Home » നമ്മുടെ കോഴിക്കോട് » ജില്ലാ ബാങ്ക് എടിഎം; പിന്നില്‍ വന്‍ അഴിമതി ?

ജില്ലാ ബാങ്ക് എടിഎം; പിന്നില്‍ വന്‍ അഴിമതി ?

atm
കോഴിക്കോട് > ജില്ലാ സഹകരണ ബാങ്ക് നൂറ് എടിഎം കൗണ്ടറുകള്‍ തുറക്കാനുള്ള നീക്കത്തിനു പിന്നില്‍ അഴിമതിയും ക്രമക്കേടുമുള്ളതായി ആരോപണം. തിടുക്കപ്പെട്ട് പുതിയ എടിഎമ്മുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിനു പിന്നില്‍ ഉന്നതരുടെ സാമ്പത്തിക താല്‍പര്യമാണെന്നാണ് സംസാരം. എടിഎം നടത്തിപ്പിനായി ജീവനക്കാരെ നിയമിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കാനും നീക്കമുണ്ട്. ജില്ലാ ബാങ്കുകളുടെ കൂട്ടായ്മയില്‍ കേരള സഹകരണബാങ്ക് രൂപീകരിക്കാനുള്ള നീക്കം മുന്നേറുന്നതിനിടെ ജില്ലാ ബാങ്ക് എടിഎം സ്ഥാപിക്കുന്നതും സംശയമുയര്‍ത്തിയിട്ടുണ്ട്. എടിഎമ്മിനായി കഴിഞ്ഞ ദിവസം ടെന്‍ഡര്‍ ക്ഷണിച്ച് പരസ്യം പ്രസിദ്ധീകരിച്ചു.
നിലവില്‍ 13 എടിഎം ജില്ലാ ബാങ്കിനുണ്ട്. ഒരു എടിഎം സ്ഥാപിക്കാന്‍ പത്തുലക്ഷം രൂപയാകുമെന്നാണ് ഏകദേശ കണക്ക്. സ്ഥാപിക്കാനുള്ള മുറി വാടക, ബോര്‍ഡടക്കമുള്ള ചെലവുകള്‍ എന്നിവയെല്ലാമായി വന്‍ തുക മുതല്‍മുടക്കണം. ആറു മാസത്തിനകമെങ്കിലും പുതിയ ബാങ്ക് യാഥാര്‍ഥ്യമാകുമെന്നാണ് സൂചന. ഇതിന്റെ സാധ്യത പഠിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയമിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ ബാങ്കുകളില്‍ എല്ലാവിധ താല്‍ക്കാലിക നിയമനങ്ങളും സഹകരണവകുപ്പ് വിലക്കിയതാണ്. ഇത് മറികടക്കാനും കേരളബാങ്കിനെ അട്ടിമറിക്കാനുമായി ജില്ലാ ബാങ്കിലെ ഉന്നതര്‍ ആസൂത്രണം ചെയ്താണ് അതിവേഗം എടിഎം സ്ഥാപിക്കാനുള്ള തീരുമാനമെടുത്തതെന്നാണ് വിവരം.
100 എടിഎം വന്നാല്‍ നൂറുപേരെ പുതുതായി നിയമിക്കാം. ഇതിലാണ് യുഡിഎഫ് നേതൃത്വത്തിലുള്ള ജില്ലാ ബാങ്ക് ഭരണസമിതിയുടെ കണ്ണ്. എടിഎമ്മില്‍ ശുചീകരണത്തിനും കാവലിനുമായി ഒരാളെ താല്‍ക്കാലികമായി നിയമിക്കാം. ഈ വിധത്തില്‍ നൂറുപേരെ താല്‍ക്കാലികമായി നിയമിച്ചാല്‍ ലക്ഷങ്ങള്‍ മറിയും. ഒരുനിയമനത്തിന് അഞ്ചുലക്ഷം മുതല്‍ പത്തുലക്ഷം രൂപവരെയാണ് വാങ്ങുന്നത്. വിവിധ ഡയറക്ടര്‍മാര്‍ വീതംവച്ചാണ് നിയമനം നടത്തുക. നേരത്തെ ബാങ്കില്‍ നടത്തിയ നിയമനങ്ങളെക്കുറിച്ചുള്ള അഴിമതിയില്‍ വിജിലന്‍സിനടക്കം പരാതി ലഭിച്ചതാണ്. കാലാവധി കഴിയാറായ വേളയില്‍ വന്‍ വെട്ടിപ്പിനുള്ള കേന്ദ്രമാക്കി എടിഎം സ്ഥാപനത്തെ മാറ്റാനാണ് ബാങ്കധികൃതരുടെ നീക്കം.

Leave a Reply