Home » മറുകാഴ്ച » പെൺകാഴ്ച » നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് ടോയ്‌ലറ്റുകള്‍ സ്വപ്‌നം മാത്രം; മിഠായിത്തെരുവിനടുത്തും മാനാഞ്ചിറ പരിസരത്തും ആവശ്യത്തിന് ടോയ്‌ലറ്റുകളില്ല

നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് ടോയ്‌ലറ്റുകള്‍ സ്വപ്‌നം മാത്രം; മിഠായിത്തെരുവിനടുത്തും മാനാഞ്ചിറ പരിസരത്തും ആവശ്യത്തിന് ടോയ്‌ലറ്റുകളില്ല

നഗരം ദിനംപ്രതി വികസിക്കുമ്പോഴും കോഴിക്കോടെത്തുന്ന സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ വൃത്തിയുള്ള ടോയ്‌ലറ്റുകളില്ല. ദീര്‍ഘദൂര ബസ് യാത്രക്കിടെ മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡിലെ ലേഡീസ് ടോയ്‌ലറ്റില്‍ കയറുന്നവര്‍ മൂക്കും പൊത്തി തിരിച്ചുവരേണ്ട അവസ്ഥയാണ്. ഛര്‍ദിച്ചാലും അതിശയമില്ല. അത്രയും വൃത്തിഹീനമാണ് ബസ്സ്റ്റാന്‍ഡിലെ ലേഡീസ് ടോയ്‌ലറ്റുകള്‍. ചില ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയാതെ പൂട്ടിക്കിടക്കുന്നു. മറ്റുചിലത് ഒട്ടും വൃത്തിയില്ലാത്തത്. നഗരത്തിലെ പ്രധാന ബസ്സ്റ്റാന്‍ഡുകളിലൊന്നിലെ ദുരവസ്ഥ മാത്രമാണിത്. സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ ആവശ്യത്തിന് ടോയ്‌ലറ്റുകളില്ലെന്നതാണ് വാസ്തവം.

കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന് അധികം പഴക്കമില്ലാത്തതിനാല്‍ പുതിയ ടോയ്‌ലറ്റാണ് സ്ത്രീകള്‍ക്കുള്ളത്. അത് കുറച്ചെങ്കിലും ആശ്വാസമേകുന്നു. എന്നും ആള്‍ത്തിരക്കുള്ള മിഠായിത്തെരുവിലൂടെയും മാനാഞ്ചിറ പരിസരത്തു കൂടെയും നടന്നാല്‍ മറ്റൊരു ചിത്രം ലഭിക്കും. ബാത്ത്‌റൂം അന്വേഷിക്കുന്ന പല സ്ത്രീകളെയും കാണാം. മിഠായിത്തെരുവ് പരിസരത്ത് സ്ത്രീകള്‍ക്ക് പ്രത്യേക ടോയ്‌ലറ്റ് ഇല്ല. സെന്‍ട്രല്‍ ലൈബ്രറിക്ക് സമീപമുള്ള സ്വകാര്യവ്യക്തിയുടെ ടോയ്‌ലറ്റാണ് പലരും ഉപയോഗിക്കുന്നത്. എന്നാല്‍, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള പൊതുവായ ടോയ്‌ലറ്റാണിത്. ടോയ്‌ലറ്റില്‍നിന്ന് പുരുഷന്മാര്‍ ഇറങ്ങി വരുന്നത് കാണുമ്പോള്‍ പല സ്ത്രീകളും തിരിച്ചുനടക്കും.

തൊട്ടു മുന്നില്‍ മാനാഞ്ചിറയെക്കുറിച്ചാകും പിന്നീട് ചിന്തിക്കുക. മാനാഞ്ചിറ തുറക്കണമെങ്കില്‍ മൂന്ന് മണിയാകും. അവിടെയുള്ളതും പൊതു ടോയ്‌ലറ്റാണ്. അല്‍പം കൂടി മുന്നോട്ടുനടന്നാല്‍ മോഡല്‍ സ്‌കൂളിന് മുന്നില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു പൊതു ടോയ്‌ലറ്റ് കാണാം. എന്നാല്‍, ഇത് എത്രയോ കാലമായി പൂട്ടിയിട്ട്. ആള്‍ക്കൂട്ടത്തിന് മുന്നിലേക്കാണ് ഈ ടോയ്‌ലറ്റിന്റെ വാതില്‍. അതുകൊണ്ടുതന്നെ ഇത് സ്ത്രീകള്‍ ഉപയോഗിക്കാറുമില്ല. ഒളിക്യാമറ വിവാദവും മറ്റുമാണ് പൊതു ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ സ്ത്രീകളെ വലയ്ക്കുന്നത്. ടൌണ്‍ഹാളില്‍ എന്തെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്ന സ്ത്രീകള്‍ക്ക് മാത്രമാണ് അല്‍പം ആശ്വാസമുള്ളത്. ആര്‍ട് ഗ്യാലറി പരിസരത്തെ ടോയ്‌ലറ്റ് ഉപയോഗിക്കാം. മിഠായിത്തെരുവില്‍നിന്ന് കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് പോകുന്ന റോഡില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ടോയ്‌ലറ്റുകള്‍ ഉണ്ട്. ഇവ തൊട്ടരികിലായതും സ്ത്രീകളെ വലയ്ക്കുന്നു.

Leave a Reply