ഷാജഹാന് കാളിയത്ത്
“നവമാധ്യമങ്ങളുടെ വലിയ ഫാനാണ് ഞാൻ. ഏതൊക്കെ വാര്‍ത്തകളെ എടുക്കണമെന്നും തിരസ്കരിക്കണമെന്നും ടെലിവിഷനേക്കാള്‍ നവമാധ്യമം സാധ്യമാക്കിത്തരുന്നു”
ഇ സിനീഷ്
“രസകരമായ ഒരു വെര്‍ച്വല്‍ സ്പേയ്സിന് നവമാധ്യമം സാധ്യത തുറന്നിടുന്നു. എന്നാല്‍ ആധികാരികത അപ്പോഴും അത്യാവശ്യമാണ്”
മനില സി മോഹന്‍
കാലിക്കറ്റ് ജേർണൽ, കേരള എഡിറ്റര്‍ വെബ്പോര്‍ട്ടലുകളുടെ പ്രകാശനത്തിന്റെ ഭാഗമായി നടത്തിയ ‘ടെലിവിഷനും നവമാധ്യമങ്ങളും’ സംവാദം.
റിപ്പോർട്ട്: പ്രമിഷ എന്‍ പി
പത്രത്തിനും ടെലിവിഷനും അപ്പുറത്തേക്ക് വലിയ ചർച്ചകൾ നടക്കുന്നതും സ്വതന്ത്രമായി ആശയവിനിമയം നടത്താനാകുന്നതും നവമാധ്യമങ്ങളിലാണെന്ന് മാതൃഭൂമി ന്യൂസ് ചാനലിലെ വാർത്താ എഡിറ്റർ ടി എം ഹർഷൻ. കാലിക്കറ്റ് ജേർണൽ പ്രകാശനത്തിന്റെ ഭാഗമായി നടത്തിയ ടെലിവിഷനും നവമാധ്യമങ്ങളും എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു ടിഎം ഹർഷൻ.
മന്ത്രി എം കെ മുനീറാണ് പോർട്ടലിന്റെ പ്രകാശനം നിർവഹിച്ചത്. ചെയർമാൻ കെ പി സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ചു. എഡിറ്റര്‍ (കാലിക്കറ്റ് ജേര്‍ണല്‍ & കേരള എഡിറ്റര്‍) ഇ രാജേഷ്, കണ്‍സേര്‍ജ് മീഡിയ സി ഇ ഒ സി. ടി. അനൂപ്, ഡയറക്ടര്‍മാരായ എസ് വി മെഹ്ജൂബ്, നിതിന്‍ ജേക്കബ് ആന്റണി, കെ കെ ശ്രീജിത്ത്, എന്‍ എം രാകേഷ്, കെ കെ സുമോദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പരമ്പരാഗത മാധ്യമങ്ങള്‍ക്കു ശേഷം നവമാധ്യമങ്ങളില്‍ എത്തി നില്ക്കുന്ന ഇന്നത്തെ സമൂഹത്തില്‍ മാധ്യമരംഗം നേരിടുന്ന വെല്ലുവിളികളും മാറ്റങ്ങളുമായിരുന്നു പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ ചര്‍ച്ചക്കാധാരമായ വിഷയം.
ഏഷ്യാനെറ്റ് കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഷാജഹാന് കാളിയത്താണ് ചര്‍ച്ചയില്‍ ആദ്യം സംസാരിച്ചത്. ടെലിവിഷന്‍ സാധ്യമല്ലാത്ത കാര്യങ്ങള്‍ നവമാധ്യമങ്ങള്‍ സാധ്യമാക്കുന്നു, എന്നാല്‍ പലപ്പോഴും നിലപാടുകളുടെ നിലമായി നവമാധ്യമങ്ങള്‍ക്ക് മാറാന്‍ സാധിക്കുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ് – ഷാജഹാന് പറഞ്ഞു.
ടെലിവിഷനും നവമാധ്യമങ്ങളായാലും ഏത് സംവിധാനത്തില്‍ നില്ക്കുന്നു എന്നത് പ്രധാനമാണ്. പലപ്പോഴും ചാനല്‍ ചര്‍ച്ചകള്‍ക്ക് എടുക്കുന്ന വിഷയത്തിലുണ്ടാവുന്ന അവ്യക്തതകള്‍ ദൃശ്യമാധ്യമങ്ങളില്‍ തന്നെ നിലനില്‍ക്കുമ്പോഴും ചാനലുകളിലെ റേറ്റിംഗ് വിഷയങ്ങളെ സ്വാധീനിക്കുന്നത് ഈ രംഗത്തെ വലിയ വെല്ലുവിളിയാണ്.
