Home » കവർ സ്റ്റോറി » അനുരാഗ ഗാനം പോലെ…കോഴിക്കോടിന്റെ ബാബുക്കയുടെ സ്മരണക്കുമുമ്പിൽ ആദരാഞ്ജലികൾ നേരുന്നു

അനുരാഗ ഗാനം പോലെ…കോഴിക്കോടിന്റെ ബാബുക്കയുടെ സ്മരണക്കുമുമ്പിൽ ആദരാഞ്ജലികൾ നേരുന്നു

എഴുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കോഴിക്കോട് നഗരത്തിലെ പഴയ പോലീസ് ലൈനിനടുത്ത റോഡില്‍ ഒരാള്‍ക്കൂട്ടം.
മലബാര്‍ റിസര്‍വ്വ് പോലീസിലെ കോണ്‍സ്റ്റബിളായ കുഞ്ഞുമുഹമ്മദ് ഒരു കൗതുകത്തിന് അവിടേയ്ക്ക് ചെന്നു.
ഒരു തെരുവു ഗായകന്‍ പാടുകയാണ്. പത്ത്-പതിനഞ്ച് വയസ്സുള്ള പയ്യനാണ്. കള്ളി ബനിയനിട്ട ഒരവശനായ ഗായകന്‍ തന്റെ വയറില്‍ കൊട്ടി താളം പിടിച്ച് ഉച്ചത്തില്‍ പാടുകയാണ്. ശ്രുതിമധുരമാണ് ആ ഗാനങ്ങള്‍. ഹിന്ദുസ്ഥാനിയും, മാപ്പിളപ്പാട്ടുകളും, രബീന്ദ്രസംഗീതവുമൊക്കെയുണ്ട്. സംഗീതതല്പരനായ ആ പോലീസുകാരന്‍ ആ പാട്ടുകളില്‍ ആകൃഷ്ടനായി അവിടെ തന്നെ നിന്നു. പാടിത്തളര്‍ന്നപ്പോള്‍ അവന്‍ ഓരോരുത്തരുടെ മുന്നിലും കൈനീട്ടി. നാണയത്തുട്ടുകള്‍ എറിഞ്ഞു കൊടുത്ത് ഓരോരുത്തരായി പിരിഞ്ഞുപോയപ്പോള്‍ കുഞ്ഞു മുഹമ്മദ് അവന്റെ അടുത്തെത്തി സൗമ്യനായി തിരക്കി, “എന്താ നിന്റെ പേര്?”
“സാബിര്‍ ബാബു” അവന്‍ പറഞ്ഞു. അയാള്‍ അവന്റെ വീട്ടുകാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
ബാപ്പയും ഉമ്മയും മരിച്ചു പോയി. കുറച്ചു കാലമായി പാട്ടുപാടി തെരുവുകളില്‍ അലയുകയാണ്.
ജാന്‍ മുഹമ്മദ് സാഹിബ് എന്ന അക്കാലത്തെ പ്രശസ്തനായ ഖവാലി ഗായകനായിരുന്നു അച്ഛന്‍. അന്നൊക്കെ മലബാറിലെ ധനാഢ്യരായ മുസ്ലീങ്ങളുടെ വീടുകളിലെ നിക്കാഹിന് ഖവാലി സംഘങ്ങള്‍ മാറ്റുരയ്ക്കുന്ന പതിവുണ്ടായിരുന്നു. പുതിയാപ്ലയോടൊപ്പം വധൂഗൃഹങ്ങളിലേയ്ക്ക് ഗായകസംഘം പോകും. അവിടെയള്ള ഖവാലി ഗായകരുമായി മത്സരിച്ച് പാടി രാവ് വെളുപ്പിക്കും. അതിനായി കല്‍ക്കത്തയില്‍ നിന്നും വരുത്തിയതായിരുന്നു ജാന്‍ മുഹമ്മദിനെ. അദ്ദേഹം കോഴിക്കോട്ടു നിന്ന് വാഴക്കാടുകാരി ഫാത്തിമയെ വിവാഹം കഴിച്ചതില്‍ പിറന്നതാണ് സാബിര്‍ സാബു. ആറു വയസ്സായപ്പോഴേക്കും ഉമ്മ മരിച്ചു. ഉപ്പ തലശ്ശേരിയില്‍ നിന്നു പിന്നെയും കെട്ടി. അവന്റെ അനാഥ ബാല്ല്യം കെട്ടു പൊട്ടിയ പട്ടം പോലയായിതീരാന്‍ അധിക കാലം വേണ്ടി വന്നില്ല. ഉപ്പ കല്‍ക്കത്തയ്ക്ക് മടങ്ങിപ്പോയി. അങ്ങനെ, അക്ഷരാര്‍ത്ഥത്തില്‍ തെരുവിലായി അവന്റെ ജീവിതം. വയറ്റത്തടിച്ച് പാട്ടുപാടാന്‍ തുടങ്ങിയത് അങ്ങനെയാണ്. ഇടയ്‌ക്കെപ്പോഴോ ഉപ്പയെ അന്വേഷിച്ച് കല്‍ക്കത്തയ്ക്ക് കള്ളവണ്ടി കയറി. പക്ഷെ ഉപ്പയെ കണ്ടെത്താനാകാതെ ചൗരംഗിയിലും, ഹൗറയിലും നിത്യവൃത്തിക്കായി വയറ്റത്തടിച്ച് പാടി നടക്കേണ്ടി വന്നു. സൈഗാളിന്റെയും ആത്മയുടെയും പ്രശസ്ത ഗാനങ്ങള്‍ പാടി തെരുവുകളില്‍ അലഞ്ഞു തിരിഞ്ഞ ശേഷമായിരുന്നു കോഴിക്കോട്ടെത്തിയത്.
ഈ തെരുവു ബാലന്റെ കരളലിയിക്കുന്ന ജീവിത കഥ ആ പോലീസുകാരനെ പിടിച്ചുലച്ചു. അയാള്‍ അവനെ കൈപിടിച്ച് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. നീയിനി എങ്ങും പോകേണ്ട. എന്റെ ഒപ്പം പോര്.
രണ്ട് അനിയന്മാരും അനിയത്തിമാരും അവിടെ കൂട്ടിനുണ്ടായിരുന്നു. കുഞ്ഞുമുഹമ്മദ് അവന് പുതുവസ്ത്രങ്ങളും ഭക്ഷണവും നല്‍കി. വൈകിട്ട് തന്റെ സുഹൃത്തുക്കളെ വിളിച്ചുകൂട്ടി സാബിര്‍ ബാബുവിനെക്കൊണ്ട് ഗാനമേള നടത്തിച്ചു. പിന്നെ, കോഴിക്കോട്ടെ സംഗീത സദസുകളിലൂടെ നാടകരംഗത്തേയ്ക്ക്. പിന്നെ സിനിമയിലൂടെ മലയാളിയുടെ മനസ്സിലേക്ക് സാബിര്‍ ബാബു നടന്നടുത്തു, നമ്മുടെ പ്രിയപ്പെട്ട ബാബുരാജായി.

