Home » ഇൻ ഫോക്കസ് » ജിഷ വധക്കേസ്: ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

ജിഷ വധക്കേസ്: ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. അറസ്റ്റിലായ അസം സ്വദേശിയും പെരുമ്പാവൂരിലെ തൊഴിലാളിയുമായ അമീറുല്‍ ഇസ്‌ലാമിനെ (23) മാത്രം പ്രതിയാക്കിയാകും അന്വേഷണസംഘം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. പ്രതിയെ അറസ്റ്റ് ചെയ്ത് 93-ാം ദിവസമാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നത്. പിഴവുകളില്ലാതെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ജിഷയോടുള്ള ലൈംഗിക താല്‍പ്പര്യം മാത്രമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിലെ പ്രധാന പരാമര്‍ശം.

കൊലപാതകം, മാനഭംഗം, ദലിത് പീഡന നിരോധനനിയമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഡിഎന്‍എ അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള കുറ്റപത്രം പിഴവുകളില്ലാത്താകുമെന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷണ സംഘം. അമീറുല്‍ ഇസ്‌ലാം കൊലപാതക ദിവസം ജിഷയുടെ വീട്ടിലെത്തി കൃത്യം നടത്തി തിരിച്ചു പോകുന്നത് വരെയുള്ള കാര്യങ്ങളെല്ലാം കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. ലൈംഗിക പീഡനത്തിനുള്ള ശ്രമം ജിഷ തടുത്തപ്പോള്‍ രോഷാകുലനായി അമീര്‍ ജിഷയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഏപ്രില്‍ 28 നാണ് കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ ജിഷ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പ്രേരണ നല്‍കിയെന്ന് പ്രതി ആരോപിക്കുന്ന സുഹൃത്തും അസം സ്വദേശിയായും അനാറുല്‍ ഇസ്‌ലാമിനെ ഇതുവരെ കണ്ടത്തൊനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇയാളെ അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍നിന്ന് പരാമര്‍ശങ്ങളുണ്ടായാല്‍ തുടരന്വേഷണം നടത്താമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.

അമീറുല്‍ ഇസ്‌ലാം ജാമ്യപേക്ഷയുമായി തിങ്കളാഴ്ച കോടതിയെ സമീപിച്ചേക്കും. കുറ്റപത്രത്തില്‍ പിഴവുകള്‍ കണ്ടെത്തിയാല്‍ ജാമ്യം ലഭിക്കാനിടയായേക്കുമെന്നാണ് നിയമവിദഗ്ദര്‍ പറയുന്നത്.

Leave a Reply