Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്പെഷ്യൽ » കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷ 23 മുതല്‍ സ്‌പെഷല്‍ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഏറ്റെടുക്കും

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷ 23 മുതല്‍ സ്‌പെഷല്‍ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഏറ്റെടുക്കും

കോഴിക്കോട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷ 23 മുതല്‍ സ്‌പെഷല്‍ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) ഏറ്റെടുക്കും. കോഴിക്കോട്ട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി 24ന് വൈകുന്നേരം 4.25നാണ് കരിപ്പൂരിലെത്തുക. 25ന് രാത്രി ഒമ്പതിന് കരിപ്പൂര്‍ വഴി തിരിച്ചു അദ്ദേഹം മടങ്ങും.

പ്രധാനമന്ത്രി എത്തുന്നതിനു ഒരു ദിവസം മുമ്പു തന്നെ സുരക്ഷാ ചുമതല എസ്പിജി ഏറ്റെടുക്കും. സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ എസ്പിജി ഐജി എം.പി.ഗുപ്തയുടെ തേതൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്നു. വിമാനത്താവളകേന്ദ്ര സുരക്ഷാസേന, വിവിധ വകുപ്പ് ഏജന്‍സികള്‍, കേരളാ പോലീസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ന്യൂഡെല്‍ഹിയില്‍ നിന്നു പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും കോഴിക്കോട്ടേക്കു പോവുക. ഇതിന്റെ ട്രയല്‍ റണിംഗ് 23ന് നടത്തും. റോഡ് മാര്‍ഗ മുളള പാതകളും പരിശോധിക്കും. റോഡില്‍ ബാരിക്കേഡും സ്ഥാപിക്കും. കേന്ദ്ര സുരക്ഷാ സേനയുടെയും പോലീസിന്റെയും പ്രത്യേക വിഭാഗം തന്നെ കരിപ്പൂരിലെത്തുന്നുണ്ട്. ടെര്‍മിനലിന്റെ മുന്‍ഭാഗത്ത് വാഹന പാര്‍ക്കിംഗ് അടക്കം നിരോധിക്കും. യാത്രക്കാരെയും പ്രത്യേക നിരീക്ഷിക്കും. പതിവ് പരിശോധനക്ക് പുറമെ ഡോഗ് സക്വാഡ്, ബോംബ് സ്‌ക്വാഡ് പരിശോധനകളും വര്‍ധിപ്പിക്കും.

23, 24, 25 തിയതികളിലായി കോഴിക്കോട് നടക്കുന്ന ബിജെപിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിലേക്കാണ് പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയെത്തുന്നത്. വിഐപികളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു വിമാനത്താവളത്തില്‍ അതീവ സുരക്ഷയൊരുക്കാനാണ് തീരുമാനം. ബിജെപി നേതാക്കള്‍ക്ക് പുറമെ ന്യൂഡെല്‍ഹി, മുംബൈ എന്നിവടങ്ങളില്‍ നിന്ന് ദേശീയ മാധ്യമങ്ങളും കോഴിക്കോട്ടെത്തുന്നുണ്ട്.

Leave a Reply