Home » ന്യൂസ് & വ്യൂസ് » സ്വാശ്രയ പ്രശ്‌നം:പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; സഭ തത്കാലത്തേക്ക് നിര്‍ത്തിവെച്ചു

സ്വാശ്രയ പ്രശ്‌നം:പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; സഭ തത്കാലത്തേക്ക് നിര്‍ത്തിവെച്ചു

സ്വാശ്രയ പ്രശ്നത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം തുടരുന്നു. കറുത്ത ബാഡ്ജ് ധരിച്ചാണ് യു.ഡി.എഫ് എം.എൽ.എമാർ സഭയിൽ ഹാജരായത്. ചോദ്യോത്തര വേള പ്രതിപക്ഷം ബഹിഷ്കരിച്ചു. ബാനറുകളും പ്ലക്കാർഡുകളുമായാണ് എം.എൽ.എമാർ സഭയിലെത്തിയത്. സ്വാശ്രയ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ ഇന്നും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ വീണ്ടും അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കി. ഫീസ് വര്‍ധന പിന്‍വലിക്കാത്തതു ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നുവെന്നും ചര്‍ച്ചയെ ഭയപ്പെടുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. തന്നെ കരിങ്കൊടി കാണിച്ചവര്‍, ചാനലുകള്‍ വാടകയ്‌ക്കെടുത്തവരാണെന്ന പ്രസ്താവന മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.

സ്വാശ്രയ പ്രശ്‌നത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. സണ്ണി ജോസഫ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഫീസ് വര്‍ധന പിന്‍വലിക്കാത്തത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഒരേ വിഷയം നാലാം തവണയാണ് കൊണ്ടുവരുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു.

തുടക്കത്തില്‍ മുദ്രാവാക്യം വിളിച്ചെങ്കിലും ചോദ്യോത്തരവേള തടസ്സപ്പെടുത്തിയില്ല. എം.എല്‍.എമാരുടെ നിരാഹാരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ മുന്‍കൈ എടുക്കണമെന്ന് പി.സി.ജോര്‍ജ് സഭയില്‍ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രതിപക്ഷം അറിയിച്ചു.

അതേസമയം, നിയമസഭയിൽ യു.ഡി.എഫ് എം.എൽ.എമാരുടെ നിരാഹാര സമരം തുടരുകയാണ്. എംഎൽഎമാരായ ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, അനൂപ് ജേക്കബ് എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ഇവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് മുസ് ലിം ലീഗിലെ കെ.എം ഷാജി, എന്‍ ഷംസുദീന്‍ എന്നിവരും സത്യാഗ്രഹം അനുഷ്ഠിക്കുന്നുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫിന്റെ അടിയന്തരയോഗം ഇന്നു വൈകുന്നേരം കന്റോണ്‍മെന്റ് ഹൗസില്‍ ചേരും. സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് യോഗം. വിധിയുടെ വിശദാംശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

Leave a Reply