Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് കെഎസ്ഇബി-ഗ്രിഡ് ഇന്ററാക്ടീവ് സോളാര്‍ പ്ലാന്റുകള്‍ക്ക് അനുമതി നല്‍കി

കോഴിക്കോട് കെഎസ്ഇബി-ഗ്രിഡ് ഇന്ററാക്ടീവ് സോളാര്‍ പ്ലാന്റുകള്‍ക്ക് അനുമതി നല്‍കി

വീടുകളിലെയും സ്ഥാപനങ്ങളിലെയും സൗരോര്‍ജ പ്ലാന്റുകളിലെ അധികവൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബി പദ്ധതിക്ക് നല്ല പ്രതികരണം. ഇതിനായുള്ള ഗ്രിഡ് ഇന്ററാക്ടിവ് സോളര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ നിലവില്‍ 600 അപേക്ഷകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് കെഎസ്ഇബിയുടെ റിന്യൂവബിള്‍ എനര്‍ജി ആന്‍ഡ് എനര്‍ജി സേവിങ് ഓഫിസില്‍ നിന്നറിയിച്ചു. ഒട്ടേറെ അപേക്ഷകള്‍ ലഭിക്കുന്നുമുണ്ട്. നിലവില്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയുമായി 65 പ്ലാന്റുകള്‍ കെഎസ്ഇബി ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും കെഎസ്ഇബിയുടെ ഓഫിസുകളുമാണ് ഇതില്‍ അധികവും. വന്‍തോതില്‍ നടപ്പായാല്‍ പദ്ധതി ഭാവിയില്‍ സംസ്ഥാനത്തിന്റെ ഊര്‍ജപ്രതിസന്ധിക്കുള്ള മികച്ച പരിഹാരമാകുമെന്നാണു വിലയിരുത്തല്‍.

പദ്ധതിയനുസരിച്ച് ഒരുകിലോവാട്ട് മുതല്‍ ഒരു മെഗാവാട്ട് വരെ ശേഷിയുള്ള പ്ലാന്റുകളെ കെഎസ്ഇബിയുടെ വൈദ്യുതി ശൃംഖലയുമായി യോജിപ്പിക്കാം. ഉപഭോക്താവ് കെഎസ്ഇബി ശൃംഖലയില്‍നിന്നുപയോഗിച്ച വൈദ്യുതിയും ശൃംഖലയിലേക്കു നല്‍കിയ വൈദ്യുതിയും തമ്മിലുള്ള വ്യത്യാസം കാണിക്കുന്ന ഉഭയദിശാ മീറ്ററും സോളര്‍ പ്ലാന്റില്‍ ഉത്പാദിപ്പിച്ച വൈദ്യുതി അളക്കാനായി സോളര്‍ മീറ്ററും സ്ഥാപിക്കണം. ഇവ രണ്ടും ഉപഭോക്താവിനുതന്നെ വാങ്ങാം. ഉഭയദിശാ മീറ്ററിലെ നെറ്റ് റീഡിങ് ഉപയോഗിച്ചാണ് ബില്‍ തയാറാക്കുന്നത്. കെഎസ്ഇബി ശൃംഖലയില്‍നിന്ന് എടുത്ത വൈദ്യുതിയെക്കാള്‍ കൂടുതലാണ് നല്‍കിയ വൈദ്യുതിയെങ്കില്‍ അത്രയും വൈദ്യുതി അടുത്തമാസം സൗജന്യമായി ശൃംഖലയില്‍ നിന്ന് ഉപയോഗിക്കാം. ഇങ്ങനെ അടുത്ത മാസങ്ങളിലും തുടരാം.

എല്ലാവര്‍ഷവും സെപ്റ്റംബര്‍ 30ന് കണക്കെടുക്കുമ്പോള്‍ ശൃംഖലയിലേക്ക് നല്‍കിയ വൈദ്യുതി അധികമാണെങ്കില്‍ അത്രയും വൈദ്യുതി ബോര്‍ഡ് വാങ്ങിയതായി പരിഗണിച്ച് വില നല്‍കും. കേരളത്തില്‍ ഗ്രിഡ് ഇന്ററാക്ടിവ് സോളര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ വിവിധ ബാങ്കുകളുടെ ലോണ്‍ ലഭ്യമാണ്. വീടുകളില്‍ ഗ്രിഡ് ഇന്ററാക്ടിവ് സോളര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനായി ഒരുലക്ഷം രൂപമുതലാണ് ചെലവ്. അഞ്ചുമുതല്‍ എട്ടുവര്‍ഷം കൊണ്ട് മുടക്കുമുതല്‍ തിരികെ ലഭിക്കുമെന്ന് ഇരുപതോളം രാജ്യങ്ങളില്‍ ഓണ്‍ഗ്രിഡ് സോളര്‍ സിസ്റ്റങ്ങള്‍ വിതരണം ചെയ്തുവരുന്ന സിംഗപ്പൂര്‍ ആസ്ഥാനമായുള്ള നാസ് എനര്‍ജി സിഇഒയും മലയാളിയുമായ ജോസഫ് ഡാനിയേല്‍ പറയുന്നു. ഗ്രിഡ് ഇന്ററാക്ടിവ് സോളര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമ്പോള്‍ വൈദ്യുതി സംഭരണത്തിനായി പ്രത്യേകം ഇന്‍വെര്‍ട്ടര്‍ സംവിധാനം വേണ്ടിവരുമെങ്കിലും വൈദ്യുതി ബില്ലിലുണ്ടാകുന്ന കുറവിലൂടെ ഇതിനുള്ള ചെലവും തിരികെപ്പിടിക്കാനാകും.

Leave a Reply