മലപ്പുറം കീഴാറ്റൂര്‍ മുതുകുറിശിക്കാവ് അയ്യപ്പ ക്ഷേത്രത്തില്‍നിന്ന് മൂന്ന് വര്‍ഷം മുമ്പ് മോഷ്ടിച്ച ഓടു വിഗ്രഹം പഞ്ചലോഹ വിഗ്രഹമെന്ന പേരില്‍ ഒന്നരക്കോടി രൂപക്ക് വില്ക്കാന് ശ്രമിച്ച ഏഴംഗ സംഘം പിടിയില്‍. വിഗ്രഹത്തിന് പുറമെ മോഷ്ടാക്കള്‍ സഞ്ചരിച്ച രണ്ട് കാറും പൊലീസ് പിടിച്ചെടുത്തു. അയ്യപ്പ വിഗ്രഹമാണ് കോഴിക്കോട്
ടൗണ്‍ പൊലീസ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ റെയില്‍വേ കോളനി റോഡില്‍ പിടികൂടിയത്.
പാലക്കാട് സ്വദേശി ചക്കാലകുനിയില്‍ അസീസ് (ഇരുമ്പന്‍ അസീസ് 58), മലപ്പുറം സ്വദേശികളായ കാളികാവ് തെങ്ങിന്‍തൊടുക വീട്ടില്‍ ഹൈദരലിഖാന്‍ (37), വണ്ടൂര്‍ മൌണ്ട്കാര്‍മല്‍ ഹൌസില്‍ ചാക്കോ വര്‍ഗീസ് (60), കാളികാവ് പൂളക്കല്‍ ഹൌസില്‍ പി അജീഷ് (37), കോഴിക്കോട് സ്വദേശികളായ പൂവാട്ടുപറമ്പ് കരിമഠത്ത് ഹൌസില്‍ കെ ഉമ്മര്‍കോയ (47), പെരുമണ്ണ ശിവദം ഹൌസില്‍ എ എം സതീശന് (50), വെള്ളിപറമ്പ് പുത്തലത്ത്ചാലില് ഗിരീഷ് (49) എന്നിവരെയാണ് ശനിയാഴ്ച വൈകിട്ട് പിടിച്ചത്.
കൊലക്കേസ് പ്രതികൂടിയായ ഇരുമ്പന്‍ അസീസും സംഘവും ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ പൂട്ട് പൊളിച്ചാണ് വിഗ്രഹം മോഷ്ടിച്ചത്. സാധാരണ ഓട് വിഗ്രഹമായിട്ടും പഞ്ചലോഹമാണെന്നും വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നും പറഞ്ഞ് കോടികള്‍ വില ലഭിക്കാനായി സൂക്ഷിക്കുകയായിരുന്നു. ഇതിനായി സംഘത്തിലെ ഓരോരുത്തരും മൂന്ന് വര്‍ഷത്തോളം സ്വന്തം വീടുകളിലാണ് വിഗ്രഹം സൂക്ഷിച്ചത്. 50 ശതമാനത്തിലധികം സ്വര്‍ണമുള്ള പഞ്ച ലോഹമാണെന്നും 100 വര്‍ഷത്തോളം പഴക്കമുണ്ടെന്നും പ്രചരിപ്പിച്ചാല്‍ ഇരട്ടിയിലധികം വില ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സംഘം.
വില്‍പ്പനക്കായി രണ്ട് കാറുകളിലായി എത്തിയ സംഘത്തെയാണ് നോര്‍ത്ത് എസിപി ഇ പി പൃഥ്വിരാജും സൌത്ത് എസിപി കെ പി അബ്ദുല്റസാഖുമടങ്ങുന്ന സംഘം പിടിച്ചത്. ഇരുമ്പന്‍ അസീസ് 25 വര്‍ഷം മുമ്പ് സ്ത്രീയെ കൊലപ്പെടുത്തിയതിന് മണ്ണാര്‍ക്കാട് സ്റ്റേഷനിലും നിരവധി മോഷണ, മയക്കുമരുന്ന് കേസുകളിലായി മലപ്പുറം, വണ്ടൂര്‍, നിലമ്പൂര്‍, ശ്രീകൃഷ്ണപുരം എന്നീ സ്റ്റേഷനുകളിലും പ്രതിയാണ്. അജീഷിനെതിരെ തൃശൂരില്‍ മണിചെയിന്‍ തട്ടിപ്പ് കേസും ഉമ്മര്കോയക്കെതിരെ നടക്കാവ് സ്റ്റേഷനിലും കേസുണ്ട്.
ടൌണ്‍ സിഐ പി എം മനോജ്, സിറ്റി െ്രെകം സ്ക്വാഡ് എസ്ഐ കെ പി സെയ്തലവി, എഎസ്ഐ ഷിനോബ്, സിപിഒമാരായ കെ ആര് രാജേഷ്, കെ പി ഷജൂല്‍, രജിത്ത് ചന്ദ്രന്, ടൌണ്‍ സിഐ ഓഫീസിലെ എസ്ഐമാരായ ടി എം ശിവദാസന്‍, ടി പി സുധന് എന്നിവരായിരുന്നു അന്വേഷക സംഘത്തിലുണ്ടായിരുന്നത്.
