Home » കലാസാഹിതി » പുലി / കടുവ ? മുരുകന്‍ ഒരു പ്രകൃതി വിരുദ്ധ സിനിമ

പുലി / കടുവ ? മുരുകന്‍ ഒരു പ്രകൃതി വിരുദ്ധ സിനിമ

തിയ്യറ്ററില്‍ പുലിമുരുകന്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ സിനിമയുടെ മറ്റൊരു വായനയുമായി എത്തിയിരിക്കയാണ് കോഴിക്കോട് ചെലവൂര്‍ സ്വദേശി വി. അബ്ദുല്‍ ലത്തീഫ് . കോഴിക്കോട് സാംസ്‌കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനായ ഇദ്ദേഹം ശ്രീശങ്കരാചാര്യാ സംസ്‌കൃത സര്‍വ്വകലാശാല മലയാള വിഭാഗം അധ്യാപകനാണ്.

കടുവ സംരക്ഷണവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ കടുവസംരക്ഷണ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നിരോധിക്കപ്പെടാന്‍ സാധ്യതയുള്ള സിനിമയാണ് പുലിമുരുകന്‍. മോഹന്‍ലാല്‍ എന്ന നടന്റെ താരമൂല്യം ഉപയോഗിച്ച് ഒരുമാതിരി മാസ്ഹിസ്റ്റീരിയ ഉല്പാദിപ്പിച്ച് ബോക്‌സോഫീസ് വിജയം നേടുക എന്നൊരു ലക്ഷ്യമാണ് ഈ സിനിമയ്ക്കുള്ളത്. ഈ സിനിമയെ സംബന്ധിച്ച് ഭാവിയില്‍ പ്രകീര്‍ത്തിക്കപ്പെട്ടേക്കാവുന്ന മികവുകളിലൊന്നായി പരിഗണിക്കാവുന്ന സാങ്കേതികത്തികവ് (അതോ ധാരാളിത്തമോ?) പ്രമേയഗാനത്തോടും സംഗീതത്തോടും ചേര്‍ന്ന് ലാലിന്റെ താര പഥവി ഉയര്‍ത്താനാണ് പ്രയോജനപ്പെടുത്തുന്നത്. നേരത്തേ നിരീക്ഷിക്കപ്പെട്ടതുപോലെ മോഹന്‍ലാല്‍ എന്ന നടന്റെ ഉടല്‍ മാത്രമേ സിനിമയിലുള്ളൂ. കാടും കടുവയും മറ്റു കഥാപാത്രങ്ങളും ഈ താരശരീരത്തിന്റെ അനുസാരികള്‍ മാത്രം.

വേല്‍ ആയുധവും മയില്‍ വാഹനവുമായി ജനക്കൂട്ടത്തിന്റെ രക്ഷകനായി പ്രത്യക്ഷപ്പെടുന്ന പുലിമുരുകന്‍ എന്ന മിത്ത് ഹിന്ദുത്വരാഷ്ട്രീയത്തിന് വളമാകുന്നതെങ്ങനെയെന്ന ചര്‍ച്ച അവിടെ നില്‍ക്കട്ടെ. സിനിമ എന്ന വ്യവസായത്തെയും സിനിമ എന്ന കലയെയും അകലം കുറച്ച് കൂട്ടിമുട്ടിക്കാനുള്ള ആ മേഖലകയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യരുടെ പ്രയത്‌നങ്ങളും തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. 13 രാജ്യങ്ങള്‍ ദീര്‍ഘകാല പദ്ധതിയുണ്ടാക്കി നടപ്പിലാക്കുന്ന കടുവ സംരക്ഷണമെന്ന പദ്ധതിയ്ക്ക് തുരങ്കം വെയ്ക്കുമ്പോഴാണ് സിനിമ വലിയ അക്രമമാകുന്നത്.
v-abdul-lathief-260x300-copy

കടുവയെ കൊല്ലുന്നവര്‍ക്ക് ഒരു രൂപ ഇനാം പ്രഖ്യാപിച്ച രേഖ അഡ്വ:സെല്യുരാജ് കൊണ്ടു വന്നിട്ടുണ്ട്. (പൈതൃകം എന്ന മാതൃഭൂമി പത്രത്തിലെ പംക്തി. ഇപ്പോഴത് പുസ്തകവുമായി) ലോകത്തെല്ലായിടത്തും സമീപകാലം വരെ ധാരാളമുണ്ടായിരുന്ന കടുവകള്‍ മനുഷ്യന്റെ കടന്നു കയറ്റംകൊണ്ട് ഇല്ലാതായതാണ്. വേട്ടയും ആവാസവ്യവസ്ഥയുടെ നാശവുമാണ് കടുവകളുടെ നാശത്തിന് കാരണം.

എന്തിനാണീ കടുവ? കാടിന്റെ ജൈവസന്തുലത്തിന്റെ ആണിക്കല്ലാണ് ഈ ജീവി. ഏഷ്യന്‍ കാടുകളിലെ ഏറ്റവും കരുത്തന്‍, സുന്ദരന്‍. ലോകത്തെവിടെയും ഇവനു മുകളില്‍ സിംഹമേയുള്ളൂ. പല കാര്യങ്ങളിലും സിംഹത്തോടൊപ്പമോ സിംഹത്തേക്കാള്‍ മുന്നിലോ ആണ്. പ്രണയകാലത്തല്ലാതെ (രണ്ടു വര്‍ഷത്തിലൊരിക്കല്‍) ഏകാന്തജീവിതം നയിക്കുന്ന ഇവന് സ്വൈരജീവിതത്തിന് മൂന്നു കാര്യങ്ങള്‍ വേണം. ഏതാണ്ട് നാല്പത്തഞ്ച് സ്‌ക്വയര്‍ കി.മീ. ഒളി സങ്കേതങ്ങളോടു കൂടിയ കാട്, വിശാലമായ ജലാശയം, മുട്ടില്ലാത്ത ഭക്ഷണം. കാട്ടുപോത്താണ് ഇവന്റെ സ്വാഭാവിക ഇര. കൂട്ടത്തിലെ ഏറ്റവും വലിയതും പ്രായമുള്ളതുമായ മൃഗത്തെയാണ് കടുവ പിടിക്കുക. കാടിന്റെ മേച്ചില്‍സ്ഥലങ്ങളെ തിന്നു തീര്‍ക്കുന്ന കാട്ടുപോത്തിന്റെ നിയന്ത്രണം കടുവയ്ക്കാണ്. കാടിന്റെ ജൈവശൃംഖലകള്‍ അങ്ങനെ കടുവയില്‍നിന്നാരംഭിക്കുന്നു.

മനുഷ്യകേന്ദ്രീകൃത ഉല്പാദനവ്യവസ്ഥയില്‍ പ്രകൃതി മനുഷ്യന് കീഴടക്കേണ്ട ഒന്നായിരുന്നു. മൃഗങ്ങളെ കൊല്ലുന്നവനാണ് ജേതാവ്. കാട് കത്തിച്ച് ജനപഥങ്ങളുണ്ടാക്കുന്നതിന്റെ ചരിത്രമാണ് നമ്മുടെ ഇതിഹാസങ്ങള്‍. വെള്ളമായും ഭക്ഷണമായും ധാതുസമ്പത്തിന്റെ കുറച്ചിലായും പ്രകൃതി തിരിച്ചടിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രകൃതികേന്ദ്രിത വികസനസങ്കല്പങ്ങള്‍ മനുഷ്യന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. പ്രകൃതിയെ,മൃഗങ്ങളെ സംരക്ഷിക്കുകയും അവയെ നിലനിര്‍ത്തിക്കൊണ്ടുള്ള ജീവനവഴികള്‍ ആലോചിക്കുകയുമാണ് പുതിയ കാലത്തിന്റെ ഹീറോയിസം. ലോകത്ത് മുന്‍നിര രാജ്യങ്ങളൊക്കെ പാലിക്കുന്നതും അതാണ്.

ഈ സത്യങ്ങളൊക്കെയാണ് സിനിമയില്‍ അട്ടിമറിയ്ക്കപ്പെടുന്നത്. ഒരാഴ്ചയ്ക്കിടയില്‍ ആറു പേരെയൊക്കെ കടുവ പിടിക്കുന്നുണ്ട് സിനിമയില്‍. കന്നുകാലികളെ ആക്രമിച്ചതിന്റെ ഒരു വാര്‍ത്തയുമില്ല താനും. ആരോഗ്യമുള്ള ഒരു കടുവയെ ചാട്ടുളിയും വേലും കൊണ്ട് ഒറ്റയ്‌ക്കൊരാള്‍ക്ക് കീഴ്‌പ്പെടുത്തുക അസാധ്യം. വാര്‍ദ്ധക്യകാലത്ത് ചാവാളിയായ കടുവയെയാണ് പല പ്രമുഖ ശിക്കാരികളും കീഴ്‌പ്പെടുത്തിയത്. അതും ചതി,ആയുധബലം, ആള്‍ബലം എന്നിവകൊണ്ട്. കടുവയുടെ ഒരു ജീവിതശീലം അവനെ പലപ്പോഴും അപകടപ്പെടുത്താറുണ്ട്. ഞാനായിട്ടത് വിവരിക്കുന്നില്ല. എന്തായാലും സിനിമാക്കാര്‍ക്ക് അതും തിരിഞ്ഞിട്ടില്ല.

കടുവ എന്ന ഏറെക്കുറെ റെഡ്ബുക്കിലായ ഒരു ജീവിയെ മനുഷ്യന്റെ വലിയ ശത്രുവാക്കി മുഖാമുഖം നിര്‍ത്തുന്നു എന്നതാണ് ഈ സിനിമ ചെയ്യുന്ന പാതകം. അത് പ്രകൃതിയോടുള്ള ആധുനിക മനുഷ്യന്റെ സമീപനത്തിനെതിരാണ്. ലോകം മുഴുവന്‍ ഈ ജീവിയെ സംരക്ഷിക്കാന്‍ ആളും അര്‍ത്ഥവും വ്യയം ചെയ്യുമ്പോള്‍ ഈ സിനിമ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നു. വന്യജീവി സംരക്ഷണനിയമങ്ങളെ മനുഷ്യനെതിരെയുള്ള മോശം കാര്യങ്ങളായി ചിത്രീകരിക്കുന്നു. വരും നാളുകളില്‍ ജൈവപാരിസ്ഥിതികാവബോധവുമായി ബന്ധപ്പെട്ട കൂടുതല്‍ നിരീക്ഷണങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഡോ.വി അബ്ദുള്‍ ലത്തീഫിന്റെ ഈ പോസ്റ്റ് ഏതായാലും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

Leave a Reply