്ങള്‍ കൂടുതലും എത്തുന്നത് വൈകിട്ടായതിനാല്‍ പാര്‍ക്കിന്റെ സമയം എട്ടുവരെ നീട്ടിയാല്‍ കൂടുതല്‍ പേര്‍ക്ക് ഉപയോഗപ്പെടുത്താം. പാര്‍ക്കിന്റെ രണ്ടാം ഭാഗം കൂടുതലും ഉപയോഗപ്പെടുത്തുന്നത് പ്രണയിനികള്‍ ആയതിനാല്‍ ഇവിടേക്ക് കുടുംബ സന്ദര്‍ശകര്‍ എത്താറില്ല. എത്തുന്ന പലരും ഉടന്‍ മടങ്ങുകയാണ് പതിവെന്ന് ജീവനക്കാര്‍ പറഞ്ഞു. രണ്ടുമാസം മുമ്പ് പാര്‍ക്കിനകത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരന് സന്ദര്‍ശകന്റെ മര്‍ദനമേറ്റിരുന്നു. മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന കോട്ടൂളി പുതിയേടത്ത് വേണുഗോപാല്‍ ഇതുവരെ ജോലിക്കെത്തിയിട്ടില്ല. 96 ഏക്കറോളം വരുന്ന പാര്‍ക്കില്‍ സുരക്ഷക്കായി രണ്ട് വനിതകളടക്കം ഒമ്പത് സെക്യൂരിറ്റി ജീവനക്കാരാണുള്ളത്. അവധിയും നൈറ്റ് ഷിഫ്റ്റും കഴിച്ച് നാലും അഞ്ചും പേരാണ് ദിവസം ജോലിക്കുണ്ടാവുക. പാര്‍ക്കിനകത്തുകൂടി കടന്നുപോകുന്ന പൊതുവഴിയും സുരക്ഷാ പ്രശ്‌നമുയര്‍ത്തുന്നു. കോട്ടൂളിയില്‍നിന്നും കരിമ്പനപ്പാലത്തേക്ക് പോകുന്ന വഴിയിലെ യാത്രക്കാരും സന്ദര്‍ശകരും പലപ്പോഴും തര്‍ക്കമുണ്ടാകാറുണ്ട്. അടുത്ത കാലത്തായി മഫ്തിയിലും മറ്റും പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെ സല്ലപിക്കാന്‍ വരുന്നവരില്‍ ക്‌ളാസ് മുടക്കി എത്തുന്ന വിദ്യര്‍ഥികളും 18 വയസില്‍ താഴെയുള്ളവരും കുറഞ്ഞിട്ടുണ്ട്.

മുന്‍ സര്‍ക്കാരിന്റെ കാലത്തെ അവഗണനയാണ് കെടിഡിസിയുടെ കീഴിലുള്ള പാര്‍ക്കിനെ പരിതാപകരമായ അവസ്ഥയിലേക്ക് നയിച്ചത്. എ പ്രദീപ്കുമാര്‍ എംഎല്‍എയുടെ ഇടപെടല്‍ കാരണം നിരവധി പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും പലതും പാതിവഴിയിലാണ്. ലക്ഷങ്ങളുടെ പുനരുദ്ധാരണ– വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സരോവരം ബയോപാര്‍ക്കില്‍ തുടക്കം കുറിക്കാന്‍ ഈയിടെ തീരുമാനിച്ചിരിക്കുന്നത്.

Leave a Reply