Home » നമ്മുടെ കോഴിക്കോട് » നവംബർ ഒന്ന് മുതൽ കോഴിക്കോട് നഗരത്തിൽ പ്ലാസ്റ്റിക് കവറുകളില്ല..!!

നവംബർ ഒന്ന് മുതൽ കോഴിക്കോട് നഗരത്തിൽ പ്ലാസ്റ്റിക് കവറുകളില്ല..!!

നഗരപരിധിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തെരുവിലേക്ക് വലിച്ചെറിയുന്നവർക്കും കത്തിക്കുന്നവർക്കുമെതിരെ കർശന നടപടി വരുന്നു. കേരള മുനിസിപ്പാലിറ്റി ആക്ടിലെ 340, 334 (എ), 440 വകുപ്പുകൾ പ്രകാരം 2000 രൂപ മുതൽ 50,000 രൂപ വരെ പിഴ ഈടാക്കുകയും പ്രോസിക്യൂഷൻ നടപടികൾ കൈക്കൊള്ളുകയും ചെയ്യും.

ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചേർന്ന യോഗം ഖര ദ്രവ ഇ – മാലിന്യ പരിപാലന നിയമാവലി 2016ന് കരട് രൂപം തയ്യാറാക്കുകയും ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ഇത് സംബന്ധിച്ച് അവബോധം നൽകുകയും ചെയ്തു. ഒരു മാസം മുമ്പ് കോർപ്പറേഷന്റെ വെബ്സൈറ്റിലും നോട്ടീസ് ബോർഡിലും പ്രദർശിപ്പിച്ച നിയമാവലിക്ക് പൊതുജനങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൂടി കൂട്ടിച്ചേർത്താണ് കരടു രൂപം നൽകിയത്. ആരോഗ്യകാര്യസമിതി യോഗത്തിൽ അവതരിപ്പിച്ച ശേഷം ഈ നിയമാവലി അംഗീകാരത്തിനായി അടുത്ത കൗൺസിൽ യോഗത്തിൽ സമർപ്പിക്കും.

ഈ വരുന്ന കേരളപ്പിറവി ദിനം മുതൽ ഈ നിയമാവലിയനുസരിച്ച് കോർപ്പറേഷൻ പരിധി പ്ലാസ്റ്റിക് നിയന്ത്രിത മേഖലയാക്കാനാണ് തീരുമാനം. 50 മൈക്രോണിൽ കുറവുള്ള പ്ലാസ്റ്റിക് കവറുകളുടെ വില്പനയും സൗജന്യമായി നൽകലും പൂർണമായും നിരോധിക്കും. ഇവ കൈവശം വയ്ക്കുന്നതും കുറ്റകരമാക്കും. കടകളിൽനിന്ന് ഇത്തരം കാരിബാഗുകൾ പിടിച്ചെടുക്കാൻ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും.
50 മൈക്രോണിൽ കൂടുതലുള്ള ഗുണമേന്മയേറിയ കവറുകൾ അഞ്ച് രൂപ മുതൽ 10 രൂപ വരെ ഈടാക്കി കടകളിൽ വില്പന നടത്താം. ഇങ്ങനെ വില്പന നടത്തുന്ന കടകൾ പ്രതിമാസം 4000 രൂപ കോർപ്പറേഷനിൽ അടയ്ക്കണം. സൗജന്യമായി ഒരു കാരണവശാലും വ്യാപാരസ്ഥാപനങ്ങൾ ഇത്തരം പ്ളാസ്റ്റിക് കവറുകൾ ഉപഭോക്താക്കൾക്ക് നൽകരുത്. പ്ലാസ്റ്റിക് ‌കാരി ബാഗുകളിലോ കവറുകളിലോ ഭക്ഷണം പാക്ക് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യമുൾപ്പടെ ഒരു മാലിന്യവും കത്തിക്കരുതെന്ന് നിയമത്തിൽ പ്രത്യേകം പറയുന്നുണ്ട്.

നിയമാവലി തയ്യാറാക്കാൻ സഹായിച്ച കണ്ണൂർ നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ കെ.എം. ഗിരീഷ് എച്ച്.ഐ മാരും ജെ.എച്ച്.ഐമാരും പങ്കെടുത്ത യോഗത്തിൽ കരടു നിയമാവലിയെക്കുറിച്ചും നിയമപരമായ കാര്യങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു. നിയമം പ്രയോഗത്തിൽ വരുത്തുന്നതു സംബന്ധിച്ചും രൂപരേഖയുണ്ടാക്കി.

കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷൻ 340 അനുസരിച്ച് പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാൽ 2000 രൂപ വരെയാണ് പിഴ. സെക്ഷൻ 334 ( എ ) അനുസരിച്ച് ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും ശാസ്ത്രീയമല്ലാത്ത രീതിയിൽ സംസ്കരിച്ചാൽ 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴയീടാക്കാം. ജനങ്ങളുടെ കാഴ്ചയ്ക്കോ കേൾവിക്കോ ഘ്രാണശക്തിക്കോ അസ്വസ്ഥ്യമുണ്ടാവുന്ന തരത്തിൽ മാലിന്യങ്ങൾ കത്തിച്ചാലും ഇതേ പിഴ തന്നെ ചുമത്താവുന്നതാണ്. ഈ നിയമങ്ങളനുസരിച്ചായിരിക്കും ഇന്ന് മുതൽ പരിശോധന കർശനമാക്കുക.

തെരുവോരത്ത് ചവറിനൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് നഗരത്തിൽ പതിവു കാഴ്ചയാണ്. കോർപ്പറേഷന്റെ ശുചീകരണത്തൊഴിലാളികളും ഖരമാലിന്യശേഖരണം നടത്തുന്ന കുടുംബശ്രീ പ്രവർത്തകരും ഉൾപ്പെടെ ഇങ്ങനെ കത്തിക്കാറുണ്ട്. സർവീസ് ചട്ടപ്രകാരം ഇവർക്കെതിരെ നടപടിയെടുക്കും

Leave a Reply