Home » ഇൻ ഫോക്കസ് » ജിഷ വധക്കേസ്: അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു; അമീറുള്‍ ലൈംഗിക വൈകൃതമുള്ളയാളെന്ന് കുറ്റപത്രം

ജിഷ വധക്കേസ്: അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു; അമീറുള്‍ ലൈംഗിക വൈകൃതമുള്ളയാളെന്ന് കുറ്റപത്രം

കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 90 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ശശിധരനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അറസ്റ്റിലായ പെരുമ്പാവൂരിലെ തൊഴിലാളിയും അസം സ്വദേശിയുമായ അമീറുല്‍ ഇസ്ലാമിനെ (23) മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.കൊലപാതകം, മാനഭംഗം, ദലിത് പീഡനം എന്നീ വകുപ്പുകളാണ് അമാറുള്ളിനെതിരെ ചുമത്തിയത്. പീഡനശ്രമത്തെ എതിര്‍ത്തതിലെ വിരോധത്താല്‍ കൊല നടത്തിയെന്ന നിഗമനത്തിലാണ് പൊലീസ്. അമീറുള്‍ ലൈംഗിക വൈകൃതമുള്ള ആളെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടും സാക്ഷിമൊഴികളും അടക്കം 195 സാക്ഷിമൊഴികളാണ് 1500 പേജുകളുള്ള കുറ്റപത്രത്തിലുള്ളത്. 125 ശാസ്ത്രീയ പരിശോധനാ രേഖകളും 70 തൊണ്ടിമുതലുകളും അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി 1500 പേരെ ചോദ്യം ചെയ്യുകയും 30 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 23 പേരെ ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കി. 21 ലക്ഷം ഫോണ്‍കോളുകള്‍ പരിശോധിച്ചു. 5000 വിരലടയാള പരിശോധനയും പ്രത്യേക സംഘം നടത്തിയിട്ടുണ്ട്.

പത്തുവര്‍ഷമോ അതിന് മുകളിലോ ശിക്ഷ കിട്ടാവുന്ന കേസുകളില്‍ പ്രതിക്കെതിരെ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ചട്ടം. അമീറുല്‍ ഇസ്ലാമിനെതിരെ ഇത്തരത്തിലെ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഈ മാസം 14നാണ് 90 ദിവസം തികഞ്ഞത്. എന്നാല്‍, പൊതുഅവധി ആയതിനാല്‍ കോടതിയുടെ അവധിക്കുശേഷമുള്ള ആദ്യ പ്രവൃത്തിദിവസമായ ഇന്ന് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ തെരഞ്ഞെടുക്കുകയായിരുന്നു.

ഡിഎന്‍എ അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പഴുതടച്ച കുറ്റപത്രമാണ് തയ്യാറാക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കുറ്റസമ്മത മൊഴി വിശദമായി വിലയിരുത്തി തെല്ല് സംശയത്തിനു ഇട നല്‍കാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ലൈംഗിക പീഡനത്തിനുള്ള ശ്രമം ചെറുത്തപ്പോള്‍ രോഷാകുലനായി അമീര്‍ ജിഷയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ജിഷയോടുള്ള ലൈംഗിക താത്പര്യം മാത്രമാണ് കൊലപാതകത്തിലെത്തിയതെന്നാണ് കുറ്റപത്രത്തിലെ പ്രധാന പരാമര്‍ശം.

സംഭവ ദിവസം പ്രതി ജിഷയുടെ വീട്ടിലെത്തി കൊലപാതകം നടത്തി തിരിച്ചുപോയതു വരെയുള്ള കാര്യങ്ങളെല്ലാം വ്യക്തമായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രം കണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ അതൊഴിവാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം, കേസ് അന്വേഷണത്തിലെ പാളിച്ചകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നത് പൊലീസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കേസ് ആദ്യം അന്വേഷിച്ച സംഘവും രണ്ടാമത്തെ സംഘവും പരസ്പര വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. ജിഷയുടെ ശരീരത്തില്‍ കണ്ട കടിയുടെ പാടുകളെക്കുറിച്ചാണ് വിജിലന്‍സ് പ്രധാനമായും അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കടിയേറ്റ പാടുകള്‍ പരിശോധിച്ച് പ്രതിയുടെ മുന്‍നിരയിലെ പല്ലുകള്‍ക്കിടയില്‍ വിടവുണ്ടെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നിരുന്നു. പല്ലിലെ വിടവ് കണ്ടെത്താന്‍ പ്രദേശവാസികളായ പലരെയും പച്ചമാങ്ങയില്‍ കടിപ്പിച്ച് പൊലീസ് തെളിവ് ശേഖരിക്കാന്‍ ശ്രമിച്ചിരുന്നു.

കൊലപാതകത്തിന് പ്രേരണ നല്‍കിയതായി പ്രതി ആരോപിക്കുന്ന അസം സ്വദേശിയായ അനാറുല്‍ ഇസ്ലാമിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇയാളെ അന്വേഷണ റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ കോടതിയില്‍നിന്ന് പരാമര്‍ശങ്ങളുണ്ടായാല്‍ തുടരന്വേഷണം നടത്താമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. ഏപ്രില്‍ 28നാണ് കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ ജിഷ കൊല്ലപ്പെട്ടത്.

Leave a Reply