Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് നഗരത്തിലെ ഗതാഗത സ്തംഭനം പതിവുകാഴ്ച; സമ്മേളനവും പ്രകടനവും കാരണം ബുദ്ധിമുട്ടിലാകുന്നത് സാധാരണക്കാര്‍

കോഴിക്കോട് നഗരത്തിലെ ഗതാഗത സ്തംഭനം പതിവുകാഴ്ച; സമ്മേളനവും പ്രകടനവും കാരണം ബുദ്ധിമുട്ടിലാകുന്നത് സാധാരണക്കാര്‍

കോഴിക്കോട് നഗരത്തില്‍ ഗതാഗത സ്തംഭനം നിത്യസംഭവമാകുന്നു. രാഷ്ര്ടീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും സമ്മേളനങ്ങളുടെ റാലികള്‍ വിജയിപ്പിക്കാനായി റോഡുകള്‍ പോലീസ് കൊട്ടിയടക്കുന്നതോടെ ഗതാഗതക്കുരുക്ക് നഗരപരിധിയും കഴിഞ്ഞ് പുറത്തേക്ക് നീളുന്നു. ആഴ്ചകളായി ഇതാണ് നഗരത്തിലെ സ്ഥിതി. നഗരത്തില്‍ നിന്ന് ബീച്ചിലേക്കാണ് സ്ഥിരം റാലികള്‍. അത്യാസന്ന രോഗികളടക്കം ചികിത്സയിലുള്ള ഗവ. ബീച്ച് ആശുപത്രി പരിസരത്തുകൂടെയാണ് റാലികള്‍ സമ്മേളന നഗരിയിലെത്തുക. ബാന്‍ഡിന്റെയും, നാസിക് ഡോളിന്റെയും പ്രകമ്പന ശബ്ദത്തില്‍ രോഗികളും നിസഹായരാവുകയാണ്.
കഴിഞ്ഞ ദിവസം നടന്ന ബിജെപി ദേശീയ കൗണ്‍സിലുമായി ബന്ധപ്പെട്ട് മൂന്നു ദിവസമാണ് നഗരത്തിലും പരിസരത്തും ഗതാഗത തടസമുണ്ടായത്. അടുത്ത ദിവസം പോപ്പുലര്‍ ഫ്രണ്ട് മഹാസമ്മേളനത്തോടനുബന്ധിച്ച് നാലു മണിക്കൂറിലേറെ റോഡുകള്‍ തടസപ്പെട്ടു. ഈ ദിവസങ്ങളില്‍ വാഹനക്കുരുക്ക് കിലോമീറ്ററുകള്‍ നീണ്ടു. ഇന്നലെ രാവിലെ ഐസിഎസ്ഇ സ്‌കൂള്‍ കലോത്സവ വിളംബര ജാഥയുടെ ഭാഗമായി മാനാഞ്ചിറ മുതല്‍ ടാഗോര്‍ സെന്റിനറിഹാള്‍ പരിസരം വരെ ഗതാഗതം തടസപ്പെട്ടു. വിളംബര ജാഥ റോഡരികില്‍ ചേര്‍ന്ന് പോയതിനാല്‍ കാര്യമായി ജനത്തെ ബാധിച്ചില്ലെന്നു മാത്രം. ഇന്നലെ വൈകിട്ട് സിഐടിയു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഒന്നേകാല്‍ മണിക്കൂറിലധികം ദേശീയപാത തടസപ്പെട്ടു. മുതലക്കുളത്ത് നിന്ന് ബീച്ചിലെ സമ്മേളന നഗരിയിലേക്കായിരുന്നു റാലി. റാലി പുറപ്പെടുന്നതിനു മുന്‍പുതന്നെ പോലീസ് ബാങ്ക് റോഡ് ജംഗ്ഷന്‍ കൊട്ടിയടച്ചു. ഒരു ഡസനോളം പോലീസുകാര്‍ നിരന്നു നിന്നാണ് സാധാരണക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞത്. കിലോ മീറ്ററുകള്‍ വാഹന നിര നീണ്ടപ്പോള്‍ സ്ത്രീകളടക്കം യാത്രക്കാര്‍ക്ക് റോഡിലിറങ്ങി നടക്കേണ്ടി വന്നു. കണ്ണൂര്‍ഷൊര്‍ണ്ണൂര്‍ ഭാഗങ്ങളിലേക്ക് പതിവായി ട്രെയിനില്‍ പോകുന്നവരാണ് ഏറെ കഷ്ടപ്പെട്ടത്. അതേസമയം സമ്മേളനനഗരിയില്‍ എത്തേണ്ട വിഐപികള്‍ പോലീസ് എസ്‌കോര്‍ട്ടോടെ കൊടിവെച്ച കാറുകളില്‍ കൃത്യസമയത്ത് എത്തി.
രാഷ്ര്ടീയ പാര്‍ട്ടികളുടെ റാലി പ്രഖ്യാപിച്ചാല്‍ മുന്‍കൂട്ടി നോട്ടീസിറക്കി റോഡുകള്‍ കൊട്ടിയടക്കുന്നതാണിപ്പോള്‍ പോലീസിന്റെ രീതി. ഒരു പത്രക്കുറിപ്പ് ഇറക്കുന്നതോടെ പോലീസിന്റെ ജോലി കഴിഞ്ഞു. സാധാരണക്കാര്‍ എത്ര കഷ്ടപ്പെട്ടാലും റാലികള്‍ വിജയിപ്പിക്കുന്നതിലാണ് പോലീസിനിപ്പോള്‍ താത്പര്യം. റോഡിന്റെ പകുതി ഭാഗം പ്രകടനക്കാര്‍ നീക്കിവച്ച് ബാക്കി ഭാഗത്ത് ഗതാഗതം അനുവദിക്കാന്‍ പോലും നീക്കമുണ്ടാകുന്നില്ല.

Leave a Reply