Home » നമ്മുടെ കോഴിക്കോട് » നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ നഗരപാതാ വികസന പദ്ധതിയില്‍പ്പെട്ട റോഡ് 15 മീറ്ററായാണ് വീതികൂട്ടുന്നത്.

നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ നഗരപാതാ വികസന പദ്ധതിയില്‍പ്പെട്ട റോഡ് 15 മീറ്ററായാണ് വീതികൂട്ടുന്നത്.

നഗരത്തിന്റെ ഗതാഗതക്കുരുക്കഴിക്കാന്‍ സ്റ്റേഡിയം ജംഗ്ഷന്‍-പുതിയറ റോഡ് വീതികൂട്ടുന്നു. നഗരപാതാ വികസന പദ്ധതിയില്‍പ്പെട്ട റോഡ് 15 മീറ്ററായാണ് വീതികൂട്ടുന്നത്. നിലവിലുണ്ടായിരുന്ന
റോഡ് കരിങ്കല്ല് പാകി അതിന് മുകളില്‍ പാറപ്പൊടി വിതറുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഇതിന് മുകളില്‍ നിലവാരമുള്ള ക്വാറി വേസ്റ്റ് വിതറും. തുടര്‍ന്ന് കനംകുറച്ച് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കുകയും ചെയ്യും. അവസാനഘട്ട ടാറിങ് എപ്രില്‍-മെയ് മാസത്തില്‍ നടക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല.

നഗരപാതാ വികസന പദ്ധതിയിലെ ആദ്യഘട്ടത്തിലെ ആറ് റോഡുകളുടെ പ്രവൃത്തികളും മെയ് മാസത്തോടെ പൂര്‍ത്തീകരിക്കാനാണ് നീക്കം. സ്റ്റേഡിയം-പുതിയറ റോഡിന് പുറമെ കാരപ്പറമ്പ്-കല്ലുത്താന്‍ കടവ്, ഗാന്ധിറോഡ്-മിനി ബൈപാസ്, പനാത്ത്താഴം-സിഡബ്‌ള്യുആര്‍ഡിഎം, പുഷ്പ ജങ്ഷന്‍-മാങ്കാവ്, വെള്ളിമാട്കുന്ന്-കോവൂര്‍ എന്നീ റോഡുകളുടെ പ്രവൃത്തികളും വേഗത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കയാണ്. ആറ് റോഡുകളുടെയും അവസാനഘട്ട ടാറിങ് ഒരുമിച്ചാണ് നടക്കുക.

ആദ്യഘട്ടത്തിലെ ആറ് റോഡുകള്‍ക്ക് പുറമേ മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് കൂട്ടിച്ചേര്‍ത്ത് ഭൂമി ഏറ്റെടുക്കാനുള്ള നടപടി പുരോഗമിക്കുന്നു. റോഡിനായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡി (കിഫ്ബി)ല്‍ ഉള്‍ക്കൊള്ളിച്ചാണ് പണം കണ്ടെത്തുക.

നഗരപാതാ വികസന പദ്ധതിയില്‍ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ റോഡ് രണ്ടാം ഘട്ടത്തിലേക്ക് മാറ്റി വീതികൂട്ടും. പുതിയങ്ങാടി-തണ്ണീര്‍പ്പന്തല്‍, വെസ്റ്റ്ഹില്‍-ഭട്ട്‌റോഡ് ജങ്ഷന്‍, കരിക്കാംകുളം-സിവില്‍-കോട്ടൂളി, കോവൂര്‍-മെഡിക്കല്‍ കോളേജ്-മുണ്ടിക്കല്‍ത്താഴം, മൂഴിക്കല്‍-കാളാണ്ടിത്താഴം, ഭട്ട്‌റോഡ്-കോതി-മീഞ്ചന്ത തീരദേശ റോഡ് എന്നിവയും നഗരപാതാ വികസന പദ്ധതിയില്‍പ്പെട്ട റോഡുകളാണ്.

വര്‍ഷങ്ങള്‍ക്കുമുമ്പ് സ്റ്റേഡിയം ജങ്ഷന്‍-പുതിയറ റോഡിനായി സ്ഥലം ഏറ്റെടുത്തിരുന്നു. എന്നാല്‍ പൈപ്പുകള്‍, കേബിള്‍, പോസ്റ്റുകള്‍ തുടങ്ങിയവ മാറ്റിക്കിട്ടുന്നതിന് കാലതാമസമുണ്ടായി. ഇപ്പോള്‍ കെഎസ്ഇബി, ബിഎസ്എന്‍എല്‍, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് പ്രവൃത്തികള്‍ വേഗത്തിലാക്കി.

Leave a Reply