നഗരത്തിലെ പ്രധാന റസ്റ്റോറന്റുകളും ഹോട്ടലുകളും ഇനി മൂന്നുദിവസം വിഐപികള്‍ മാത്രമായിരിക്കും ബിജെപി ദേശീയ കൗണ്‍സിലിനോടനുബന്ധിച്ച് നഗരത്തിലെ പ്രധാന ഹോട്ടലുകളെല്ലാം ബിജെപി നേതാക്കള്‍ ബുക്ക് ചെയ്തുകഴിഞ്ഞു.
കൗണ്‍സിലില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് താമസിക്കാനായി കോഴിക്കോട് നഗരത്തിലെയും മലപ്പുറം, വയനാട് ജില്ലകളിലെ ചില ടൗണുകളിലെയും ഹോട്ടലുകളാണ് ബുക്ക് ചെയ്തത്. കടവ് റിസോര്‍ട്ട്, മഹാറാണി ഹോട്ടല്‍, വെസ്റ്റ് വേ എന്നിവിടങ്ങളിലെ മുറികളില്‍ ഇന്നത്തോടെ വിഐപികള്‍ നിറയും. ഇവിടെ 60 ശതമാനം മുറികളും പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു.
ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് അളകാപുരി, കിംഗ്ഫോര്‍ട്ട് എന്നിവിടങ്ങളിലാണ് താമസ സൗകര്യമൊരുക്കിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലായിരിക്കും തങ്ങുക എന്നാണ് ഇതുവരെയുള്ള വിവരം. ആവശ്യമായ സൗകര്യം ഇവിടെ ഒരുക്കാന്‍ ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. 24 ന് രാവിലെയാണ് മോഡി എത്തുക. കൗണ്‍സില്‍ യോഗത്തിനു പുറമെ അന്ന് വൈകുന്നേരം കടപ്പുറത്തെ പൊതുയോഗത്തിലും തുടര്‍ന്ന് തളി സാമൂതിരി സ്കൂളില്‍ നടക്കുന്ന സ്മൃതിസന്ധ്യ പരിപാടിയിലും മോഡി പങ്കെടുക്കും.
അതിനാല്‍ ഗസ്റ്റ് ഹൗസില്‍ നിന്നും ഈ സ്ഥലങ്ങളിലേക്കെല്ലാം മോഡി യാത്രചെയ്യുമ്പോള്‍ നഗരത്തില്‍ വാഹനഗതാഗതം സ്തംഭിക്കാനിടയുണ്ട്. മാത്രമല്ല അതീവസുരക്ഷ ആവശ്യമുള്ള മറ്റു നേതാക്കളും കേന്ദ്രമന്ത്രിമാരുമെല്ലാം ഹോട്ടലുകളില്‍ നിന്നും സമ്മേളന സ്ഥലത്തേക്കും തിരിച്ചുമൊക്കെ പോകുന്ന സന്ദര്‍ഭങ്ങളിലും വാഹനഗതാഗതത്തിനു നിയന്ത്രണം വേണ്ടിവരും. ഇവര്‍ താമസിക്കുന്ന ഹോട്ടലുകള്‍ക്കും വലിയ സുരക്ഷ വേണ്ടിവരും. കോഴിക്കോട് നഗരവും പരിസരവുമൊക്കെ ഇതിനകം തന്നെ ബിജെപി നേതാക്കള്‍ കയ്യടക്കികഴിഞ്ഞു. രാത്രി വൈകിയും പോസ്റ്ററുകളുംബാനറുകളും ഒട്ടിക്കുന്ന തിരക്കിലാണ് പ്രവര്‍ത്തകര്‍. നേതാക്കന്മാരുടെയും കേന്ദ്രമന്തിമാരുടെയും പടം വച്ച ഫ്ളക്സുകളും കൊടികളും നഗരത്തെ കാവി അണിയിച്ചുകഴിഞ്ഞു.