Home » എഡിറ്റേഴ്സ് ചോയ്സ് » ബിജെപി ദേശീയകൗണ്‍സില്‍ യോഗത്തിനും തുടര്‍പരിപാടികള്‍ക്കുമായി സ്വപ്നനഗരി ഒരുങ്ങുന്നു .

ബിജെപി ദേശീയകൗണ്‍സില്‍ യോഗത്തിനും തുടര്‍പരിപാടികള്‍ക്കുമായി സ്വപ്നനഗരി ഒരുങ്ങുന്നു .

ബിജെപി ദേശീയകൗണ്‍സില്‍ യോഗത്തിനും തുടര്‍പരിപാടികള്‍ക്കുമായി സ്വപ്നനഗരിയില്‍ കൂറ്റന്‍ പന്തല്‍ ഒരുങ്ങുന്നു. ദീന്‍ദയാല്‍ ഉപാധ്യായയുടെ ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും ദേശീയ കൗണ്‍സില്‍ യോഗവുമാണ് 22 മുതല്‍ കോഴിക്കോട്ട് നടക്കുന്നത്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരുമടക്കം നിരവധി പ്രമുഖരാണ് പ്രതിനിധികളായി നഗരത്തിലെത്തുക.

പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ അതീവ സുരക്ഷാ സംവിധാനത്തോടെയാണ് സ്വപ്ന നഗരിയിലെ വേദി ഒരുക്കുന്നത്. ഒന്നര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന പന്തല്‍ പൂര്‍ണമായും ശീതീകരിക്കും. പ്രധാനമന്ത്രിയുടെ ഓഫീസ്, മീഡിയ റൂം, മെഡിക്കല്‍ എയ്ഡ് സെന്റര്‍, എക്‌സിബിഷന്‍ കേന്ദ്രം, ഊട്ടുപുര, അടുക്കള തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് പന്തല്‍. ബിജെപിയുടെ ദേശീയ കൗണ്‍സില്‍ നടക്കാനിരിക്കുന്ന നഗരത്തില്‍ ആഴചകള്‍ക്കുമുമ്പേ തന്നെ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കൊടിതോരണങ്ങളാല്‍ നഗരത്തെ അലങ്കരിക്കുകയും സ്വഛ് ദിനത്തിന്റെ ഭാഗമായി നഗരം വ്യത്തിയാക്കലും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

ദേശീയ കൗണ്‍സില്‍ പ്രതിനിധികളായ 1750 പേരും 22ന് നഗരത്തിലെത്തും. 23ന് കടവ് റിസോര്‍ട്ടില്‍ ദേശീയ സെക്രട്ടറിമാരുടെ യോഗവും ഉച്ചയ്ക്ക് ദേശീയ ഭാരവാഹികള്‍, സംസ്ഥാന പ്രസിഡന്റുമാര്‍, ഒമ്പത് സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗവും ചേരും. 24ന് വൈകുന്നേരം നാലിന് കോഴിക്കോട് കടപ്പുറത്ത് പൊതുസമ്മേളനം നടക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഈ ചടങ്ങില്‍ മാത്രമാണ് പൊതുജങ്ങള്‍ക്ക് പ്രവേശനം. 25ന് സ്വപ്ന നഗരിയില്‍ നടക്കുന്ന കൗണ്‍സില്‍ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമാണ് പ്രവേശനം.

Leave a Reply