Home » ആരോഗ്യം » കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള ജീവന്‍ രക്ഷാ മരുന്നുകളുമായി കേന്ദ്രസര്‍ക്കാരിന്റെ 600 ജന ഔഷധി മെഡിക്കല്‍ സ്‌റ്റോറുകള്‍

കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള ജീവന്‍ രക്ഷാ മരുന്നുകളുമായി കേന്ദ്രസര്‍ക്കാരിന്റെ 600 ജന ഔഷധി മെഡിക്കല്‍ സ്‌റ്റോറുകള്‍

സാധാരണക്കാർക്ക് ആശ്വസിക്കാം. മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് കിട്ടും. ഗുണനിലവാരമുള്ള ജിവൻരക്ഷാ മരുന്നുകളുമായി കേന്ദ്ര സർക്കാരിന്റെ 600 ജന ഔഷധി മെഡിക്കൽ സ്റ്റോറുകൾ വരുന്നു. 300 എണ്ണം സർക്കാർ, സ്വകാര്യ ആശുപത്രികളിലും 300 എണ്ണം പൊതുസ്ഥലങ്ങളിലും പ്രവർത്തിക്കും.

പ്രധാനമന്ത്രിയുടെ ജന ഔഷധി മരുന്ന് എന്നാണ് പദ്ധതിയുടെ പേര്. തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെ ജന ഔഷധി വില്പന തുടങ്ങിക്കഴിഞ്ഞു. മരുന്നിന് പലമടങ്ങ് വിലകൂട്ടി കൊള്ളലാഭം കൊയ്യുന്ന ഇടനിലക്കാരെ പൂർണമായും ഒഴിവാക്കിയാണ് വില്പന. സംസ്ഥാന സർക്കാരിന് കീഴിലുള്ള ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി ഒഫ് കേരളയ്ക്കാണ് വിതരണച്ചുമതല. ഫാർമസ്യൂട്ടിക്കൽ സൊസൈറ്റിയുമായി കേന്ദ്ര പെട്രോളിയം ആൻഡ് കെമിക്കൽ മന്ത്രാലയം ഉടൻ എം.ഒ.യു ഒപ്പുവയ്ക്കും.

സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ 1200 രൂപയ്ക്ക് വിൽക്കുന്ന മരുന്ന് ജന ഔഷധിയിൽ 400 രൂപയ്ക്ക് കിട്ടുമെന്ന് കേന്ദ്രം ഉറപ്പു പറയുന്നു. പൊതുമേഖലയിലുള്ള കമ്പനികൾ ഉത്പാദിപ്പിക്കുന്ന മരുന്നുകളാണ് ജന ഔഷധിയിൽ വിൽക്കുന്നത്.

അർബുദം, അവയവം മാറ്റിവയ്ക്കൽ എന്നിവയ്ക്കുള്ള വില കൂടിയ മരുന്നുകൾ ജന ഔഷധിയിൽ ലഭിക്കില്ല. അതുകൂടി ലഭ്യമാക്കണമെന്ന നിർദ്ദേശം സംസ്ഥാനം മുന്നോട്ടുവയ്ക്കും.

ജന ഔഷധിയിൽ വിൽക്കുന്നത് പൊതുമേഖലാ കമ്പനികളായ ഇന്ത്യൻ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്, കർണാടക ആന്റി ബയോട്ടിക്, ബംഗാൾ കെമിക്കൽസ് തുടങ്ങിയവ നിർമ്മിക്കുന്ന മരുന്നുകളാണ്. ഇവിടെ ഉത്പാദിപ്പിക്കുന്ന മരുന്നുകൾക്കെല്ലാം ഇന്ത്യയിൽ എവിടെയും ഒരു വിലയായിരിക്കും.

ബില്ലോടുകൂടി മാത്രമേ മരുന്ന് വിൽക്കുകയുള്ളൂ. ഡ്രഗ്സ് കൺട്രോളർ, ഡയറക്ടർ ജനറൽ ഒഫ് ഹെൽത്ത് സർവീസസ് എന്നിവരടങ്ങിയ ഉന്നതതല കമ്മിറ്റി മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തും. ജന ഔഷധിയുടെ മേൽനോട്ടം കേന്ദ്ര സർക്കാരിനായിരിക്കും.

Leave a Reply