Home » നമ്മുടെ കോഴിക്കോട് » കോഴിക്കോടിനു സ്വന്തമായി സിവില്‍ സ്റ്റേഷനില്‍ കേരള പി എസ് സി യുടെ ഓൺലൈൻ പരീക്ഷാകേന്ദ്രം

കോഴിക്കോടിനു സ്വന്തമായി സിവില്‍ സ്റ്റേഷനില്‍ കേരള പി എസ് സി യുടെ ഓൺലൈൻ പരീക്ഷാകേന്ദ്രം

നിയമനത്തില്‍ തുല്യത ഉറപ്പാക്കുന്ന കേരള പബ്‌ളിക് സര്‍വിസ് കമീഷന്‍ ഓണ്‍ലൈനാകുമ്പോള്‍ ഒരു വിഭാഗത്തിന്റെ അവകാശം നിഷേധിക്കപ്പെടാന്‍ ഇടവരരുതെന്നും ആദിവാസികളടക്കമുള്ളവര്‍ക്ക് തുല്യാവസരം ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പി.എസ്.സി മലയാളത്തെ അവഗണിക്കുന്നുവെന്ന പരാതി പരിഹരിക്കണമെന്നും ഓണ്‍ലൈന്‍ സോഫ്‌റ്റ്വേറില്‍ മലയാളം ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ കേരള പബ്‌ളിക് സര്‍വിസ് കമീഷന്റെ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പണ്ട് പഠിച്ചാലും അതിനനുസരിച്ചുള്ള ജോലികിട്ടാത്ത അവസ്ഥയാണുണ്ടായിരുന്നത്. ഈഴവ, ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ നടത്തിയ 1935ലെ നിവര്‍ത്തന പ്രക്ഷോഭമാണ് പി.എസ്.സി രൂപവത്കരിക്കുന്നതിന് കാരണമായത്. നിയമനത്തില്‍ തുല്യത ഉറപ്പാക്കാനായി സ്ഥാപിതമായ പി.എസ്.സിയില്‍ ഓണ്‍ലൈന്‍പോലുള്ള ആധുനിക സാങ്കേതികവിദ്യ വരുമ്പോള്‍ ഒരു വിഭാഗം ജനങ്ങളുടെ അവകാശം നിഷേധിക്കപ്പെടാന്‍ ഇടവരരുത്.

ആധുനികവത്കരണം പ്രോത്സാഹിപ്പിക്കപ്പെടണം. എന്നാല്‍, പ്രാന്തവത്കരിക്കപ്പെട്ടവരെകൂടി ഉയര്‍ത്തിക്കൊണ്ടുവരാന്‍ അതിലൂടെ കഴിയണം. സാങ്കേതിക പരിജ്ഞാനമില്ലാത്തതിനാല്‍ പിന്തള്ളപ്പെടുന്നുവെന്ന തോന്നല്‍ ദുര്‍ബല വിഭാഗങ്ങളില്‍ ഉണ്ടാക്കരുത്. അതിനാല്‍, പിന്നാക്ക ദുര്‍ബല വിഭാഗങ്ങളിലുള്ളവര്‍ക്കായി സഹായകേന്ദ്രങ്ങള്‍ പി.എസ്.സി ആരംഭിക്കണം പിണറായി പറഞ്ഞു.

പരിശീലിപ്പിക്കാനായി അവിടെ വിദഗ്ധരെ നിയോഗിക്കണം. പി.എസ്.സിയുടെ സോഫ്‌റ്റ്വേറും അപേക്ഷയുള്‍പ്പെടെയുള്ള നടപടികളും ലളിതമാക്കണം. പല സര്‍ക്കാര്‍ സംവിധാനത്തിലും വിവരസാങ്കേതിക വിദ്യയുടെ പേരില്‍ മലയാളത്തെ ഒഴിവാക്കാന്‍ ശ്രമമുണ്ട്. പി.എസ്.സി മലയാളത്തെ അവഗണിക്കുന്നുവെന്ന പരാതി പരിഹരിക്കണം. ഓണ്‍ലൈന്‍ സോഫ്‌റ്റ്വേറില്‍ മലയാളം ഉള്‍പ്പെടുത്തണം. ഭരണഭാഷ മലയാളമായതിനാല്‍, ഉദ്യോഗാര്‍ഥികള്‍ക്ക് മലയാളം അറിയുമോയെന്ന് പരീക്ഷിക്കുന്നതില്‍ തെറ്റില്ലഅദ്ദേഹം പറഞ്ഞു.

321 പേര്‍ക്ക് ഒരുമിച്ച് പരീക്ഷയെഴുതാനാകുന്ന കെ.പി.എസ്.സിയുടെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രമാണ് കോഴിക്കോട്ടേത്. മലബാറിലെ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകള്‍ക്കായുള്ള സെന്ററിലെ ആദ്യ ഓണ്‍ലൈന്‍ പരീക്ഷ 17ന് നടക്കും. കെ.പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ. രാഘവന്‍ എം.പി, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, കെ.പി.എസ്.സി അംഗങ്ങളായ ഡോ. എന്‍. സെല്‍വരാജ്, കെ. പ്രേമരാജന്‍, ജോയന്റ് സെക്രട്ടറി കെ.പി. തങ്കമണി അമ്മ  എന്നിവര്‍ സംസാരിച്ചു. സാജു ജോര്‍ജ് സ്വാഗതവും എന്‍. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Leave a Reply