Home » മറുകാഴ്ച » പാഴ് വസ്തുക്കളും പാഴ് ചിന്തകളും.

പാഴ് വസ്തുക്കളും പാഴ് ചിന്തകളും.

മാലിന്യ പ്രശ്നത്തിൽ നവീന ചിന്തകളുമായി ഒഡീസ്സിയ ഗ്രൂപ്പ് ചെയർമാൻ ശശിധരൻ രജതം

ഒരു ദിവസം പത്രവായനക്കിടയിൽ കുറച്ചുസമയം
ഹരിനന്ദിനെ കുറിച്ച് ആലോചിച്ചു. ഒരു അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ വായിക്കുകയായിരുന്നു.ഹരിനന്ദ് മൂന്നാം വയസ്സിലേക്ക് നടക്കുകയാണ്. അവന് പറഞ്ഞുകൊടുക്കുവാൻ മുത്തശ്ശിക്കഥകളുടെ വലിയ ശേഖരമില്ലാത്ത മുത്തച്ഛനാണ് ഞാൻ. പക്ഷെ എനിക്കതിൽ സങ്കടപ്പെടേണ്ടി വന്നിട്ടില്ല.കഥ കേൾക്കണമെങ്കിൽ കുട്ടികൾക്കുള്ള ഏതെങ്കിലും ഒരു പ്രസിദ്ധീകരണവുമായി അവൻ അടുത്തെത്തും. ഒരു ചിത്രം ചൂണ്ടി അതിന്റെ കഥ പറഞ്ഞുകൊടുക്കുവാൻ ആവശ്യപ്പെടും. ചിത്രങ്ങളിലൂടെ കഥ പറഞ്ഞ് ഫലിപ്പിക്കുന്പോൾ അവൻ ചിരിക്കും അത്ഭുതപ്പെടും,പേടിക്കും. ചിലപ്പോൾ സ്മാർട് ഫോണുമായി വരും. പാസ്സ് വേർഡ് കൊടുത്ത് തുറന്ന് അവനാവശ്യമുള്ളത് തിരഞ്ഞെടുത്ത് കൂടെ കൂടുവാൻ പറയും….
എന്റെ കുട്ടിക്കാലം പോലെയല്ല;അവന് ധാരാളം കളിക്കോപ്പുകളുണ്ട്. അധികവും പ്ളാസ് റ്റിക് ഉല്പന്നങ്ങളാണ്. അകത്തും പുറത്തുമായി ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങൾ,ചിത്രപ്പുസ്തകങ്ങൾ,മാസികകൾ,മിഠായികവറുകൾ…ഇവക്കിടയിലൂടെയാണ് അവൻ വളരുന്നത്. വർത്തമാനകാല ഭാഷയിൽ പറയുകയാണെങ്കിൽ
അവൻ കളിച്ചുചിരിച്ചു നടക്കുന്ന ഒരു കൊച്ചുതുണ്ട് ഭൂമിയിൽ അവനെ പ്രതി ധാരാളം പാഴ് വസ്തുക്കൾ
കുമിഞ്ഞുകൂടുന്നു. ഇവയെ
നാം “മാലിന്യം”എന്നും വിളിക്കുന്നു.
യഥാർത്ഥ്യത്തിൽ ഇവ മാലിന്യമാണോ? മനുഷ്യ ജീവിതം കൂടുതൽ ആഹ്ളാദകരമാക്കുവാൻ കണ്ടെത്തിയ
പ്രകൃതി തന്നെയല്ലേ? ഹരിനന്ദനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ദൌത്യ നിർവ്വഹണത്തിനു ശേഷം ചിതറിക്കിടക്കുന്ന ഇവയുടെ പുനരുപയോഗ സാദ്ധ്യതകൾ അനന്തമല്ലേ?