എന്നാല്‍ ഗുണമുള്ള ചര്‍ച്ചകള്‍ക്ക് വേദിയാകാനും പരിധിക്കപ്പുറത്തേക്ക് ആശയങ്ങളെ എത്തിക്കാനും നവമാധ്യമത്തിന് സാധിക്കുന്നു. ടെലിവിഷനും നവമാധ്യമവും പരസ്പരപൂരകമായി പ്രവര്‍ത്തിക്കേണ്ടതാണെന്നും പത്രത്തിനും ടെലിവിഷനും അപ്പുറത്തേക്ക് തുടര്‍ചര്‍ച്ചകള്‍ സമാന്തരമായി നവമാധ്യമങ്ങളില്‍ നടക്കുന്നു – മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ടി എം ഹര്ഷന് അഭിപ്രായപ്പെട്ടു.
എന്നാല്‍ അതത് കാലത്തിനും സമൂഹത്തിനും ജനങ്ങളുടെ ആവശ്യവുമനുസരിച്ചാണ് മാധ്യമരംഗവും കടന്നുപോകുന്നത് എന്നാണ് മീഡിയ വണ്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഇ സിനീഷ് പറഞ്ഞത്. താന്‍ നവമാധ്യമങ്ങളുടെ വലിയ ഫാനാണെന്നും, ഏതൊക്കെ വാര്‍ത്തകളെ എടുക്കണമെന്നും തിരസ്കരിക്കണമെന്നും തീരുമാനിക്കൽ ടെലിവിഷനേക്കാള്‍ നവമാധ്യമം സാധ്യമാക്കിത്തരുന്നു എന്നും ഇ സിനീഷ് കൂട്ടിച്ചേര്‍ത്തു.
‘തനിക്ക് പറയാനുള്ള കാര്യങ്ങള്‍ക്ക് തന്റെ സ്പേയ്സ് ഉപയോഗപ്പെടുത്തിതന്നെയാണ് താന്‍ മാധ്യപ്രവര്‍ത്തനം നടത്തുന്നത്’ –
മാതൃഭൂമി ആഴ്ചപ്പതിപ്പ് കോപ്പി എഡിറ്റര്‍ മനില സി മോഹന്‍ പറഞ്ഞു.
വാര്‍ത്തകളെ ചിതറിപ്പിച്ചു കളയുന്ന ടെലിവിഷനില്‍ നിന്ന് മാറി, രസകരമായ ഒരു വെര്‍ച്വല്‍ സ്പേയ്സിന് നവമാധ്യമം സാധ്യത തുറന്നിടുന്നു. എന്നാല്‍ ആധികാരികത അപ്പോഴും അത്യാവശ്യമാണെന്നും മനില അഭിപ്രായപ്പെട്ടു.
മാധ്യമപ്രവര്‍ത്തകര്‍ അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞതിനുശേഷം തുറന്ന ചര്‍ച്ചകള്‍ക്ക് വേദിയാവുകയായിരുന്നു സംവാദം. മാധ്യമം എന്നത് മാത്രമേയുള്ളൂ, മറ്റു വേര്‍തിരിവുകളില്ല എന്നും നവമാധ്യമം എന്നൊന്നില്ല എന്ന് മുന്മാധ്യമ പ്രവര്ത്തകന് നന്ദകുമാർ അഭിപ്രായപ്പെട്ടു. സാംസ്കാരിക പ്രവർത്തകരായ ആർ പ്രേ൦കുമാർ, ഒ പി രവീന്ദ്രൻ, ആർടിസ്റ്റ് സുധീഷ് കോട്ടേമ്പ്രം, ഫൊട്ടോഗ്രാഫർ ബിജു ഇബ്രാഹിം, അബ്ദുറഹ്മാൻ, നാരായണൻ കുട്ടി എന്നിവർ ചര്‍ച്ചയിൽ ഇടപെട്ട് സംസാരിച്ചു.
ഇ രാജേഷ് സ്വാഗതം പറഞ്ഞ് ചർച്ചക്ക് തുടക്കമിട്ട സംവാദത്തിൽ മോഡറേറ്റര്‍ എസ് വി മെഹ്ജൂബ് ചര്‍ച്ച നയിച്ചു.