Home » ന്യൂസ് & വ്യൂസ് » മതവിരുദ്ധർ മതസ്വത്വബോധത്തിനു അടിപ്പെടുമ്പോൾ

മതവിരുദ്ധർ മതസ്വത്വബോധത്തിനു അടിപ്പെടുമ്പോൾ

 

ബ്രിട്ടനിൽ പോയി ഉന്നത വിദ്യാഭ്യാസം നേടിയ ജിന്ന എല്ലാ മതവിരുദ്ധമൂല്യങ്ങളും ഉയർത്തി. എന്നാൽ സ്വാതന്ത്ര്യ സമരചരിത്രത്തെ ഞെട്ടിച്ചുകൊണ്ട് പാകിസ്ഥാൻ നിർമ്മിക്കുന്നതിൽ ജിന്നയുടെ സ്വത്വബോധം ഒടുക്കം എത്തി.


ജാതിവ്യവസ്ഥയെ ശക്തമായി എതിർത്ത സവർക്കർ, ഹിന്ദുമതവിശ്വാസത്തിനു എതിരായിരിക്കുമ്പോൾ തന്നെ ഹിന്ദു എന്ന സ്വത്വത്തിന്റെ വലിയ വക്താവായി മാറി.


ഡൂൾന്യൂസ് എഡിറ്റർ ഷഫീക്ക് സുബൈദ ഹക്കീം എടുത്തിരിക്കുന്ന നിലപാടിനെ ഇതിൽ നിന്നും വ്യത്യസ്തമായി കാണുവാൻ എങ്ങനെയാണു കഴിയുക? സവർക്കറെപോലെ, ജിന്നയെപോലെ വ്യക്തിജീവിതത്തിൽ മതവിരുദ്ധനായിരിക്കുമ്പോൾ തന്നെ? /റെജി ജോർജ്

 

വ്യക്തിജീവിതത്തിൽ മതവിരുദ്ധരായിരിക്കുമ്പോൾ തന്നെ മതസ്വത്വബോധത്തിനു അടിപ്പെടുന്നത് സെക്കുലർ ബുദ്ധിജീവികളിൽ വ്യാപകമാകുകയാണോ? ഇങ്ങനെയൊരു ചർച്ചക്കും വഴിയൊരുക്കിയിരിക്കുകയാണ് മനുഷ്യസംഗമവും അമാനവസംഗമവും. മനുഷ്യസംഗമത്തോട് ആക്ടിവിസ്റ്റുകൂടിയായ ഡൂൾ ന്യൂസ് പത്രാധിപർ ഷഫീഖ് സുബൈദ ഹക്കീം എടുത്ത നിലപാടിനെ ‘ഫാസിസ്റ്റു വിരുദ്ധ ചേരിയിൽ വിള്ളൽ വീഴ്ത്തുന്നതെ’ന്ന് ആരോപിക്കുന്നു, പ്രമുഖ ബ്ലോഗർ റെജി ജോർജ്.

‘സംവാദ൦’ തുടങ്ങിവച്ച ചർച്ചയുടെ ഭാഗമെന്ന നിലക്ക് റെജി ജോർജിന്റെ പോസ്റ്റ് ‘ചർച്ചക്കായി അവതരിപ്പിക്കുന്നു.

 ജിന്നയും സവർക്കറും ഷഫീക്കും/ റെജി ജോർജ്

സൗത്ത് ഏഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസമാണ് മതരാഷ്ട്രവാദത്തിന്റെ പേരിൽ ഉപഭൂഖണ്ഡത്തെ കീറി മുറിച്ച് ചോരച്ചാൽ ഒഴുക്കി ആ വ്രണം ഉണങ്ങാൻ അനുവദിക്കാതെ വീണ്ടും വീണ്ടും കീറിമുറിച്ചുകൊണ്ടിരിക്കുന്നത്.

ജിന്ന

ജിന്ന

ഇതിനു നേതൃത്വം നൽകിയ സവർക്കറും ജിന്നയും തികഞ്ഞ മതവിരോധികളൂം യൂറോപ്പിയൻ മോഡൽ എതീസത്തിന്റെ വക്താക്കളും ആയിരുന്നു. മതവിശ്വാസത്തെക്കാൾ മതത്തിന്റെ പേരിലുള്ള സ്വത്വബോധമാണു ഇരുവരെയും ഇന്ത്യയും പാകിസ്ഥാനും എന്ന രണ്ടു രാജ്യങ്ങൾക്കു വേണ്ടി നിലപാടെടുക്കുവാൻ സഹായിച്ചത്.

