Home » നമ്മുടെ കോഴിക്കോട് » പത്താം തരം പരീക്ഷയില്‍ കോഴിക്കോട് ജില്ലയെ ഒന്നാമതെത്തിക്കാനായി വിജയോത്സവം കര്‍മ പദ്ധതിക്കു തുടക്കമായി ..

പത്താം തരം പരീക്ഷയില്‍ കോഴിക്കോട് ജില്ലയെ ഒന്നാമതെത്തിക്കാനായി വിജയോത്സവം കര്‍മ പദ്ധതിക്കു തുടക്കമായി ..

എസ്എസ്എല്‍സിക്ക് മികച്ച വിജയം സ്വന്തമാക്കാന്‍ കര്‍മപദ്ധതിയൊരുങ്ങുന്നു. ജില്ലാ പഞ്ചായത്തിന്റെ ‘വിജയോത്സവം’ പദ്ധതിയുടെ ഭാഗമായി മികച്ച വിജയം ഉറപ്പാക്കാനുളള പരിപാടികള്‍ക്ക് സ്‌കൂള്‍തല കണ്‍വീനര്‍മാരുടെ ജില്ലാതല ശില്‍പ്പശാല രൂപംനല്‍കി.

പത്താംതരം പരീക്ഷയില്‍ ജില്ലയെ ഒന്നാമതെത്തിക്കാനും 15 ശതമാനം പേര്‍ക്ക് മുഴുവന്‍ എ പ്‌ളസ് ഉറപ്പാക്കുന്നതിനുമാണ് കര്‍മപരിപാടി. പാദവാര്‍ഷിക പരീക്ഷയ്ക്ക് ലഭിച്ച സ്‌കോറിന്റെ അടിസ്ഥാനത്തിലുള്ള പരിഹാര പ്രവര്‍ത്തനങ്ങള്‍ക്കാണ് രണ്ടാം ടേമില്‍ ഊന്നല്‍ നല്‍കുക. വിഷയാടിസ്ഥാനത്തില്‍ സ്‌കൂള്‍ മേഖലാതലങ്ങളില്‍ സബ്ജക്ട് ക്‌ളിനിക്കുകള്‍ സംഘടിപ്പിക്കും. 30 നകം പിടിഎ ചേര്‍ന്ന്് പഠനപുരോഗതി വിലയിരുത്തും. കൌണ്‍സലിങ് മോട്ടിവേഷന്‍ ക്‌ളാസുകള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേകം സംഘടിപ്പിക്കും. ഗൃഹസന്ദര്‍ശനം, പഠനോത്സവം ക്യാമ്പുകള്‍ തുടങ്ങിയവയും സ്‌കൂളുകളില്‍ നടത്തും. ഏകോപനത്തിനായി മേഖലാതലത്തില്‍ പ്രവര്‍ത്തന സംഘങ്ങള്‍, ജില്ലാ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ അവലോകന സമിതികള്‍ എന്നിവ രൂപീകരിക്കും. സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പഠനപിന്തുണ നല്‍കാനുള്ള കര്‍മപരിപാടികള്‍ക്കും രൂപം നല്‍കി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പ്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് അധ്യക്ഷനായി. ഡിഡിഇ ഡോ. ഗിരീഷ് ചോലയില്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ പ്രഭാകരന്‍, ഡിഇഒ എം പ്രസന്നകുമാരി, ടി കെ രാജേന്ദ്രന്‍, വി വി പ്രേമരാജന്‍, കെ രാധാകൃഷ്ണന്‍, കെ വിനോദ്കുമാര്‍, എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ എം ജയകൃഷ്ണന്‍, ടി അബ്ദുള്‍ റസാക്ക് എന്നിവര്‍ സംസാരിച്ചു. ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ കെ ശിവദാസന്‍ സ്വാഗതവും സി കെ വാസു നന്ദിയും പറഞ്ഞു.

Leave a Reply