Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് നഗരത്തിൽ ഹൈടെക് ബസ് ബേ; നിര്‍മ്മാണത്തിന് കോര്‍പ്പറേഷന്‍ നടപടി തുടങ്ങി

കോഴിക്കോട് നഗരത്തിൽ ഹൈടെക് ബസ് ബേ; നിര്‍മ്മാണത്തിന് കോര്‍പ്പറേഷന്‍ നടപടി തുടങ്ങി

നഗരത്തിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണമാവുന്നത് ബസ്സുകളുടെ വേഗതയാണ്. ഇതു മുഖവിലക്കെടുത്തുകൊണ്ട് കോര്‍പ്പറേഷന്‍ നടപടിയെടുത്തു. നഗരത്തില്‍ ചീറിപ്പായുന്ന ബസ്സുകള്‍ തോന്നിയ സ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്ന സാഹചര്യം കൂടിയായപ്പോള്‍ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാക്കുന്നത്. പ്രായോഗികമായ പരിഹാരവുമായി കോര്‍പ്പറേഷന്‍ നടപടി തുടങ്ങി. നഗരത്തില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നിടങ്ങളില്‍ 400മീറ്റര്‍ നീളത്തില്‍ ബസ് ബേ നിര്‍മ്മിക്കാനാണ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്.

ആകെ 262 ഹൈടെക് ബസ് ബേ കളാണ് നിര്‍മ്മിക്കുക. കോഴിക്കോട് – വയനാട് റോഡില്‍ കുന്നമംഗലം വരെ 58 എണ്ണം, കോഴിക്കോട് – കണ്ണൂര്‍ റോഡില്‍ ഏലത്തൂര്‍ വരെ 45, പുതിയങ്ങാടി – ഉള്ള്യേരി റോഡില്‍ 64, എരഞ്ഞിക്കല്‍ വരെ 14, കോഴിക്കോട് മാവൂര്‍ വരെ 64, പഴയ മദ്രാസ് റോഡ് മുതല്‍ രാമനാട്ടുകര വരെ 40, ബേപ്പൂര്‍ – മീഞ്ചന്ത റോഡില്‍ ബേപ്പൂര്‍ വരെ 29, മീഞ്ചന്ത – അരയിടത്തുപാലം റോഡില്‍ 12 എന്നിങ്ങനെയാണ് ബസ് ബേ നിര്‍മ്മിക്കാനിരിക്കുന്നത്.

കേരള നഗര – ഗ്രാമാസൂത്രണ വകുപ്പും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എന്‍.ഐ.ടി) യും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്ക് നിര്‍ദ്ധേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞു. നിലവിലുള്ള ബസ് സ്റ്റോപ്പുകളുടെ രൂപരേഖയെ എ,ബി,സി എന്നിങ്ങനെ മൂന്ന് വിഭാഗമായി തരം തിരിച്ച് ലഭ്യമായ സ്ഥലത്തിന്റെ ഘടനയ്ക്കനുസരിച്ചാവും നിര്‍മ്മാണം. 3 ലക്ഷം മുതല്‍ 15 ലക്ഷം വരെയാണ് ഒരു ബസ് ബേ യ്ക്ക് നിര്‍മ്മാണച്ചിലവ് കണക്കാക്കുന്നത്. വൈ ഫൈ കണക്ഷന്‍, എഫ്.എം റേഡിയോ, എടിഎം കൗണ്ടര്‍, കുടിവെള്ള സൗകര്യം, നിരീക്ഷണ ക്യാമറ, എല്‍ഇഡി ലൈറ്റിങ് തുടങ്ങിയ സൗകര്യങ്ങളൊരുക്കുന്ന ബസ് ബേയില്‍ ബസ്സുകളുടെ സമയ വിവരം, റൂട്ട് , മാപ്പ്, പ്രധാന ഫോണ്‍ നമ്പറുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് വിവരങ്ങള്‍ ലഭിക്കുന്ന സൗകര്യങ്ങളും ഉണ്ടായിരിക്കും. ഒരു മണിക്കൂറില്‍ 25 ബസ്സുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലായിരിക്കും ഓരോ ബസ് ബേയും. മറ്റുള്ള വാഹനങ്ങള്‍ ബസ് ബേ യില്‍ കയറാതിരിക്കാന്‍ സിഗ്നല്‍ ലൈറ്റുകളും സ്ഥാപിക്കും.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാരംഭിക്കാന്‍ കോര്‍പ്പറേഷന്‍ നിര്‍ദ്ധേശം നല്‍കിക്കഴിഞ്ഞു. അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനം, വികസന അതോറിറ്റി, സ്പോണ്‍സര്‍ഷിപ്പ് മുഖേനെ, പരസ്യ വരുമാനത്തിലൂടെ, എം.പി മാര്‍, എം.എല്‍.എ മാരുടേയോ ഫണ്ട് മുഖേനെ പ്രവര്‍ത്തനമാരംഭിക്കാനാണ് കോര്‍പ്പറേഷന്‍ ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Leave a Reply