സവർക്കർ ജാതിവ്യവസ്ഥയെ ശക്തമായി എതിർത്തിരുന്നു. ബീഫ് കഴിക്കുന്നതിനെ അനുകൂലിച്ചിരുന്നു. രാജ്യത്തെ ഹിന്ദുക്കൾ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കണം എന്നിങ്ങനെ നിരവധി വിപ്ലവാത്മകമായ നിലപാടുകൾ എടുത്തിരുന്ന സവർക്കർ ഹിന്ദുമതവിശ്വാസത്തിനു എതിരായിരിക്കുമ്പോൾ തന്നെ ഹിന്ദു എന്ന സ്വത്വത്തിന്റെ ഏറ്റവും വലിയ വക്താവായി മാറി. ഹിന്ദുത്വ എന്ന ആശയം തന്നെ സവർക്കറുടേതാണ്.

സവർക്കർ

സവർക്കർ

ബ്രിട്ടനിൽ പോയി ഉന്നത വിദ്യാഭ്യാസം നേടി ബാരിസ്റ്ററായ ജിന്ന തുടർച്ചയായി പുകവലിക്കയും മദ്യപിക്കയും, തരാതരം പോലെ പോർക്ക് കഴിക്കയും അടക്കം എല്ലാ മതവിരുദ്ധമായ മൂല്യങ്ങളും ഉയർത്തിയിരുന്നു. വിവാഹം കഴിച്ചത് ഒരു ബംഗാളി ബ്രാഹ്മണ സ്ത്രിയെ. എന്നാൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തെ ഞെട്ടിച്ചുകൊണ്ട് പാകിസ്ഥാൻ നിർമ്മിക്കുന്നതിൽ ജിന്നയുടെ സ്വത്വബോധം ഒടുക്കം  എത്തി.

വ്യക്തിജീവിതത്തിൽ മതത്തെ നിരാകരിക്കുമ്പോൾ തന്നെ മതസ്വത്വത്തെത്തിന്റെ വേട്ടയാടലാണു പശ്ചിമേഷ്യയുടെ ദുരന്തങ്ങൾക്ക് വഴിവച്ചിട്ടുള്ളത്.

മനുഷ്യസംഗമത്തിൽ ഡൂൾന്യൂസ് എഡിറ്റർ ഷഫീക്ക് എടുത്തിരിക്കുന്ന നിലപാടിനെ ഇതിൽ നിന്നും വ്യത്യസ്തമായി കാണുവാൻ എങ്ങനെയാണു കഴിയുക? അദ്ദേഹവും സാവർക്കറെപോലെ, ജിന്നയെപോലെ വ്യക്തിജീവിതത്തിൽ മതവിരുദ്ധനായിരിക്കുമ്പോൾ തന്നെ അപകടകരമായ മതസ്വത്വബോധത്തിനു അടിപ്പെട്ട് ഫാസിസ്റ്റു വിരുദ്ധ ചേരിയിൽ വിള്ളൽ വീഴ്ത്തിയിരിക്കുകയാണ്.

ഇതിനെ ഒരു തമാശയായൊ ജനാധിപത്യ നിലപാടായൊ കാണുവാൻ കഴിയുന്നില്ല. മറിച്ച് ഫാസിസത്തെ ശക്തിപ്പെടുത്തുന്ന ഒരു ബദൽ നിർമ്മാണത്തിലേക്ക് പൊതുസമൂഹത്തെ നിർബന്ധിച്ചുകൊണ്ടിരിക്കുന്ന നിലപാടാണിത്.

ഫാസിസം പലപ്പോഴും സ്വത്വരാഷ്ട്രീയത്തിന്റെ മൂർത്തരൂപമായിട്ടാണു അരങ്ങേറുന്നത്. അതിനെ തോൽപ്പിക്കാൻ സ്വത്വരാഷ്ട്രീയം പൊക്കിപിടിക്കുക എന്നുപറയുന്നത് അബദ്ധമാണ്. മറ്റൊരു ഫാസിസ്റ്റ് ബദൽ നിർമ്മിതിയിലൂടെ ഫാസിസത്തെ വീണ്ടും ശക്തിപ്പെടുത്തുന്നതിലേ അത് അവസാനിക്കു. പുരോഗമന ജനാധിപത്യ ശക്തികളുടെ ഐക്യത്തിലൂടെ ഒരുങ്ങുന്ന ബദൽ സൃഷ്ടിക്കുന്നതിലൂടെ ഫാസിസത്തിനെ പരാജയപ്പെടുത്തുവാൻ കഴിയും. പക്ഷെ അത്തരം ഇടങ്ങളെ വീണ്ടും മലീമസപ്പെടുത്തുന്ന മതസ്വത്വം ബോധം പുൽകിക്കൊണ്ടൂള്ള യാത്ര അപകടത്തിലേക്കാണു സമരങ്ങളെ നയിക്കുന്നത്.

Leave a Reply