ഒരേ സമയം ലളിതവും തീവ്രവുമായിരുന്നു അദ്ദേഹത്തിന്‍റെ ഈണങ്ങളത്രയും…
ഹൃദയം പകുത്തു നല്‍കിയാണ് അദ്ദേഹം ഓരോ പാട്ടുകള്‍ക്കും ജന്മം നല്‍കിയത് ,
അനാഥമാക്കപ്പെട്ട ബാല്യത്തിന്റെയും അലഞ്ഞു തിരിഞ്ഞു നടന്ന കൌമാരത്തിന്റെയും ആഘോഷിക്കപ്പെട്ട യൌവനത്തിന്റെയും അവഗണിക്കപ്പെട്ട അവസാന നാളുകളുടെയുമെല്ലാം ഭാവങ്ങള്‍ അദ്ദേഹത്തില്‍ നിന്നും സംഗീതമായി പുറത്തു വന്നു.
ഏകാന്ത പധികനായ വിഷാദ ഗായകനേയും ഗസല്‍ മഴ പെയ്യിക്കുന്ന പ്രണയത്തിന്റെ പ്രവാചകനേയും അദ്ദേഹത്തിന്റെ സംഗീതത്തില്‍ കാണാന്‍ കഴിയും …
മുഹമ്മദ്‌ സാബിര്‍ എന്ന എം എസ് ബാബുരാജ് , മലയാളികളുടെ പ്രിയപ്പെട്ട ബാബുക്കയുടെ ചരമ വാര്‍ഷികമാണ് ഒക്ടോബര്‍ 7ന് .

ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ജാന്‍ മുഹമ്മദ് സാഹിബിന്റെയും മലയാളിയായ ഉമ്മയുടെയും മകനായി 1921 മാർച്ച് 29 നു ആയിരുന്നു ബാബുരാജിന്റെ ജനനം.ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. വംഗനാട്ടുകാരനായ പിതാവ് വളരെ ചെറുപ്പത്തില്‍ തന്നെ കൊച്ചു സാബിരിനെയും ഉമ്മയും ഉപേക്ഷിച്ചു കൊല്‍ക്കത്തയിലേക്ക് തിരിച്ച് പോയി ,പാതി അനാഥനായി തീര്‍ന്ന സാബിര്‍ പിതാവിനെ തേടി കൊല്‍ക്കത്ത യിലേക്ക് പോയി. അവിടെ നിന്നും ഹാര്‍മ്മോനിയം പഠിച്ചാണ് സാബിര്‍ തിരിച്ചു വന്നത്. കടുത്ത പട്ടിണിയും ദുരിതങ്ങളേയും തുടര്‍ന്നു അന്നന്നത്തെ അന്നത്തിനു വേണ്ടി കോഴിക്കോടിന്റെ തെരുവിലും ട്രെയിനുകളിലും അദ്ദേഹം പാട്ടു പാടി നടന്നു, ചെറുപ്പത്തില്‍ പിതാവില്‍ നിന്നും ബാല പാഠങ്ങള്‍ പഠിച്ചെടുത്തതും പിതാവിന്റെ ബാക്കി പത്രമായി രക്തത്തില്‍ അലിഞ്ഞു കിട്ടിയതും ആയ ഹിന്ദുസ്ഥാനി സംഗീതം സംഗീതസ്നേഹിയായ കുഞ്ഞഹമ്മദ് ക്ക എന്ന പോലീസുകാരന്‍ കണ്ടെത്തുകയും ദത്തെടുക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. തുടര്‍ന്നു കോഴിക്കോട്ടെ കല്യാണരാവുകള്‍ സാബിര്‍ തന്റെ സംഗീതം കൊണ്ടു നിറച്ചു. അക്കാലത്തെ സാംസ്കാരിക നായകരുടെ ഒത്തുകൂടല്‍ കേന്ദ്രമായ കോഴിക്കോട്ടെ സംഗീത പരിപാടികള്‍ സാബിറിനെ പ്രശസ്തരായ വ്യക്തികള്‍ ശ്രദ്ദിക്കാന്‍ ഇടയാക്കി.അങ്ങിനെ അദ്ദേഹത്തിനു നാടകങ്ങള്‍ക്ക് സംഗീതം നല്‍കാനുള്ള അവസരങ്ങള്‍ ലഭിച്ചു. 1951-ല്‍ ‘ഇന്‍‌ക്വിലാബിന്റെ മക്കള്‍’ എന്ന നാടകത്തിനു സംഗീതം നല്‍കിക്കൊണ്ട് നാടകരംഗത്ത്‌ എത്തിയ ബാബുരാജ് പിന്നീട് ഒട്ടനവധി നാടകങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുകയും പാടുകയും ചെയ്തു. ടി മുഹമ്മദ് യൂസഫിന്റെ ‘കണ്ടം ബെച്ച കോട്ട്’, കേരള കലാവേദിയുടെ ‘നമ്മളൊന്ന്’ എന്നിവയാണ് അതില്‍ പ്രധാനം.

അദ്ദേഹത്തിന്‍റെ സംഗീതത്തില്‍ ആകൃഷ്ടനായ പി ഭാസ്കരന്‍ മാസ്റര്‍ പിന്നീട് അദ്ദേഹത്തെ സിനിമാ ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്തി. ഭാസ്കരന്‍ മാഷ്‌ തന്നെയാണ് അദ്ദേഹത്തിനു ബാബുരാജ് എന്ന് നാമകരണം നല്‍കിയത്. 1957 ല്‍ ‘മിന്നാമിനുങ്ങ്‌’ എന്ന ചിത്രത്തിലൂടെയാണ് ബാബുരാജ് സ്വതന്ത്ര സിനിമാ സംഗീതസംവിധായകനാവുന്നത്. അദ്ദേഹം ഈണം പകര്‍ന്നതിലേറെയും പി ഭാസ്കരന്റെ വരികള്‍ക്കാണ്. വയലാര്‍, ഓ എന്‍ വി, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി എന്നിവരുടെ രചനകള്‍ക്ക് നല്‍കിയ സംഗീതവും മറക്കാനാവാത്തതാണ്…
1978 ഒക്ടോബർ 7 നു ബാബുരാജ് ഓര്‍മ്മയായി..

