Home » നമ്മുടെ കോഴിക്കോട് » മോദിയുടെ സന്ദർശനം; ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞു കളക്ടർ

മോദിയുടെ സന്ദർശനം; ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞു കളക്ടർ

മോദിയുടെ സന്ദർശനത്തിൽ രാവും പകലും കഷ്ടപ്പെട്ട ഉദ്യോഗസ്ഥർക്കായി നന്ദി പറഞ്ഞു കൊണ്ടുള്ള കളക്ടർ പ്രശാന്തിന്റെ ഫേസ്ബുക് പോസ്റ്റ്

ഊണും ഉറക്കവും ഉപേക്ഷിച്ച് രാവും പകലും നീണ്ട അത്യധ്വാനത്തിലൂടെ പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടി വിജയകരമായി പൂര്‍ത്തീകരിക്കാന്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ജില്ലാതല വകുപ്പ് മേധാവികൾക്കും ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ!
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര കാബിനറ്റും പ്രവര്‍ത്തിച്ചത് കോഴിക്കോടാണ്‌. നഗരം ഇതാദ്യമായാണ് ഇത്രയും വലിയൊരു ഔദ്യോഗിക ഓഫീസ് സംവിധാനത്തിന് വേദിയൊരുക്കുന്നത്. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, പത്തോളം മുഖ്യമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എം.പിമാര്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍, തുടങ്ങിയവര്‍ സന്നിഹിതരായ വേദി പരാതികള്‍ക്ക് ഇടവരാത്ത വിധം സജ്ജീകരിക്കാനും പ്രവര്‍ത്തനക്ഷമമാക്കാനും കഴിഞ്ഞു. റവന്യു, ഫയര്‍, പോലീസ്, ഹെല്‍ത്ത്, ടൂറിസം, പൊതുമരാമത്ത്, വൈദ്യുതി, നഗരസഭ, ബി.എസ്.എന്‍.എല്‍, എന്‍.ഐ.സി, ഐ ആന്‍ഡ് പി.ആര്‍ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇത്തരമൊരു വിജയത്തിന് കാരണം.

പ്രധാനമന്ത്രിക്ക് താമസ സൗകര്യം ഒരുക്കിയത് വെസ്റ്റ്ഹില്‍ ഗസ്റ്റ് ഹൗസിലാണ്. ടൂറിസം വകുപ്പിന്റെയും പി.ഡബ്ല്യു.ഡി, വൈദ്യുതി, ബി.എസ്.എന്‍.എല്‍ വകുപ്പുകളുടെ കൂട്ടായ ശ്രമത്തിലാണ് താമസ-ഭക്ഷണ സൗകര്യങ്ങള്‍ സജ്ജമാക്കിയത്. 24ന് വൈകീട്ട് 4.55ന് കോഴിക്കോട് വിക്രം മൈതാനിയില്‍ മൂന്ന് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയത് മുതല്‍ ഇന്ന് വൈകീട്ട് 5.20ന് പ്രധാനമന്ത്രിയും ഉദ്യോഗസ്ഥ സംഘവും യാത്ര തിരിക്കും വരെ നഗരത്തില്‍ മുഴുവന്‍ സുരക്ഷിതത്വവും ഗതഗതനിയന്ത്രണവും ഏര്‍പ്പെടുത്താന്‍ പോലീസ് പിഴവുകളില്ലാത്ത തയ്യാറെടുപ്പുകളാണ് നടത്തിയത്. കോഴിക്കോട്‌ പോലൊരു കൊച്ച്‌ നഗരത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട്‌ സാധാരണ ജനങ്ങൾക്ക്‌ ബുദ്ധിമുട്ട്‌ കുറച്ച്‌ വാഹനനിയന്ത്രണം നടപ്പിലാക്കിയ പോലീസിന്‌ പ്രത്യേക അഭിനന്ദനങ്ങൾ. വേദികളുടെ സുരക്ഷിതത്വം പൂര്‍ണമായി ഫയര്‍ഫോഴ്‌സും പൊതുമരാമത്ത് ബില്‍ഡിംഗ്‌സ്, വൈദ്യുതി വിഭാഗങ്ങളും ഏറ്റെടുത്തു. എല്ലാ വേദികളും സൂക്ഷമമായി പരിശോധിച്ചാണ് വിവിധ വകുപ്പുകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. നഗരം മുഴുവന്‍ മാലിന്യമുക്തമാക്കാന്‍ നഗരസഭ ജീവനക്കാരും അക്ഷീണം പ്രവര്‍ത്തിക്കുകയുണ്ടായി. ഓണഘോഷത്തിന്റെ ആലസ്യത്തിൽ നിന്നുണർന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ കുറ്റമറ്റ രീതിയിൽ സജ്ജീകരണങ്ങൾ ഒരുക്കിയത്‌ ജീവനക്കാരുടെ മിടുക്ക്‌ തന്നെയാണ്‌. കാർക്കശ്യത്തിന്റെ സ്വരം ചിലപ്പൊഴെങ്കിലും കാര്യങ്ങൾ നടത്താൻ എടുക്കേണ്ടി വന്നിട്ടുണ്ട്‌. ക്ഷമിക്കുമല്ലൊ. ഒപ്പം‌ പ്രവർത്തിച്ച എല്ലാവർക്കും നന്ദി.

Leave a Reply