Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » നഗരസഭയുടെ ഊർജ്ജിത കൊതുകു നിയന്ത്രണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

നഗരസഭയുടെ ഊർജ്ജിത കൊതുകു നിയന്ത്രണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഡെങ്കി-സിക്ക വൈറസ് ബാധക്കെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരസഭയുടെ ഊർജ്ജിത കൊതുകു നിയന്ത്രണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.നഗരസഭാ ആരോഗ്യ വകുപ്പും കോഴിക്കോട് വെക്ടറൽ കൺട്രോൾ യൂണിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സിംഗപ്പൂരിൽ സിക്ക വൈറസിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അവിടങ്ങളിൽ വിനോദ സഞ്ചാരത്തിനും മറ്റും പോയ ആളുകൾ വഴി വൈറസ് ഇവിടേക്കും വ്യാപിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി നഗരസഭയുടെ അറുപതോളം നല്ല ശീലം വളണ്ടിയർമാർ നഗരത്തിലെ വിവിധ സ്ഥാപനങ്ങളും വീടുകളും സന്ദർശിച്ച് ബോധവത്ക്കരണം നടത്തും. ഉറവിടം നശിപ്പിക്കുകയും ചെയ്യും.
കൊതുകു നിയന്ത്രണവുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങൾ, സ്ക്കൂളുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവിടങ്ങളിലായി മൂന്ന് മാസത്തിനുള്ളിൽ 560 ഓളം ക്ലാസുകൾ നൽകിയതായി ജില്ലാ വെക്ടർ കൺട്രോൾ കോർഡിനേറ്റർ സി.എം.വിനോദ് പറഞ്ഞു. ഡെങ്കി പടർത്തുന്ന ഈഡിസ് വിഭാഗത്തിലെ കൊതുകുകളാണ് സിക്ക വൈറസും പരത്തുന്നത് എന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നു. ശുദ്ധ ജലത്തിൽ മുട്ടയിട്ട് പെറ്റു പെരുകുന്ന ഇവ പകൽ മാത്രമാണ് കടിക്കുക.സിക്ക വൈറസ് പടർത്തുന്ന കൊതുക് കടിച്ചാൽ നാഡീവ്യൂഹത്തെ ബാധിക്കുകയും തലച്ചോർ ചുരുങ്ങിപ്പോവുകയും ചെയ്യും. കൊതുകു നിയന്ത്രണത്തിനായി ഗപ്പി എക്സ്പ്രസ്സ് ‘ എന്ന പേരിൽ കിണറുകളിലും കുളങ്ങളിലും ഗപ്പി മീനുകളെ നിക്ഷേപിക്കുന്ന പദ്ധതി ആരോഗ്യ വകുപ്പ് നടത്തി വരുന്നുണ്ട്. ഇതിനായി രണ്ടാഴ്ച മുമ്പ് ഇംഹാൻസിൽ ഒരു ഗപ്പി ഹാച്ചറിക്ക് തുടക്കം കുറിച്ചിരുന്നു.

ഊർജ്ജിത കൊതുകു നിയന്ത്രണ പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വി.ബാബുരാജ് നിർവഹിച്ചു. സെൻട്രൽ ലൈബ്രറി പരിസരത്ത് നടന്ന പരിപാടിയിൽ അഡീഷണൽ ഡി.എം.ഒ ഡോ.എസ്.എൻ.രവികുമാർ അദ്ധ്യക്ഷനായിരുന്നു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ മജീദ്, ജില്ലാ ടെക്നോളജി അസിസ്റ്റന്റ് കെ.ടി.മോഹനൻ, ജില്ലാ മലേറിയ ഓഫീസർ കെ.പ്രകാശ് കുമാർ, ജില്ലാ വെക്ടറൽ യൂണിറ്റ് ഹെൽത്ത് ഇൻസ്പെക്ടർ സി.എം.വിനോദ് എന്നിവർ സംസാരിച്ചു.

Leave a Reply