Home » എഡിറ്റേഴ്സ് ചോയ്സ് » ഐഎസ് ബന്ധം : ലക്ഷ്യമിട്ടത് ഉന്നതരെ

ഐഎസ് ബന്ധം : ലക്ഷ്യമിട്ടത് ഉന്നതരെ

ഐഎസ് ബന്ധം സംശയിച്ച്‌ അറസ്റ്റിലായവര്‍ കേരളത്തിലെ അഞ്ചുവ്യക്തികളെയും ഏഴുസ്ഥാപനങ്ങളെയും ലക്ഷ്യമിട്ടിരുന്നതായി വെളിപ്പെടുത്തല്‍. ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്.
കൈവെട്ടുകേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍, ഹൈക്കോടതിയിലെ രണ്ടുജഡ്ജിമാര്‍ എന്നിവരാണ് പട്ടികയിലുണ്ടായിരുന്നത്. കണ്ണൂരില്‍നിന്നും കോഴിക്കോടുനിന്നുമായി അറസ്റ്റുചെയ്ത ആറുപേരെ എറണാകുളം എന്‍ഐഎ കോടതി 12 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. 30 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുമുണ്ട്.
കോയമ്ബത്തൂരില്‍നിന്നും തിരുനെല്‍വേലിയില്‍നിന്നുമായി പിടികൂടിയവരുടെയും പേരുകള്‍ ചേര്‍ത്ത് 10 പേരുടെ വിവരങ്ങളടങ്ങിയ എഫ്‌ഐആര്‍ അന്വേഷകസംഘം കോടതിയില്‍ സമര്‍പ്പിച്ചു.
കണ്ണൂര്‍ അണിയാരം സ്വദേശി മന്‍സീദ് (ഒമര്‍ അല്‍ഹിന്ദി), കോയമ്ബത്തൂര്‍ സ്വദേശി അബു ബഷീര്‍ (റഷീദ്), ചെന്നൈയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി അമ്ബലത്ത് ടി സ്വാലിഹ് മുഹമ്മദ് (യൂസഫ്), മലപ്പുറം തിരൂര്‍ പൊന്മുണ്ടം പി സഫ്വാന്‍, കുറ്റ്യാടി നങ്ങീലംകണ്ടി എന്‍ കെ ജാസിം എന്നിവരെയും കോഴിക്കോടുനിന്ന് പിടികൂടിയ കുറ്റ്യാടി വളയന്നൂര്‍ സ്വദേശി റംഷാദ് (ആമു) നെയുമാണ് കസ്റ്റഡിയില്‍ വിട്ടത്. യുഎപിഎ ഉള്‍പ്പെടെ എട്ടു വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
ഞായറാഴ്ച ഉച്ചയോടെ കണ്ണൂരിലെ കനകമലയില്‍നിന്ന് അറസ്റ്റ് ചെയ്തവരെ എന്‍ഐഎ കോഴിക്കോട്ടെ രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്തു. തിങ്കളാഴ്ച ഉച്ചയോടെ കൊച്ചിയിലേക്ക് കൊണ്ടുവന്നു. വൈകിട്ട് അഞ്ചിനാണ് കോടതിയില്‍ ഹാജരാക്കിയത്. കണ്ണൂരില്‍നിന്ന് പിടികൂടിയവര്‍ക്ക് തീവ്രാദസംഘടനയായ പോപ്പുലര്‍ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്നു. ഒരാള്‍ കേരളത്തിലെ ഒരുദിനപ്പത്രത്തിലെ ഗ്രാഫിക് ഡിസൈനറാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണച്ചുമതലയാണ് പിടിയിലായവര്‍ക്ക്. പാനൂര്‍ അണിയാരം സ്വദേശിമന്‍ഷീദാണ് (29) ഗ്രൂപ്പ് അഡ്മിനെന്നും വ്യക്തമായി.
കോയമ്ബത്തൂരില്‍നിന്ന് ഉക്കടം ജിഎം നഗറിലെ നവാസ്, മുഹമ്മദ് റഹ്മാന്‍. ചെന്നെയില്‍നിന്ന് ചേലക്കര വെങ്ങാനല്ലൂര്‍ അമ്ബലത്ത് ടി സ്വാലിഹ് മുഹമ്മദ് (യൂസഫ്, അബു ഹസ്ന) തിരുനെല്‍വേലിയില്‍നിന് സുബ്ഹാന്‍ എന്നിവരാണ് പിടിയിലായത്.സുബ്ഹാന്റെ വിവരങ്ങള്‍ തൊടുപുഴയിലെ സഹോദരങ്ങളുടെ വീട്ടിലെത്തി എന്‍ഐഎ സംഘം ശേഖരിച്ചു. 2012ല്‍ തിരുനെല്‍വേലിക്ക് പോയശേഷം ഒരിക്കല്‍ മാത്രമാണ് ഇയാള്‍ തൊടുപുഴയില്‍ വന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു.
അന്വേഷകസംഘം കസ്റ്റഡിയിലെടുത്തവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നതിന്റെ ടെലഗ്രാം മെസഞ്ചര്‍ ആപ്ളിക്കേഷന്റെ സ്ക്രീന്‍ ഷോട്ടുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. അന്‍സാറുള്‍ ഖലീഫ എന്ന പേരിലാണ് ഐഎസിന്റെ കേരള ഘടകം പ്രവര്‍ത്തിച്ചിരുന്നത്. കൊച്ചിയില്‍ ജമാഅത്തെ ഇസ്ളാമിയുടെ പൊതുയോഗം നടക്കുമ്ബോള്‍ വാഹനമിടിച്ച്‌ കയറ്റാന്‍ ഇവര്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നു.
പിടികൂടിയ മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, മെമ്മറി കാര്‍ഡുകള്‍, പെന്‍ഡ്രെെവുകള്‍, മറ്റ് ഇലട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.
ഭീകരാക്രമണത്തിനായി കേരളത്തിലും തമിഴ്നാട്ടിലും ആയുധ ശേഖരണം നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ഇവരിലേക്കെത്തിയത്. ഐഎസില്‍ ചേര്‍ന്നതായി സംശിയിക്കുന്ന 21മലയാളികളുടെ തിരോധാനക്കേസിന്റെ ഭാഗമായാണ് കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പരിശോധന നടത്തിയത്. ചെന്നൈ, മലപ്പുറം എന്നിവിടങ്ങളില്‍ പരിശോധന തുടരുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ ഇവരുടെ ഇടപെടലുകള്‍ നിരീക്ഷിച്ചുവരികയായിരുന്നു. കനകമലയില്‍ ഒക്ടോബര്‍ രണ്ടിന് യോഗം ചേരാനുള്ള പദ്ധതിയിട്ടത് വാട്സ് ആപ്പ് ഗ്രൂപ്പില്‍ നുഴഞ്ഞുകയറിയ ഉദ്യോഗസ്ഥരാണ് പൊളിച്ചത്.
എട്ടുമാസമായി ഐഎസ് പ്രവര്‍ത്തനം സജീവമാണെന്നാണ് സൂചന. ഇരുന്നൂറിലേറെ പേരെ ഐഎസിലേക്ക് റിക്രൂട്ട്ചെയ്തതായും സംശയിക്കുന്നു.

Leave a Reply