Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്പെഷ്യൽ » മത്സ്യസമ്പത്ത് നശിപ്പിക്കുന്നു; വിലക്ക് ലംഘിച്ച് ചെറുമീനുകള്‍ പിടിക്കുന്നത് പതിവു കാഴ്ച

മത്സ്യസമ്പത്ത് നശിപ്പിക്കുന്നു; വിലക്ക് ലംഘിച്ച് ചെറുമീനുകള്‍ പിടിക്കുന്നത് പതിവു കാഴ്ച

മത്സ്യത്തൊഴിലാളികള്‍ക്കിടയിലെ വിലക്ക് ലംഘിച്ച് പൊടിമീനുകള്‍ പിടിക്കുന്നത് പതിവായി. ചെറുമീനുകളെ പിടിക്കരുതെന്നും അവയെ കടലില്‍ തന്നെ വിടണമെന്നും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ധാരണയുണ്ട്. എന്നാല്‍ ഒരാഴ്ചയായി കടലില്‍ പോകുന്ന ചെറുവള്ളക്കാരില്‍ ചിലര്‍ ചെറിയ മത്തിയും അയലയുമായാണ് എത്തുന്നത്. നിയമം തെറ്റിച്ച് ചെറുമീനുമായി ഹാര്‍ബറിലെത്തുന്നത് വാക്കേറ്റത്തിനും വഴക്കിനും കാരണത്തിനിടയാക്കുന്നു. നത്തല്‍ പിടിക്കുന്ന 12 പോയിന്റ് വല ഉപയോഗിച്ചാണ് മത്തി, അയല കുഞ്ഞുങ്ങളെ ഊറ്റിയെടുക്കുന്നത്. 20 പോയിന്റിന് താഴെയുള്ള വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്താന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ അതെല്ലാം കാറ്റില്‍പറത്തിയാണ് ചെറിയ മീനുമായി ചില വള്ളങ്ങള്‍ എത്തുന്നത്.
വന്‍ തുക കൊടുത്ത് ഇവ വാങ്ങാന്‍ മംഗലാപുരത്തെ ചില കമ്പനികളുടെ ആളുകള്‍ തയാറാവുന്നതാണ് കാരണം. കോഴിത്തീറ്റയ്ക്കും കാലിത്തീറ്റയ്ക്കും പുറമേ മീനെണ്ണയ്ക്കും മറ്റുമായാണ് ചെറിയ മീനുകളെ ഫാക്ടറിക്കാര്‍ ഉപയോഗിക്കുന്നത്. മംഗലാപുരത്തെ ഫാക്ടറികളിലെത്തിച്ച് പൊടിച്ച് വളമായും ഉപയോഗിക്കുന്നുണ്ട്. മംഗലാപുരത്തു മാത്രം ഇത്തരം നാലു ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ചെറിയ മത്തിയും അയലയും പിടിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. മത്സ്യങ്ങളുടെ പ്രജനന കാലമായതിനാലാണിത്.
സെപ്റ്റംബര്‍ കഴിയുന്നതോടെ ചെറുമീനുകള്‍ യഥേഷ്ടം ലഭിക്കുമെങ്കിലും മത്സ്യത്തൊഴിലാളികളില്‍ വലിയൊരു വിഭാഗം ഇവയെ കടലിലേക്ക് തന്നെ വിടുകയാണ് ചെയ്യാറുള്ളത്. മത്സ്യക്കുഞ്ഞുങ്ങളെ പിടിച്ചതായി കണ്ടാല്‍ കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പെടെ കര്‍ശന നടപടിയെടുക്കാറുണ്ട്. ട്രോളിങ് നിരോധനം പിന്‍വലിക്കുന്നതോടെ ഇത്തരം നിയന്ത്രണവും ഇല്ലാതാവുമെങ്കിലും പ്രാദേശികമായി കടല്‍ക്കോടതി ഉള്‍പ്പെടെയുള്ളവ ഇത്തരമൊരു ധാരണയിലെത്താറുണ്ട്. വടകര, ചോമ്പാല ഭാഗത്തുള്ളവര്‍ കാസര്‍കോട്, നീലേശ്വരം, കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ പോയാണ് ഇപ്പോള്‍ മത്സ്യബന്ധനം നടത്തുന്നത്. കൊയിലാണ്ടി ഭാഗത്തുള്ളവരാവട്ടെ ആലപ്പുഴ വരെ മത്സ്യം തേടി പോകുന്നതായും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

Leave a Reply