ജീവിതത്തില്‍ ഒന്നിനും കണക്കുവെയ്ക്കാതെ ആഘോഷപൂര്‍വ്വം മുന്നോട്ടുപോയ ബാബുരാജിന്റെ അവസാന നാളുകള്‍ അദ്ദേഹത്തെ അടുത്തറിയുന്നവരെ ഏറെ നൊമ്പരപ്പെടുത്തി. പക്ഷാഘാതം വരുകയും സിനിമയില്‍ അവസരങ്ങള്‍ കുറയുകയും ചെയ്തതോടെ കൂടെ നിന്നവരൊക്കെ ബാബുരാജിനെ കൈയ്യൊഴിഞ്ഞു.
മദിരാശിയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ കിടന്നാണ് അന്‍പത്തിയേഴാം വയസ്സില്‍ അദ്ദേഹം അന്ത്യശ്വാസം വലിക്കുന്നത്.

മരണമടുത്തപ്പോള്‍ വാര്‍ഡില്‍ ഒപ്പമുണ്ടായിരുന്ന ഒരു സ്‌നേഹിതനോട് പി.ഭാസ്‌കരന്‍ എഴുതിയ “അന്വേഷിച്ചു കണ്ടെത്തിയില്ല” എന്ന ചിത്രത്തിലെ “താമരക്കുമ്പിള്ളല്ലോ മമ ഹൃദയം” എന്ന ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ടു. ഒപ്പം പാടാന്‍ അദ്ദേഹം ശ്രമിച്ചു. ‘താതാ നിന്‍ കല്പനയാല്‍’ എന്ന വരി ദുര്‍ബ്ബല ശബ്ദത്തില്‍ പാടിക്കൊണ്ടിരിക്കേ ആ ശബ്ദം എന്നെന്നേയ്ക്കുമായി നിലച്ചു
പ്രിയപ്പെട്ടവർക്ക് ആ സ്മരണകൾ കടലിരമ്പമാകുന്നു.ബാബുക്കയുടെ ഗാനങ്ങൾ അനശ്വരമാണു;അപൂർണ്ണമായ ആ ജിവിതം നൽകുന്ന അനുഭവപാഠങ്ങളും അങ്ങനെ തന്നെ.

പ്രശസ്ത ഗായകൻ കോഴിക്കോട് അബ്ദുൾ ഖാദറിന്റെ ഭാര്യയുടെ അനിയത്തിയെയാണു ബാബുരാജ് ആദ്യം വിവാഹം കഴിച്ചത്. അതിൽ 2 കുട്ടികളും ഉണ്ടായിരുന്നു. അവരുടെ മരണശേഷം കല്ലായിക്കാരി ബിച്ചയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ മൂന്ന് ആണ്മക്കളും 2 പെണ്മക്കളും ഉണ്ട്.

ദ്വീപ്, സുബൈദ, ഉമ്മ, കാട്ടുമല്ലിക, ലൈലാമജ്നു, കാർത്തിക, ഖദീജ, കാട്ടുതുളസി, മിടുമിടുക്കി, പുള്ളിമാൻ, തച്ചോളി ഒതേനൻ, മൂടുപടം, തറവാട്ടമ്മ, ഡോക്ടർ, പാലാട്ടു കോമൻ, നിണമണിഞ്ഞ കാല്‍പ്പാടുകൾ, പരീക്ഷ, അന്വേഷിച്ചു കണ്ടെത്തിയില്ല, ഭദ്രദീപം, യത്തീം തുടങ്ങിയവയാണു അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച പ്രശസ്ത ചിത്രങ്ങൾ
പെണ്മക്കൾ, ഭർത്താവ്, കാട്ടു തുളസി, നിണമണിഞ്ഞ കാല്‍പ്പാടുകൾ തുടങ്ങിയ ചിത്രങ്ങൾ

Leave a Reply