Home » ന്യൂസ് & വ്യൂസ് » പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ പിരിഞ്ഞു; ഇനി 17 ന്

പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ പിരിഞ്ഞു; ഇനി 17 ന്

സ്വാശ്രയപ്രശ്നത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ പിരിഞ്ഞു. ഇന്നത്തേയും നാളത്തെയും നടപടികള്‍ വെട്ടിച്ചുരുക്കിയാണ് സഭ പിരിഞ്ഞത്. ഇനി പൂജ അവധിയ്ക്ക് ശേഷം 17 ന് മാത്രമേ സഭ ചേരുകയുള്ളൂ.
നടപടികള്‍ വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു. തുടര്‍ച്ചയായി സഭ തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് സഭ പിരിയാന്‍ തീരുമാനിച്ചത്.
സ്വാശ്രയ കരാറില്‍ നിര്‍ദേശങ്ങളില്ലെന്ന് മാനേജ്മെന്റുകളാണ് പറഞ്ഞത്. കരാറില്‍ നിന്നു പിന്മാറാനാവില്ലെന്ന് മാനേജ്മെന്റുകള്‍ നിലപാടെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. സര്‍ക്കാരിനു നിര്‍ദേശങ്ങളില്ലെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു.
തന്റെ പിടിവാശിയല്ല ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരും മുന്നണിയും ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ സഭ സമ്മേളിച്ച്‌ മൂന്ന് മിനിറ്റായപ്പോഴേക്കും പ്രതിപക്ഷം ബഹളം ആരംഭിച്ചു. ഇതേത്തുടര്‍ന്ന് ചോദ്യോത്തരവേള നിര്‍ത്തിവച്ചു. നയപരമായ കാര്യങ്ങളില്‍ അഭിപ്രായ വത്യാസമുണ്ടാകുന്നത് സ്വാഭാവികമാണെന്നും പക്ഷേ നിരന്തരം സഭാ നടപടികള്‍ തടസപ്പെടുത്തുന്നത് ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു.
ചോദ്യോത്തവേള നിര്‍ത്തിവച്ച ശേഷം സ്പീക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ കവാടത്തില്‍ യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. എംഎല്‍എമാരായ വി.ടി ബല്‍റാം, റോജി ജോണ്‍ എന്നിവരാണ് നിയമസഭയില്‍ നിരാഹാരം കിടക്കുന്നത്.
ഏഴ് ദിവസമായി നിരാഹാര സമരം തുടര്‍ന്ന ഷാഫി പറമ്ബിലിനെയും ഹൈബി ഈഡനെയും ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എംഎല്‍എമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ യുഡിഎഫിന്റെ യുവജന വിഭാഗം ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തും.

Leave a Reply