Home » എഡിറ്റേഴ്സ് ചോയ്സ് » വീടുനിര്‍മാണം ഇനി റവന്യൂവകുപ്പിനെയും അറിയിക്കണം

വീടുനിര്‍മാണം ഇനി റവന്യൂവകുപ്പിനെയും അറിയിക്കണം

വീടുനിർമാണത്തിനുള്ള അപേക്ഷകളിൽ തീരുമാനമെടുക്കുമ്പോൾ ഇനി റവന്യൂവകുപ്പിനെയും അറിയിക്കണം. നികുതിപിരിവ് ഊർജിതമാക്കുന്നതിനാണിത്. പഞ്ചായത്തുകളും നഗരസഭകളും ഇക്കാര്യം കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഉത്തരവിറക്കി.നികുതിസംബന്ധിച്ച് വ്യാപകമായി പരാതികളും അഴിമതിയും ബോധ്യപ്പെട്ടതിനെത്തുടർന്നാണ് നടപടി. വലിയ വീടു നിർമിക്കുന്നവർക്ക് കൂടുതൽ നികുതിയേർപ്പെടുത്തലാണ് ലക്ഷ്യം. നിലവിൽ വീടുനിർമാണത്തിന് അപേക്ഷ നൽകിയാൽ തദ്ദേശസ്ഥാപനങ്ങളിൽനിന്ന് നിശ്ചിതദിവസത്തിനുള്ളിൽ അനുമതി ലഭിക്കും. നിർമാണാനുമതിയുടെ വിശദാംശങ്ങൾ റവന്യൂവകുപ്പിനും കൈമാറേണ്ടതിനാൽ ഇനിമുതൽ അനുമതികിട്ടുന്നത് വൈകിയേക്കും.വീട് പൂർത്തിയാക്കുന്ന ഒരാൾ ഇപ്പോൾ മൂന്നുതരം നികുതികളാണടയ്ക്കേണ്ടിവരുന്നത്. കെട്ടിടനികുതിയും റവന്യൂ നികുതിയും കെട്ടിടനിർമാണത്തൊഴിലാളി ക്ഷേമനിധി നികുതിയും. കെട്ടിടനികുതി വർഷംതോറും അടയ്ക്കണം. റവന്യൂനികുതിയും കെട്ടിടനിർമാണത്തൊഴിലാളി ക്ഷേമനിധിയും ഓരോ തവണയാണ് അടയ്ക്കേണ്ടത്.റവന്യൂവകുപ്പിന്റെയും തൊഴിലാളി ക്ഷേമനിധി വകുപ്പിന്റെയും നികുതിനിർണയത്തെച്ചൊല്ലി വർഷങ്ങളായി പരാതി നിലനിൽക്കുന്നുണ്ട്. നികുതിയടയ്ക്കുന്നതിൽ താമസം വരുന്നതായി സര്‍ക്കാറും കണ്ടെത്തിയിട്ടുണ്ട്. കോടിക്കണക്കിന് രൂപ ഇങ്ങനെ പിരിച്ചെടുക്കാനാകാതെ അവശേഷിക്കുന്നുണ്ട്.നികുതി നിശ്ചയിക്കുന്നതിന് മൂന്നു വിഭാഗത്തിനും വ്യത്യസ്തനിലപാടാണുള്ളത്. തുറസ്സായിക്കിടക്കുന്ന പ്രദേശങ്ങളും കാര്‍പോര്‍ച്ചും വരാന്തയുമൊക്കെ റവന്യൂവകുപ്പ് ഒഴിവാക്കാറുണ്ട്. കെട്ടിമറയ്ക്കാത്തവ ഒഴിവാക്കി ചതുരശ്ര അടി നിശ്ചയിച്ചാണ് നികുതി കണക്കാക്കുന്നത്. എന്നാല്‍ തദ്ദേശസ്ഥാപനങ്ങള്‍ ചെറിയ കെട്ടിയടയ്ക്കല്‍ പോലും കണക്കാക്കും. തൊഴിലാളിക്ഷേമനിധിവകുപ്പ് വീടിന് മൊത്തം ചെലവായ തുകയുടെ നിശ്ചിതശതമാനമാണ് നികുതിയായി ആവശ്യപ്പെടുന്നത്. മൂന്നു നികുതിയിലും ഏകീകരണംനടത്തല്‍കൂടി ലക്ഷ്യമിട്ടാണ് പുതിയ ഉത്തരവെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

Leave a Reply