Home » ആരോഗ്യം » വിപണിയില്‍ വ്യാജമുട്ട വ്യാപകം: സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

വിപണിയില്‍ വ്യാജമുട്ട വ്യാപകം: സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

സംസ്ഥാനത്ത് വ്യാജ മുട്ട വ്യാപകമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ഷൈലജ ഉത്തരവിട്ടു. ഫുഡ് ആന്റ് സേഫ്റ്റി കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. സംഭവത്തിന്റെ വസ്തുതകള്‍ പരിശോധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. സംസ്ഥാനത്ത് വ്യാജ മുട്ട വില്‍പ്പന വ്യാപകമാണെന്ന് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും റിപ്പോര്‍ട്ട് വന്നതോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

കണ്ടാല്‍ നാടന്‍ മുട്ട പോലെ തോന്നിക്കുന്ന മുട്ടകളാണ് തമിഴ്‌നാട്ടില്‍നിന്നും കടത്തി സംസ്ഥാനത്തെ വിപണികളില്‍ വ്യാപകമാവുന്നത്. ചൈനീസ് മുട്ട എന്നറിയപ്പെടുന്ന ഇത്തരം വ്യാജ മുട്ടകള്‍ ആദ്യം ഉല്‍പാദിപ്പിച്ച് വിപണിയില്‍ ഇറക്കിയത് ചൈനയിലാണെന്നാണ് വിവരം. പിന്നീട് മറ്റു ചില രാജ്യങ്ങളിലും ഇത് ലഭ്യമായി തുടങ്ങി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇത് കഴിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കരള്‍ രോഗം, വൃക്ക രോഗം, മറവി രോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ വ്യാജ മുട്ടകള്‍.

കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കും. സാധാരണഗതിയില്‍ ഹോട്ടലുകളിലും തട്ടുകടകളിലും ഈ മുട്ടയാണ് വ്യാപകമായി ഉപയോഗിക്കുന്നത്. കോഴിയുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം മുട്ടകള്‍ കൃത്രിമമായാണ് ഉല്‍പാദിപ്പിക്കുന്നത്. സാധാരണ ഒരു കോഴിമുട്ട ഉല്‍പ്പാദിപ്പിക്കുന്നതിന്റെ അഞ്ചില്‍ ഒന്ന് ചെലവ് മാത്രമാണ് ഇത്തരം മുട്ടകള്‍ക്ക് വേണ്ടിവരുന്നത്. നൂറ് എണ്ണത്തിന് 360 രൂപയാണ് വ്യാജമുട്ടകള്‍ക്ക് വില ഈടാക്കുന്നത്. ചില്ലറ വില്‍പനക്കാര്‍ ആറു രൂപ വരെ വാങ്ങിയാണ് ഇത്തരം മുട്ടകള്‍ വില്‍ക്കുന്നത്. ഹോട്ടലുകാരും തട്ടുകടക്കാരും വലിയ അളവില്‍ ഈ മുട്ടകള്‍ വാങ്ങുന്നുണ്ടെന്നാണ് സൂചന.

കാഴ്ചയില്‍ സാധാരണ മുട്ട പോലെയാണെങ്കിലും ഇവ കൂടുതല്‍ പരുക്കനായിരിക്കും. ഇത് അത്ര പെട്ടെന്ന് കേടാകില്ല. കോഴിമുട്ട പൊട്ടിച്ചാല്‍, കാണപ്പെടുന്ന പാട ഈ കൃത്രിമ മുട്ടകളില്‍ ഉണ്ടാകില്ല. രുചിയിലും മണത്തിലും വ്യാജനെ വേഗം തിരിച്ചറിയാനാകും. സാധാരണ മുട്ടയുടെ രുചിയോ മണമോ ഇതിന് ഉണ്ടാകില്ല

Leave a Reply