Home » അടുക്കള » ജൈവ പച്ചക്കറികളുടെ ഉല്‍പ്പാദനത്തില്‍ കോഴിക്കോട് സ്വയം പര്യാപ്തതയിലേക്ക്

ജൈവ പച്ചക്കറികളുടെ ഉല്‍പ്പാദനത്തില്‍ കോഴിക്കോട് സ്വയം പര്യാപ്തതയിലേക്ക്

പച്ചക്കറി ഉല്‍പ്പാദനത്തില്‍ ജില്ല സ്വയംപര്യാപ്തതയിലേക്ക് കുതിക്കുന്നു. ജില്ലയ്ക്ക് ആവശ്യമുള്ളതിന്റെ 75 ശതമാനവും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നതായാണ് കൃഷി വകുപ്പിന്റെ പുതിയ കണക്ക്.
2010-2011 കാലത്ത് നമുക്ക് ആവശ്യമുള്ള പച്ചക്കറിയുടെ 35 ശതമാനം മാത്രം ഉല്‍പ്പാദിപ്പിച്ചിരുന്നിടത്താണ് ഈ കുതിപ്പ്. സാധാരണ കൃഷിയിടങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന പച്ചക്കറി കൃഷി തരിശുനിലങ്ങളിലേക്കും സ്‌കൂളുകളിലേക്കും വീട്ടുമുറ്റത്തേക്കും ഫ്‌ളാറ്റുകളിലേക്കും ചേക്കേറിക്കഴിഞ്ഞു.

കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കാര്‍ഷിക ഗ്രൂപ്പുകള്‍, വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്നവര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ വഴിയുള്ള കൃഷി, സ്‌കൂള്‍തല കൃഷി എന്നിവ ഉള്‍പ്പെടെയാണിത്. ജില്ലയില്‍ 200 സ്‌കൂളുകളിലാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ജൈവകൃഷി നടത്തിയത്. കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയില്‍ 2,334 ഹെക്ടറിലാണ് പച്ചക്കറി കൃഷി. 2010ല്‍ 718 ഹെക്ടറില്‍ കൃഷി ചെയ്തിടത്തുനിന്ന് മൂന്നിരട്ടിയായി കൃഷിസ്ഥലം വര്‍ധിച്ചു.

സ്‌കൂളിന് 4,000 രൂപയാണ് കൃഷി വകുപ്പ് സബ്‌സിഡി നല്‍കുന്നത്. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൃഷി സംബന്ധിച്ച് ക്‌ളാസുകളും കൊടുത്തിരുന്നു. സ്വന്തമായി പത്ത് സെന്റ് സ്ഥലമുള്ള സ്‌കൂളുകളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. കാര്‍ഷിക ഉപകരണങ്ങള്‍ നല്‍കുന്നതിനു പുറമെ 40 സ്‌കൂളുകള്‍ക്ക് ജലസേചനത്തിന് മോട്ടോര്‍ പമ്പും നല്‍കി. 10,000 രൂപയാണ് സബ്‌സിഡി അനുവദിച്ചത്. കൂടാതെ 3200 യൂണിറ്റുകള്‍ക്കാണ് ഗ്രോബാഗിന് അനുമതി നല്‍കിയത്. ഒരു യൂണിറ്റിന് 1500 രൂപയാണ് കൃഷിവകുപ്പ് സബ്‌സിഡി നല്‍കുക. വിത്തും വളവും ഉള്‍പ്പെടെ 5000 രൂപയാണ് ഒരു യൂണിറ്റ് ഗ്രോബാഗിന്റെ വില. 1500 രൂപയ്ക്കാണ് കൃഷിവകുപ്പ് ഇത് നല്‍കുന്നത്. 410800 പച്ചക്കറി വിത്ത് പാക്കറ്റുകളാണ് കൃഷിഭവന്‍ ഈവര്‍ഷം വിതരണംചെയ്തത്. കൃഷിഭവനുകള്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഈ ആനുകൂല്യം.

Leave a Reply