Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് പൾസ് » പാർട്ടി ഗവേഷകർ കണ്ടില്ല, ഈ കമ്യൂണിസ്റ്റു ജീവിതം

പാർട്ടി ഗവേഷകർ കണ്ടില്ല, ഈ കമ്യൂണിസ്റ്റു ജീവിതം

 

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നത് എന്തുകൊണ്ട് എന്ന് ഗവേഷണം നടത്തുന്ന പാർട്ടിബുദ്ധിജീവികളുടെ മുന്നിലൂടെയാണ് പി. ടി. രാജൻ  ഇത്രകാലവും നടന്നത്. വെള്ളക്കുപ്പായം ഉടയാതെ ശ്രദ്ധിച്ചിരുന്ന് ഊണുകഴിച്ച് ഇറങ്ങിപ്പോവുന്ന ന്യൂജൻ നേതാക്കളുടെ വരെ എച്ചിലില എടുക്കാൻ മടി കാണിക്കാതിരുന്ന, അന്തരിച്ച തൊഴിലാളിനേതാവിനെക്കുറിച്ച് /ആർ സുഭാഷ്

 

ആർ സുഭാഷ്

ആർ സുഭാഷ്

വർഷങ്ങൾക്കു മുമ്പാണ്. കോഴിക്കോട്  കോർപ്പറേഷന്റെ ഒരു കൗൺസിൽ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴാണ് ആദ്യമായി പി. ടി. രാജനെ കാണുന്നത്. കോർപ്പറേഷൻ കൗൺസിൽ മാത്രമല്ല, പഞ്ചായത്ത് ബോർഡ് യോഗം വരെ പാർലമെന്റിനെ അനുകരിച്ച് അന്താരാഷ്ട്രകാര്യങ്ങൾ ചർച്ച ചെയ്യുകയും ചാർച്ചികർ അമേരിക്കൻ പ്രസിഡന്റിനുവരെ മുന്നറിയിപ്പു നൽകുകകയും ചെയ്യാൻ തുടങ്ങിയ കാലമായിരുന്നു അത്. അന്ന് ബഹളക്കാരുടെ മുന്നിലുണ്ടായിരുന്നു രാജൻ. അതുകൊണ്ടാവും വലിയ താൽപ്പര്യമൊന്നും അയാൾ എന്നിലുണർത്തിയില്ല. എന്നാൽ കാലം പോകെ അയാൾ എന്റെ മനസിൽ അദ്ദേഹമായി വളർന്നു, ഒരിക്കൽ പോലും വലിയ തോതിലുള്ള വ്യക്തിബന്ധം ഉണ്ടാവാതിരുന്നിട്ടും.

ശരിക്കുമൊരു വിറകുവെട്ടിയും വെള്ളംകോരിയുമായിരുന്നു പി. ടി. രാജൻ. അത് അദ്ദേഹം സ്വയം അണിഞ്ഞ വേഷവുമായിരുന്നു. കല്യാണപ്പുരയായാലും പാർട്ടിസമ്മേളന വേദിയായാലും മടക്കിക്കുത്തിയ മുണ്ടും ചുണ്ടത്ത് എപ്പോഴും വിരിഞ്ഞുനിൽക്കുന്ന ചിരിയുമായി ആ മനുഷ്യൻ ഓടിനടന്നു പണിയെടുത്തു.

