Home » നമ്മുടെ കോഴിക്കോട് » സമ്പൂര്‍ണ ശൌചാലയ ജില്ല നേട്ടം കൈവരിക്കുന്ന മൂന്നാമത് ജില്ലയായി കോഴിക്കോട്

സമ്പൂര്‍ണ ശൌചാലയ ജില്ല നേട്ടം കൈവരിക്കുന്ന മൂന്നാമത് ജില്ലയായി കോഴിക്കോട്

കോഴിക്കോടിനെ സമ്പൂര്‍ണ ശൌചാലയ ജില്ലയായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയാണ് പ്രഖ്യാപനം നടത്തിയത്. ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ മൂന്നാമത് ജില്ലയാണ് കോഴിക്കോട്. ജില്ലയിലെ 70 പഞ്ചായത്തുകളും സമ്പൂര്‍ണ ശൌചാലയ പഞ്ചായത്തായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ല പദവി നേടിയത്. പദ്ധതിയുടെ ഭാഗമായി 12,799 കുടുംബങ്ങള്‍ക്കാണ് വ്യക്തിഗത കക്കൂസുകള്‍ നിര്‍മിച്ചു നല്‍കിയത്.

സ്വഛ്ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി നടന്ന ബേസ്ലൈന്‍ സര്‍വേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങള്‍ക്ക് 15400 രൂപ വീതം നല്‍കിയിരുന്നു. നിര്‍ധനര്‍ക്ക് സന്നദ്ധസംഘടനകളും വ്യാപാരികളും വാര്‍ഡ് തലത്തില്‍ രൂപീകരിച്ച സഹായസംഘങ്ങള്‍ മുഖേനയും ശൌചാലയങ്ങള്‍ നിര്‍മിച്ചു നല്‍കി.

കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിച്ചതെന്ന് ബാബു പറശ്ശേരി പറഞ്ഞു. ശുചിത്വമിഷന്‍, തദ്ദേശ ജനപ്രതിനിധികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. തുടര്‍ പരിശോധനകള്‍ ബ്ളോക്ക്, ജില്ലാതലത്തില്‍ നടക്കും. നവംബര്‍ ഒന്നിന് സംസ്ഥാനത്ത് സമ്പൂര്‍ണ ശൌചാലയ പ്രഖ്യാപനം നടക്കും. നേരത്തെ തൃശൂരും കണ്ണൂരും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എഡിഎം ടി ജനില്‍കുമാര്‍ അധ്യക്ഷനായി. ശുചിത്വമിഷന്‍ കോ–ഓഡിനേറ്റര്‍ കെ പി വേലായുധന്‍, ടി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply