Home » നമ്മുടെ കോഴിക്കോട് » തലസ്ഥാനത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ നിർമിക്കുന്നതിനു ഫ്രാൻസിൽ നിന്നു വായ്പയെടുക്കാൻ സർക്കാർ തീരുമാനം

തലസ്ഥാനത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ നിർമിക്കുന്നതിനു ഫ്രാൻസിൽ നിന്നു വായ്പയെടുക്കാൻ സർക്കാർ തീരുമാനം

തലസ്ഥാനത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ നിർമിക്കുന്നതിനു കൊച്ചി മെട്രോയുടെ മാതൃകയിൽ ഫ്രാൻസിൽ നിന്നു വായ്പയെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഫ്രഞ്ച് വികസന ഏജൻസിയായ ഏജൻസി ഫ്രാഞ്ചേസ് ഡി ഡവലപ്മെന്റിൽ (എഎഫ്ഡി) നിന്നായിരിക്കും വായ്പ. ലൈറ്റ് മെട്രോയുടെ ഭാഗമായി തലസ്ഥാനത്തു നിർമിക്കുന്ന മൂന്ന് മേൽപാലങ്ങൾക്കു വേണ്ട 272.84 കോടി രൂപ സംസ്ഥാന സർക്കാരിന്റെ വികസന ഫണ്ടിൽ (കിഫ്ബി) നിന്നു കണ്ടെത്താനും മേൽപാലങ്ങൾക്കു വേണ്ട സ്ഥലമെടുപ്പിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനും തീരുമാനിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. മേൽപാലങ്ങളുടെ നിർമാണവും ഡിഎംആർസിയെ ഏൽപിക്കും.

ജപ്പാനിൽ നിന്നു വായ്പയെടുത്താൽ പദ്ധതി ഒരുപാട് കുരുക്കുകളിൽ പെടുമെന്ന ധന വകുപ്പിന്റെ കൂടി അഭിപ്രായം പരിഗണിച്ചാണു മന്ത്രിസഭാ തീരുമാനം. ‘ജിക്ക’ വായ്പയ്ക്കു പലിശ കുറവാണെങ്കിലും കരാർ വ്യവസ്ഥകൾ പ്രകാരം ജപ്പാനിലെ ഏജൻസികളെ തന്നെ നിർമാണ പ്രവർത്തനങ്ങൾ ഏൽപിക്കേണ്ടി വരും. സംഭരണവും അവിടെ നിന്നു തന്നെ നടത്തേണ്ടി വരും. എഎഫ്ഡി വായ്പയ്ക്ക് ഇത്തരം കുരുക്കുകളില്ലെന്നും കൊച്ചി മെട്രോ വിജയകരമായി പൂർത്തിയാക്കുന്നത് ഇതുകൊണ്ടാണെന്നും ധന വകുപ്പ് നിലപാടെടുത്തു. ഇതേ തുടർന്നാണ് എഎഫ്ഡി വായ്പയ്ക്കു മന്ത്രിസഭ പച്ചക്കൊടി കാട്ടിയത്.

തലസ്ഥാനത്തെയും കോഴിക്കോട്ടെയും പദ്ധതികൾക്കായി 5510 കോടി രൂപയാണു ഡിഎംആർസി കണക്കാക്കിയിരിക്കുന്നത്. പദ്ധതി പൂർത്തിയാവുമ്പോൾ 6728 കോടിയായി ഉയർന്നേക്കും. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും 20 ശതമാനം വീതം ചെലവഴിക്കും. ശേഷിക്കുന്ന 60 ശതമാനത്തിനായാണ് എഎഫ്ഡി പോലുള്ള ഏജൻസികളുടെ വായ്പ തേടുന്നത്

Leave a Reply