കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ചാര്‍ലി തരംഗമാണ്. ആരാണ് ഈ ചാര്‍ലി എന്ന് ചോദിക്കേണ്ട കാര്യമേ ഇല്ലല്ലോ. യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ ക്രിസ്തുമസ് ചിത്രമാണ് ചാര്‍ലി. റിലീസ് തിയതി പോലും തീരുമാനിച്ചിട്ടില്ലെങ്കിലും ചാര്‍ലി തരംഗം കേരളത്തില്‍ ആഞ്ഞടിച്ചു തുടങ്ങിയിട്ടുണ്ട്. ദുല്‍ഖര്‍ സല്മാന് പുതിയ ഗെറ്റപ്പിലെത്തുന്ന ചിത്രം റിലീസിന് മുന്നേ ഹിറ്റ് ആണെന്ന് പ്രത്യേകം പറയേണ്ടല്ലോ.
ദുല്‍ഖറിന്റെ താടിയും കഴുത്തിലെ അയഞ്ഞ മാലയും ചാര്‍ലി സ്പെഷല്‍ കോസ്റ്റിയൂസുകളും ആരാധകരുടെ ഹൃദയം കവര്‍ന്നു കഴിഞ്ഞു. കറുത്ത ഷര്‍ട്ടും കൂളിംഗ് ഗ്ലാസും താടിയും വച്ച് പ്രേമം സ്റ്റൈല്‍ ആഘോഷിച്ച യുവത്വം ഇപ്പോള്‍ താടിയും വെള്ള കുര്‍ത്തയും മുണ്ടും മടക്കി കുത്തി ചാര്‍ളിയെ വരവേല്‍ക്കുകയാണ്. കേരളത്തിലെ കോളേജ് കുമാരന്മാരുടെ വാര്‍ഡ്രോബുകളില്‍ ചാര്‍ലി കോസ്റ്റിയൂസ് ഇടം പിടിച്ചു എന്ന് ഈ ചിത്രങ്ങള്‍ പറഞ്ഞു തരും.
സിനിമ റിലീസ് ആകുന്നതിനു മുന്‍പ് തന്നെ ക്യാമ്പസുകള്‍ ചാര്ലികള് കീഴടക്കി കഴിഞ്ഞു. ചിത്രത്തിന്റെ പോസ്റ്ററിലും ട്രെയിലറിലും ദുല്‍ഖര്‍ സല്മാന് ഇട്ടിരിക്കുന്ന കോസ്റ്റിയൂസുകളാണ് കോളജുകളില്‍ ഇപ്പോള്‍ ട്രെന്‍ഡ്. ചാര്‍ലി വേഷപ്പകര്‍ച്ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചിരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
എബിസിഡി എന്ന ചിത്രത്തിന് ശേഷം മാര്ട്ടിന് പ്രക്കാട്ടും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രമാണ് ചാര്‍ളി. പാര്‍വ്വതി, അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു, നീരജ് മാധവ്, ചെമ്പന്‍ വിനോദ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഉണ്ണി ആറിന്റെ കഥയ്ക്ക് മാര്ട്ടിന് പ്രക്കാട്ടും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരുന്നത്. ചിത്രം ഈ മാസം തിയറ്ററുകളിലെത്തും.