Home » ന്യൂസ് & വ്യൂസ് » കോഴിക്കോട്ട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സിലിന്റെ രണ്ടാം ദിവസമായ 24ന് വൈകുന്നേരം സ്വപ്നനഗരിയിൽ മഞ്ജു ചുവടു വയ്ക്കും

കോഴിക്കോട്ട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സിലിന്റെ രണ്ടാം ദിവസമായ 24ന് വൈകുന്നേരം സ്വപ്നനഗരിയിൽ മഞ്ജു ചുവടു വയ്ക്കും

നടി മഞ്ജു വാര്യരെ ബിജെപിയിലേക്ക് കൊണ്ടുവരാനുള്ള നീക്കം വീണ്ടും സജീവം. ഇതിന്റെ ഭാഗമായി കോഴിക്കോട്ട് നടക്കുന്ന ദേശീയ കൗണ്‍സിലില്‍ മഞ്ജു വാര്യര്‍ നൃത്തം അവതരിപ്പിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പങ്കെടുക്കുന്ന വേദിയിലാണ് മഞ്ജു നൃത്തം അവതരിപ്പിക്കുന്നത്. രാമായണത്തെ ആസ്പദമാക്കി 40 മിനുട്ട് ദൈര്‍ഘ്യമുള്ള ശാസ്ത്രീയ നൃത്തമാണ് മഞ്ജു അവതരിപ്പിക്കുക എന്നറിയുന്നു. കൗണ്‍സിലിന്റെ രണ്ടാം ദിവസമായ 24ന് വൈകുന്നേരമാണ് നൃത്തം. മഞ്ജു ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് മഞ്ജു തന്നെ നിഷേധിച്ചിരുന്നു.

താന്‍ ഒരു പാര്‍ട്ടിയിലേക്കുമില്ലെന്ന് ഫേസ്ബുക്കിലൂടെയാണ് മഞ്ജു വ്യക്തമാക്കിയത്. സുരേഷ് ഗോപിക്ക് പിന്നാലെ മഞ്ജുവിനെയും രാജ്യസഭയിലേക്ക് ബിജെപി നോമിനേറ്റ് ചെയ്യുമെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

ഇതേക്കുറിച്ച് മഞ്ജു വാര്യര്‍ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ല. എന്നാല്‍ ബിജെപിയുടെ ഏറ്റവും വലിയ സമ്മേളന വേദയില്‍ മഞ്ജു നൃത്തം അവതരിപ്പിക്കുന്നത് രാഷ്ട്രീയ കേരളം അതീവ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ഇത് മഞ്ജുവിനെ പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള ബിജെപിയുടെ പുതിയ തന്ത്രമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

കേരളത്തില്‍ ബിജെപിക്ക് വേരുറപ്പിക്കാനായി ജനപ്രീതിയുള്ള കലാകാരന്മാരെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം. മഞ്ജു വാര്യരുടെ ജനപ്രീതി മനസിലാക്കിയ നേതൃത്വം അത് മുതലെടുക്കാന്‍ അവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്.

എന്നാല്‍ ദേശീയ കൗണ്‍സിലിന്റെ ഭാഗമായി സിനിമാ രംഗത്തെ കലാകാരന്മാരെ ഉള്‍ക്കൊള്ളിക്കാനുള്ള തീരുമാനം കൗണ്‍സിലിന്റെ മാറ്റ് കൂട്ടാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Leave a Reply