രണ്ടു കൊല്ലം കഴിഞ്ഞാൽ ഹരിനന്ദ് സ്കൂളിൽ പോകാൻ തുടങ്ങും. തുടർന്നുള്ള അവന്റെ വിദ്യാഭ്യാസ കാലം ഇത്തരം ചോദ്യങ്ങളുടേതുംഅന്വേഷണങ്ങളുടേതും ആകണമെങ്കിൽ”മാലിന്യ”ത്തോടുള്ള സമീപനം എന്തായിരിക്കണം?
“മാലിന്യം” എന്ന് ഏന്റെ മുത്തച്ഛൻ പറഞ്ഞ് ഞാൻ കേട്ടിട്ടില്ല.
ഇവിടെ നിന്ന് പത്രവായനയിലേക്ക് തിരിച്ചു പോയി. മുംബൈക്കാരി യുവ ശാസ്ത്രഞ്ജ വീണാ സഹജ് വാലയുമായി നടത്തിയ അഭി മുഖമായിരുന്നു വായിച്ചത്.http://www.thehindu.com/business/an-interview-veena-sahajwalla-director-centre-for-sustainable-materials-research-and-technology/article8925130.ece
വായനക്ക് ഇങ്ങനെ ചില ഗുണങ്ങളുണ്ട്. ഇടയിൽ ഉപേക്ഷിച്ച് ധാരാളം പാഴ്ചിന്തകളിലൂടെ സഞ്ചരിച്ച് തിരിച്ചുവരാം.

വലിച്ചെറിഞ്ഞ് സൃഷ്ടിക്കുന്ന മാലിന്യം മൂലം പുറത്തിറങ്ങി നടക്കുവാൻ പേടിതോന്നുന്നുണ്ട്. ഹരിനന്ദ് പുറത്ത് കളിക്കുന്പോൾ നായ് പേടി ബാധിച്ച കണ്ണുകൾ അവനെ പിന്തുടരുന്നുണ്ട്. നായ്ക്കളെ കൊല്ലാനും കൊല്ലാതിരിക്കുവാനുമുള്ള വീറുറ്റ വിവാദങ്ങൾ നടക്കുന്നുണ്ട്. അതോടൊപ്പം “മാലിന്യ”നിർമ്മാർജ്ജനവും. നടക്കട്ടെ!ഒന്നും മാറ്റിവെക്കാതെ മറ്റൊരുവിധത്തിലും ആലോചിക്കാമല്ലോ.
ഭക്ഷണം നമുക്കു തരുന്നത് ഊർജ്ജമാണ്. ഭക്ഷണാവശിഷ്ടങ്ങളിലും ഈ ഊർജം കുടികൊള്ളുന്നുണ്ട്. അതിൽ നിന്നാണല്ലോ കടിച്ചുകൊല്ലുവാനുള്ള ഊർജം നായ നേടുന്നത്.മനുഷ്യൻ ഉപേക്ഷിക്കുന്ന ഈ ഊർജത്തെയാണ് നാം”മാലിന്യം”എന്ന് വിളിക്കുന്നത്. അത് മനുഷ്യന് ഗുണകരമാക്കിയെടുക്കാനുള്ള കണ്ടെത്തലുകൾ ഉണ്ടാകുന്പോൾ മാലിന്യമെന്ന വാക്ക് അപ്രസക്തമാകും. ഒരുപക്ഷ,ഇന്ന്
വലിച്ചെറിയുന്നത് സൂക്ഷിച്ചുവെക്കേണ്ട അമൂല്യ വസ്തുവായി മാറും. ഹരിനന്ദ് ചിന്തിക്കുവാൻ തുടങ്ങുന്പോൾ “മാലിന്യ”ത്തെ “ഹരിതോർജ്ജം”എന്നായിരിക്കും വിശേഷിപ്പിക്കുക.
പുതിയ തലമുറ ധാരാളം പുതിയ കാര്യങ്ങൾ അറിയുന്നുണ്ട്. പുതിയ കാഴ്ചകൾ കാണുന്നുണ്ട്. പുതിയ വഴികൾ തേടുന്നുണ്ട്. പഴയ പരിസരങ്ങളിൽ നിന്നുകൊണ്ട് വിവാദങ്ങളുണ്ടാക്കുന്നവരെ നോക്കി അവർ ചിരിക്കുന്നുണ്ട്. അവരെ നയിക്കുവാൻ അവരെ ത്രസിപ്പിക്കുന്ന നേതൃത്വം വേണം. എഴുപതുകളിൽ അള്ളിപ്പിടിക്കുന്ന ധിഷണാനേതൃത്വം മലയാളിയുടെ പരിമിതിയാണോ?

Leave a Reply