എവിടെയെങ്കിലും വെറുതെ നിൽക്കുന്ന തരത്തിലോ ഒരു കസേരയിൽ ഇരിക്കുന്ന തരത്തിലോ രാജനെ ഇതുവരെ കണ്ടിട്ടില്ല. വല്ല പാർട്ടികമ്മറ്റിയോഗങ്ങളിൽ ഇരുന്നിട്ടുണ്ടാവാം. എന്നാലും ഉച്ചയൂണിനു പിരിയുമ്പോൾ ഇലവെയ്ക്കാനും ചോറുവിളമ്പാനുമെല്ലാം ഈ മനുഷ്യൻ മുന്നിലുണ്ടാവും. പശമുക്കിയുണക്കിയ വെള്ളക്കുപ്പായം ഉടയാതെ ശ്രദ്ധിച്ചിരുന്ന് ഊണുകഴിച്ച് ഇറങ്ങിപ്പോവുന്ന ന്യൂജൻ നേതാക്കളുടെ വരെ എച്ചിലില എടുക്കാനും രാജന് ഒരു മടിയുമില്ലായിരുന്നു. ഒരു വിശ്രമവും ഇല്ലാതെ ജോലി ചെയ്യുന്നതിന്റെ സന്തോഷം അദ്ദേഹം സദാ പ്രസരിപ്പിച്ചിരുന്നു.

കോഴിക്കോട് നഗരത്തിലെ ചുമട്ടുതൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവർക്ക് മനോമരാദി പത്രങ്ങൾ ഏറെ അധ്വാനിച്ച് നിർമ്മിച്ചുകൊടുത്ത തെരുവുഗുണ്ടഛായ മായ്ച്ചുകളയാനും ആവതു ശ്രമിച്ച ആളായിരുന്നു രാജൻ. സി.ഐ.ടി.യു സംസ്ഥാന നേതാവും സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവും ആയിരുന്നിട്ടും രാജൻ എത്തുന്നത് ഒരു നേതാവിന്റെ വരവായി ആരും കണ്ടില്ല. അവരിലൊരാളായിരുന്നു അദ്ദേഹം.

എന്നാൽ രാജൻ നേതാവായി അവതരിക്കുന്ന ചില സന്ദർഭങ്ങളുമുണ്ട്. അത് പ്രക്ഷോഭരംഗത്തെ സംഘർഷ സമയമായിരുന്നു. ലാത്തിച്ചാർജിനും വെടിവെപ്പിനുമൊക്കെ സാധ്യതയുള്ള സമയത്ത് മാടിക്കെട്ടിയ മുണ്ടും എന്തിനും തയ്യാറാണെന്ന ശരീരഭാഷയുമായി രാജൻ അണികൾക്കുമുന്നിൽ കയറിനിൽക്കും. ആ  നിൽപ്പ് അണികൾക്കും പോലീസുകാർക്കും ഒരുപോലെ ആശ്വാസകരമാണ്. ഇനിയെല്ലാം രാജേട്ടൻ പറയുംപോലെ എന്ന മട്ടിലാവും അതോടെ അണികൾ. അനാവശ്യ പ്രകോപനങ്ങൾ പ്രക്ഷോഭകരിൽനിന്നുണ്ടാവില്ല എന്ന ആശ്വാസം പോലീസുകാരിലും പടരും. രക്തച്ചൊരിച്ചിലും അക്രമവും ഇല്ലാതെ തന്നെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചെടുക്കാനുള്ള മിടുക്ക് ഈ തൊഴിലാളി നേതാവിനുണ്ടായിരുന്നു.

നഗരത്തിൽ എസ്.എഫ്.ഐ യുടെ സമരങ്ങൾ ഉണ്ടാവുമ്പോഴെല്ലാം സ്വന്തം മക്കളെ കാക്കാനെത്തുന്ന അച്ഛന്റെ ഭാവത്തോടെ പി. ടി. രാജൻ റോഡിലുണ്ടാവുമായിരുന്നു. കുരുത്തക്കേടുകാട്ടുന്ന കുട്ടിസഖാക്കളെ ഞെട്ടിച്ച് മര്യാദക്കാരാക്കും. സമരം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയി എന്നുറപ്പുവരുത്തിയേ അദ്ദേഹം തിരിച്ചുപോയിരുന്നുള്ളു.

