ലോകപ്രശസ്തമായ പുരുഷ ലൈഫ്സ്റ്റൈല്‍ വിനോദ മാസിക പ്ലേബോയ് സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. മാസികയുടെ പുനര്രൂപകല്്പനയുടെ ഭാഗമായാണ് പത്രാധിപസമിതി തീരുമാനം. മാര്ട്ടിന് ലൂഥര്‍ കിങ് ജൂനിയറിന്റേയും ജിമ്മി കാര്ട്ടറിന്റേയുമൊക്കെ അഭിമുഖങ്ങള്‍ പ്രസിദ്ധീകരിച്ച പ്ലേ ബോയ് ഇനി രാഷ്ട്രീയത്തിലേക്ക് തിരിയുകയാേണാ എന്നറിയണമെങ്കില്‍ അടുത്ത മാര്‍ച്ച് വരെ കാത്തിരിക്കേണ്ടിവരും.
നഗ്ന മോഡലുകള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത് പലപ്പോഴും മാഗസിനോളം തന്നെ പ്രസിദ്ധി നേടിയയാളാണ് മാസികയുടെ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ ഹഗ് ഹെഫ്നര്‍. ഹെഫ്നറിന്റെ എൺപത്തിനാലാം പിറന്നാള്‍ 2008 ല്‍ ‘ബേ വാച്ച് താരം പമേല ആന്റേഴ്സണ് പൂര്‍ണനഗ്നയായി കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. കഴിഞ്ഞ വര്‍ഷം പ്ലേ ബോയ് മോഡലായ ബോളിവുഡ് സിനിമാ താരം ഷെര്‍ലിന്‍ ചോപ്രയും ഹെഫ്നറും നില്ക്കുന്ന ചിത്രവും നെറ്റില്‍ വന്നിരുന്നു.
ലോകത്തെ പ്രമുഖ മോഡലുകള്‍ക്കൊപ്പം പോസ് ചെയ്ത് ശ്രദ്ധനേടിയ ഹെഫ്നറുടെ മുന്നില്‍ ഈ കാര്യം അവതരിപ്പിക്കുക തന്നെ എഡിറ്റോറിയലിന് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഹെഫ്നറിന്റെ വീട്ടില്‍വെച്ച് എഡിറ്റോറിയലിലെ മുതിര്‍ന്ന അംഗം കൊറി ജോണ്‍സുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്. നീണ്ട എഡിറ്റോറിയല്‍ ചര്‍ച്ചകള്‍ക്ക് ശേഷം കഴിഞ്ഞമാസം ഹെഫ്നറുടെ വീട്ടിലെ സ്വീകരണ മുറിയില്‍വെച്ച് കൊറി ജോണ്‍സ് മാസികയുടെ സര്‍ക്കുലേഷന്‍ കണക്കുകള്‍ നിരത്തി. ഒപ്പം അതിനുള്ള കാരണങ്ങളും.
1970 ല്‍ ഇന്റര്‍നെറ്റ് നാട്ടിലെത്തുന്നതിനും എത്രയോ മുമ്പ് 56 ലക്ഷം കോപ്പി വിറ്റുപോയിരുന്ന പ്ലേബോയ് ഇന്ന് എട്ടുലക്ഷം കോപ്പികള്‍ മാത്രമേ അച്ചടിക്കുന്നുള്ളൂ. അതിന് കാരണം സ്മാര്‍ട്ട്ഫോണില്‍ കൂടിയും അല്ലാതെയും കൊച്ചുകുട്ടികള്‍ക്കുപോലും ഇന്റര്‍നെറ്റ് കിട്ടുമെന്നതുതന്നെയാണ്. ഇങ്ങനെ ഏതുതരം ചിത്രവും ലഭിക്കുമെന്ന സൗകര്യമുള്ളപ്പോള്‍ പ്ലേബോയ് അതിന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുത്തിയേ പറ്റുവെന്ന് കൊറി ജോണ്‍സ് ഹെഫ്നറെ ധരിപ്പിച്ചു.
ഒടുവില്‍ ഹെഫ്നര്‍ സമ്മതിച്ചു. ട്വിറ്ററിലും ഫെയ്സ്ബുക്കിലുമൊക്കെ പ്രവേശനം ലഭിക്കാന്‍ മാസികയുടെ വെബ്സൈറ്റില്‍ നിന്ന് നേരത്തേ തന്നെ മോശം ചിത്രങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു.