Home » നമ്മുടെ കോഴിക്കോട് » ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മുഖം മിനുക്കുന്നു… നവീകരണത്തിനായി രണ്ടുകോടി രൂപയുടെ പദ്ധതി

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മുഖം മിനുക്കുന്നു… നവീകരണത്തിനായി രണ്ടുകോടി രൂപയുടെ പദ്ധതി

കോഴിക്കോട് വിനോദസഞ്ചാരത്തിന് അനന്തമായ സാധ്യതയുള്ള ഇടമാണ്
അടിസ്ഥാന സൗകര്യമില്ലായ്മയും അധികൃതരുടെ അനാസ്ഥയും ജില്ലയുടെ ടൂറിസം സാധ്യതകളെ മങ്ങലേല്പിച്ചു.വിനോദസഞ്ചാരത്തിന് പുതു ജീവനേകാൻ പദ്ധതികളൊരുങ്ങുന്നു. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിനും നവീകരണത്തിനുമായി രണ്ടുകോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗ്രീന്‍ കാര്‍പറ്റ് ഡസ്റ്റിനേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരണം. സരോവരം ബയോപാര്‍ക്ക്, തുഷാരഗിരി, ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്, വടകര സാന്‍ഡ്ബാങ്ക്, കാപ്പാട് ബീച്ച് എന്നിവിടങ്ങളാണ് സഞ്ചാരികള്‍ക്കായി പച്ചപ്പരവതാനി വിരിക്കുന്നത്.
കൃത്യമായി അറ്റകുറ്റപ്പണി നടക്കാത്തതിനാല്‍ മങ്ങിപ്പോയ സഞ്ചാര കേന്ദ്രങ്ങള്‍ക്കായി ജില്ലയില്‍ 2,04,12,733 രൂപയുടെ നവീകരണ പ്രവര്‍ത്തനമാണ് നടക്കുന്നത്. തകര്‍ച്ചയുടെ വക്കിലെത്തി സന്ദര്‍ശകര്‍ കുറഞ്ഞ സരോവരം ബയോപാര്‍ക്കിന് പുതുജീവനേകുന്ന പ്രവര്‍ത്തനമാണ് പദ്ധതിയില്‍ പ്രധാനം. സരോവരം ബയോപാര്‍ക്കിലാണ് ഏറ്റവും വലിയ തുകയുടെ പ്രവൃത്തി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനോദസഞ്ചാര വകുപ്പ് 57,35,000 രൂപയാണ് ഇവിടെ അനുവദിച്ചത്. പ്രവൃത്തി തുടങ്ങുന്നതിനായി ഇതിന്റെ പകുതി തുകയായ 28,67,500 രൂപ ഡിടിപിസിക്ക് കൈമാറി. ബൈപാസില്‍ നിന്നും പാര്‍ക്കിലേക്ക് പ്രവേശിക്കുന്ന പാലം, കളിപ്പൊയ്കയിലെ ബോട്ട് ജെട്ടി, പാര്‍ക്കിലെ ഇന്റലോക്ക് വിരിച്ച നടപ്പാത, ഇരിപ്പിടങ്ങള്‍, ബയോപാര്‍ക്കിലെ മരപ്പാലങ്ങള്‍, റെയിന്‍ ഷെല്‍ട്ടറുകള്‍, ലൈറ്റുകള്‍ എന്നിവ നവീകരിക്കുകയാണ് ആദ്യപടിയായി ചെയ്യുക.
കാപ്പാട് ബീച്ചില്‍ 36,25,000 രൂപയുടെ വിവിധ അറ്റകുറ്റപ്പണിയാണ് നടപ്പാക്കുന്നത്. റെയിന്‍ ഷെല്‍ട്ടര്‍, കവാടം, ഇന്റര്‍ലോക്ക് കട്ട വിരിക്കല്‍ തുടങ്ങിയ പുനരുദ്ധാരണ പദ്ധതികള്‍ക്കാണ് ഫണ്ട് അനുവദിച്ചത്. പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ ലിമിറ്റഡാണ് പ്രവൃത്തി നടത്തുക. ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നവീകരണം നടക്കുന്നത്.
തുഷാരഗിരിക്ക് 20,52,733 രൂപയാണ് അനുവദിച്ചത്. ഇതിന്റെ പണി തുടങ്ങിക്കഴിഞ്ഞു. ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മാണം ഏറ്റെടുത്ത 49 ലക്ഷത്തിന്റെ കോട്ടേജ് പണി പൂര്‍ത്തിയായി. ഇവിടെ കുടിവെള്ളം ലഭ്യമാക്കുന്ന പ്രവൃത്തി മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. വടകര സാന്‍ഡ് ബാങ്കില്‍ ഇന്റര്‍ലോക്ക് കട്ട വിരിക്കല്‍, ഇരിപ്പിടങ്ങളൊരുക്കല്‍, കഫ്‌റ്റേരിയ സമുച്ചയം എന്നിവയാണ് പൂര്‍ത്തിയാകുന്നത്. ഇതിനായി 90 ലക്ഷം രൂപയാണ് അനുവദിച്ചത്.
തകര്‍ന്നവയുടെ പുനര്‍നിര്‍മാണം അടക്കമുള്ള അറ്റകുറ്റപ്പണികള്‍ക്കപ്പുറം മാലിന്യസംസ്‌കരണം, അടിസ്ഥാന സൗകര്യ വികസനം, സുരക്ഷ, സുസ്ഥിരത എന്നിവയെല്ലാം യോജിപ്പിച്ചുള്ള പദ്ധതിയാണ് ഗ്രീന്‍ കാര്‍പറ്റ് ഡസ്റ്റിനേഷന്‍. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, എന്‍ജിഒ, കുടുംബശ്രീ, എന്‍എസ്സ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെയെല്ലാം സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. സംസ്ഥാനത്ത് 84 സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് ഗ്രീന്‍ കാര്‍പ്പറ്റ് ഡസ്റ്റിനേഷന്‍

Leave a Reply