സിനിമകള്‍ മിക്കപ്പോഴും പുരുഷ കേന്ദ്രീകൃതമാകാറാണ് പതിവ്. പേരിന് ഒന്നു രണ്ട് സീനുകളില്‍ മുഖം കാട്ടാനുള്ള അവസരം മാത്രമാണ് പലപ്പോഴും നായികമാര്‍ക്കുണ്ടാവുക. ചിലപ്പോല്‍ അത് മേനി പ്രദര്‍ശനത്തില്‍ മാത്രം ഒതുങ്ങുകയും ചെയ്യും. സിനിമ മുഴുവന്‍ ഹീറോകളുടെ കൈപിടിയിലാകുന്നതിനിടയിലും സ്ത്രീകേന്ദ്രീകൃത സിനിമകളും വെള്ളിത്തിരയില്‍ മുഖം കാണിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഹീറോകളെ അംഗീകരിക്കുന്ന അതേ നിലയില്‍ ഷീറോകളെ അംഗീകരിക്കാന്‍ കാണികള്‍ക്ക് മടിയാണ്. പക്ഷെ മികച്ച കഥാപാത്രങ്ങളും കഥയുമായെത്തി ഹീറോകളോട് മത്സരിച്ച് ബോക്സോഫീസില്‍ വിജയം നേടിയ ഷീറോ ചിത്രങ്ങളിലും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇതാ ഷീറോകള്‍ ഹിറ്റാക്കിയ മലയാള സിനിമകള്‍.
പഞ്ചാഗ്നി
ഹരിഹരന് സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ പഞ്ചാഗ്നി സ്ത്രീകേന്ദ്രീകൃത ചിത്രമായിരുന്നു. എംടി വാസുദേവന്‍ നായര്‍ തിരക്കഥയൊരുക്കിയ ചിത്രം തിയറ്ററില്‍ നിറഞ്ഞ സദസിലോടി വിജയം കൊയ്തു. ജയിലില്‍ നിന്നും പരോളിലിറങ്ങുന്ന നക്സല്‍ നേതാവായ ഇന്ദിര എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഗീതയായിരുന്നു. മോഹന്‍ലാലാണ് പഞ്ചാഗ്നിയില്‍ നായക വേഷത്തിലെത്തിയത്. ഗീതയുടെ അഭിനയ ജീവിത്തിലെ മികച്ച ഒരു കഥാപാത്രമായിരുന്നു ഇന്ദിര. സ്ത്രീകേന്ദ്രീകൃത ചിത്രമായിരുന്ന പഞ്ചാഗ്നി ബോക്സോഫീസിലും തരംഗമായി.
എന്റെ സൂര്യപുത്രിയ്ക്ക്
1991ല്‍ ഫാസില്‍ സംവിധാനം ചെയ്ത എന്ന് സ്വന്തം സൂര്യപുത്രി ഒരു പുതുമ നായികയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച വിജയം സമ്മാനിച്ച ചിത്രമാണ്. അമലയാണ് മായ എന്ന കേന്ദ്രകഥാപാത്രത്തെ മനോഹരമാക്കിയത്. മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള സ്ത്രീ കേന്ദ്രീകൃത സിനിമകളില്‍ ഏറ്റവും വലിയ വിജയം നേടിയ ചിത്രമായിരുന്നു എന്റെ സൂര്യപുത്രിയ്ക്ക്. മാതാപിതാക്കള്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയുടെ ജീവിതം പ്രമേയമായ ചിത്രത്തില്‍ ശ്രീദേവിയായിരുന്നു മായയുടെ അമ്മവേഷത്തിലെത്തിയത്. സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകന്.
22 ഫീമെയ്ല്‍ കോട്ടയം
ആഷിക് അബു സംവിധാനം ചെയ്ത് റിമ കല്ലിങ്കല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 22 ഫീമെയ്ല്‍ കോട്ടയം മലയാളത്തിലെ മികച്ച സ്ത്രീകേന്ദ്രീകൃത ചിത്രങ്ങളിലൊന്നാണ്. ടെസ്സ എന്ന നഴ്സായാണ് റിമ വെള്ളിത്തിരയിലെത്തിയത്. പ്രണയത്തിന്റെ മേല്മറയില് ഒരുക്കുന്ന ചതിക്കുഴികളും അതിനോടുള്ള പെണ്ണിന്റെ പ്രതികാരവുമാണ് ചിത്രത്തിന്റെ കാതല്‍. തിയറ്ററില്‍ മികച്ച വിജയം തീര്‍ത്ത ചിത്രത്തില്‍ ഫഹദ് ഫാസിലായിരുന്നു നായകന്.
ഓം ശാന്തി ഓശാന
ജൂഡ് ആന്റണി ജോസഫിന്റെ പ്രഥമ സംവിധാനമായ ഓം ശാന്തി ഓശാന വെള്ളിത്തിരയില്‍ തരംഗമായ ചിത്രമായിരുന്നു. പൂജ എന്ന പെണ്‍കുട്ടിയുടെ പ്രണയവും ജീവിതവുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. നസ്രിയയാണ് കേന്ദ്ര കഥാപാത്രമായ പൂജയെ അവതരിപ്പിച്ചത്. ഗിരി എന്ന നായകനായി നിവിന്‍ പോളിയും ചിത്രത്തിലെത്തി. സാമ്പത്തിക വിജയത്തിനൊപ്പം ചിത്രത്തിലെ അഭിനയത്തിന് നസ്രിയയ്ക്ക് സംസ്ഥാന അവാര്‍ഡും ലഭിച്ചു.
ഹൗ ഓള്‍ഡ് ആര് യു
പതിന്നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍യു. നിരുപമ രാജീവ് എന്ന കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രം ബോക്സോഫീസില്‍ ഹിറ്റായി മാറി. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഹൗ ഓള്‍ഡ് ആര്‍യു പിന്നീട് 36 വയതിനിലേ എന്ന പേരില്‍ തമിഴില്‍ റീമെയ്ഡ് ചെയ്യുകയും ചെയ്തു.