Home » ആരോഗ്യം » കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തൈറോയിഡ് കാന്‍സര്‍ നിര്‍ണയത്തിനും ചികിത്സയ്ക്കും നൂതന ഉപകരണമായ ഗാമ ക്യാമറ വന്നു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തൈറോയിഡ് കാന്‍സര്‍ നിര്‍ണയത്തിനും ചികിത്സയ്ക്കും നൂതന ഉപകരണമായ ഗാമ ക്യാമറ വന്നു

മെഡിക്കല്‍ കോളജില്‍ സ്‌പെക്ട് ഗാമ ക്യാമറ സ്ഥാപിക്കുന്നതിനു മുന്നോടിയായി ഇലക്ട്രിക്കല്‍ പാനല്‍ ഘടിപ്പിച്ചു തുടങ്ങി. തൈറോയ്ഡ് കാന്‍സര്‍ നിര്‍ണയത്തിനും ചികിത്സയ്ക്കുമായാണ് ഈ നൂതന ഉപകരണം ഇറക്കുമതി ചെയ്തത്. മരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ഇതു നടത്തുന്നത്. സാവിത്രി ദേവി സാബു കാന്‍സര്‍ റിസേര്‍ച്ച് സെന്റര്‍ കെട്ടിടത്തിനു സമീപത്തെ സബ് സ്റ്റേഷനില്‍ സ്ഥലമില്ലാത്തതിനാല്‍ അഡിഷനല്‍ പാനല്‍ ഉപയോഗിച്ചാണ് പുതിയത് സ്ഥാപിക്കുന്നത്. ഒരുമാസത്തിനകം പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകും.

ഒരു കെട്ടിടത്തില്‍ ഒന്നില്‍ കൂടുതല്‍ കണക്ഷനുകള്‍ പറ്റില്ല. അതിനാല്‍ സാവിത്രി ദേവി സാബു കാന്‍സര്‍ റിസേര്‍ച്ച് സെന്റര്‍ കെട്ടിടത്തിലെ നിലവിലെ കണക്ഷനുകളെല്ലാം പുതിയതിലേക്ക് മാറ്റും. അതിനു ശേഷമാണ് പാനല്‍ വയ്ക്കുക. ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ രണ്ടു ഭാഗത്തായി പുരോഗമിക്കുകയാണ്. മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ സെന്ററിനു കേന്ദ്ര ആരോഗ്യ മന്ത്രാലയം 44.5 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ അഞ്ചര കോടിയോളം രൂപ ചെലവഴിച്ചാണ് ന്യൂ ക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ സ്‌പെക്ട് ഗാമ ക്യാമറ സ്ഥാപിക്കുന്നത്.

വിപ്രോ ജിഇ കമ്പനിയുടേതാണ് ഈ നൂതന ഉപകരണം. ഇസ്രയേല്‍, അമേരിക്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നായാണ് ഏറെ സവിശേഷതകളോടു കൂടിയ ഈ നൂതന ഉപകരണം ഇറക്കുമതി ചെയ്തത്.പ്രധാന ഭാഗങ്ങള്‍ നേരത്തെ കൊണ്ടുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട അനുബന്ധമായ ചില ഭാഗങ്ങള്‍ ഇന്നലെയും ഇവിടെ എത്തിച്ചിട്ടുണ്ട്.കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ മേല്‍നോട്ടത്തിലാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നത്.നിലവില്‍ ഗാമ ക്യാമറ ഉപയോഗിച്ച് ചികിത്സവേണ്ട രോഗികള്‍ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. മെഡിക്കല്‍ കോളജില്‍ ഈ സൗകര്യം വരുന്നതോടെ പാവപ്പെട്ട രോഗികള്‍ക്ക് ഉള്‍പ്പെടെ അതു ഏറെ ആശ്വാസമാകും

Leave a Reply