നിരന്തരം അധ്വാനിച്ച് അധ്വാനവർഗത്തിന്റെ നേതാവായ ആളായിരുന്നു പി. ടി. രാജൻ. വെളുപ്പിനെ എണീറ്റ് സ്വന്തം വീട്ടുപറമ്പിലെ പണി. അവിടെ വിളയുന്ന പച്ചക്കറിയും മറ്റും പാളയം മാർക്കറ്റിൽ കൊണ്ടുപോയി വിറ്റ ശേഷം മാത്രമായിരുന്നു രാജന്റെ പൊതുപ്രവർത്തനത്തിന്റെ ദിനസരി.

സിപിഎമ്മിൽ നേതാവായി വളരാൻ ആഗ്രഹമുള്ളവരാരും തുടരാത്ത ഒരു ജോലി ഏതാണ്ട് അവസാനകാലം വരെ അദ്ദേഹം ചെയ്തു. റെഡ് വളണ്ടിയർ സേനയുടെ ഏതോ തലത്തിലെ മേധാവി. കൊടുംവെയിലത്ത് മണിക്കൂറുകളോളം നീളുന്ന പരേഡുകൾക്ക് അദ്ദേഹം നേതൃത്വം നൽകി. സ്വന്തം ഭാര്യ മേയറായപ്പോൾ ഒരിക്കൽപോലും അദ്ദേഹം മേയറുടെ ഭർത്താവായില്ല.

കടലുണ്ടി തീവണ്ടി അപകടം ഉണ്ടായ ദിവസം. കടലുണ്ടി മുതൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിവരെ ജനം സ്വയം രക്ഷാപ്രവർത്തനം ഏറ്റെടുത്ത് റോഡിൽനിന്ന് വാഹനങ്ങൾ മാറ്റി പരിക്കേറ്റവരേയും കൊണ്ടുവരുന്ന വണ്ടികൾക്ക് വഴിയൊരുക്കിക്കൊണ്ടിരുന്നു. അന്ന് വെള്ളത്തിൽ മുങ്ങിയും കൈയ്യും കാലും മുറിഞ്ഞും തീർത്തും അവശരായി വന്നവരെ വാരിയെടുത്ത് ആശുപത്രികിടക്കയിൽ കിടത്തുന്നവർക്കിടയിൽ രാജനെക്കണ്ടു. അന്നും പിറ്റേന്നും ഈ മനുഷ്യൻ തൊട്ടടുത്തുള്ള വീട്ടിലേയ്ക്കു  പോലും പോയില്ല എന്നു തോന്നുന്നു. എല്ലാത്തിനും നേതൃത്വം കൊടുത്തും സ്വയം ചെയ്തും രാജൻ മുഴുവൻ സമയവും മെഡിക്കൽ കോളേജിലുണ്ടായിരുന്നു.

പൂക്കിപ്പറമ്പിൽ ബസ് അപകടമുണ്ടായ അന്നും ഇതുതന്നെ കണ്ടു. മലബാറിലെ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന ചികിൽസാലയമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി. അവിടെ ആളുകൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഓടിയെത്തുന്ന സന്നദ്ധ സേവകനായിരുന്നു പി. ടി. രാജൻ.

മരണവാർത്തയിൽ നിന്നാണ് പി. ടി.രാജന് 74 വയസുണ്ടെന്ന് മിക്കവരും മനസിലാക്കിയത്. വാർദ്ധക്യം എന്നത് മനസിന്റെ അവസ്ഥ മാത്രമാണെന്ന് സ്വന്തം ജീവിതം കൊണ്ടദ്ദേഹം തെളിയിക്കുകയായിരുന്നു.

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നത് എന്തുകൊണ്ട് എന്ന് ഗവേഷണം നടത്തുന്ന പാർട്ടിബുദ്ധിജീവികളുടെ മുന്നിലൂടെയാണ് പി. ടി. രാജൻ  ഇത്രകാലവും നടന്നത്.  അവർക്കാർക്കും പക്ഷേ അദ്ദേഹത്തെ മനസിലായില്ല എന്നുവേണം കരുതാൻ.

Leave a Reply