Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് ബസ്സ്റ്റാന്റില്‍ യാത്രക്കാരായ രോഗികള്‍ക്ക് തണലായി കുടുംബശ്രീ …

കോഴിക്കോട് ബസ്സ്റ്റാന്റില്‍ യാത്രക്കാരായ രോഗികള്‍ക്ക് തണലായി കുടുംബശ്രീ …

പ്രഷറും ഷുഗറും കൊളസ്‌ട്രോളുമൊക്കെയുള്ള യാത്രക്കാര്‍ക്ക് കുടുംബശ്രീയുടെ ‘സാന്ത്വനം’. മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലെത്തുന്ന രോഗികളായ യാത്രക്കാര്‍ക്കും മുറിവേറ്റവര്‍ക്കുമെല്ലാം ആശ്വാസം പകരാനാണ് കുടുംബശ്രീയുടെ സാന്ത്വനം പദ്ധതി. ബസ്സ്റ്റാന്‍ഡില്‍ രോഗികള്‍ക്ക് തണലും സഹായവുമായി എട്ടു വര്‍ഷമായി ഇവര്‍ ഇവിടെയുണ്ട്.
സാന്ത്വനം പദ്ധതിയുടെ ഭാഗമായി അഞ്ച് കുടുംബശ്രീ പ്രവര്‍ത്തകരാണ് ജില്ലയില്‍ രോഗപരിശോധന നടത്തുന്നത്. ഇതില്‍ രണ്ടു പേരാണ് മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലുള്ളത്. കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലാണ് മറ്റുള്ളവരുടെ പ്രവര്‍ത്തനം. കോഴിക്കോട് ബസ്സ്റ്റാന്‍ഡില്‍ ദിവസവും നൂറോളം പേരാണ് പരിശോധനക്കെത്തുന്നത്. രോഗികള്‍ക്ക് തണലേകാന്‍ കൂരാച്ചുണ്ട് സ്വദേശികളായ ശ്രീജ ബാലനും മിനി സജിയും രാവിലെ ഒമ്പത് മുതല്‍ സജീവമാണ്. പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍, ഭാരം, ഉയരം, ബോഡി മാക്‌സ് ഇന്‍ഡെക്‌സ് തുടങ്ങിയ പരിശോധനകളാണ് നടത്തുക. എല്ലാ പരിശോധനക്കുമായി 130 രൂപയാണ് ഫീസ്. ഷുഗറിന് 30രൂപയും പ്രഷറിന് 10രൂപയുമാണ് വാങ്ങുന്നത്. 60 രൂപ നല്‍കിയാല്‍ കൊളസ്‌ട്രോളും പരിശോധിക്കും. മുറിവേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കും. ആര്‍ക്കെങ്കിലും തലചുറ്റലോ മറ്റോ കണ്ടാല്‍ സാമ്പത്തിക പ്രയാസമുണ്ടെങ്കില്‍ സൗജന്യമായും പരിശോധന നടത്താറുണ്ട്. മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലെത്തുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ക്കാണ് കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനം ലഭിക്കുന്നത്. എന്നാല്‍, വര്‍ഷങ്ങളായിട്ടും ബസ്സ്റ്റാന്‍ഡിലെ വരാന്തയിലാണ് ഇവരുടെ പ്രവര്‍ത്തനം. സൗകര്യങ്ങളില്ലാത്തത് പ്രവര്‍ത്തകരെ ഏറെ വലയ്ക്കുകയാണ്.

Leave a Reply