Home » നമ്മുടെ കോഴിക്കോട് » വിജയോത്സവം ലക്ഷ്യം 5,000 പേര്‍ക്ക് A+

വിജയോത്സവം ലക്ഷ്യം 5,000 പേര്‍ക്ക് A+

കോഴിക്കോട് > ജില്ലയില്‍ ഈ വര്‍ഷം എസ്എസ്എല്‍സിക്ക് 5,000 വിദ്യാര്‍ഥികളെ മുഴുവന്‍ വിഷയത്തിലും എപ്‌ളസ് നേടാന്‍ പര്യാപ്തമാക്കാന്‍ ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്തിന്റെ വിജയോത്സവം പദ്ധതി. ഒമ്പതു വര്‍ഷം മുമ്പ് ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് ആരംഭിച്ച പദ്ധതി കൂടുതല്‍ വിപുലമാക്കാനാണ് തീരുമാനം. മുന്‍ വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി ഡയറ്റ് പദ്ധതിയുടെ മോണിറ്ററിങ് ഏജന്‍സിയായി പ്രവര്‍ത്തിക്കും. ഓരോ സ്‌കൂളിലും ഓരോ രീതിയില്‍ നടപ്പാക്കിയ പദ്ധതി ഇത്തവണ ഏകീകൃത രൂപത്തിലാകും നടപ്പാക്കുക. സ്‌കൂളുകള്‍ ആവിഷ്‌കരിച്ച പദ്ധികളുടെ അന്തസ്സത്ത ഉള്‍ക്കൊണ്ടാണ് ഏകീകൃത രീതി നടപ്പാക്കുക.
ജില്ലാ പഞ്ചായത്തിനു കീഴിലെ സ്‌കൂളുകള്‍ക്കു പുറമെ കോര്‍പറേഷന്റെയും മുനിസിപ്പാലിറ്റികളുടെയും നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലും വിജയോത്സവം പദ്ധതി നടപ്പാക്കും. കോര്‍പറേഷന്‍ ആവിഷ്‌കരിച്ച ‘വിജയജ്യോതി’ പദ്ധതി വിജയോത്സവം എന്ന് അറിയപ്പെടും.
പിയര്‍ ഗ്രൂപ്പ് പഠനരീതി കാര്യക്ഷമമാക്കും. മികച്ച പഠന നിലവാരമുള്ള കുട്ടികളെ ഉള്‍പ്പെടുത്തി സ്റ്റുഡന്റ് അഡാപ്റ്റഡ് ഗ്രൂപ്പും (എസ്എജി) താഴ്ന്ന പഠന നിലവാരമുള്ള കുട്ടികള്‍ക്കായി ടീച്ചര്‍ അഡാപ്റ്റഡ് ഗ്രൂപ്പും (ടിഎജി) രൂപീകരിക്കും. ഓരോ വിഷയത്തിലും സബ്ജക്ട് ക്‌ളിനിക്കുകള്‍ തുടങ്ങും. എ പ്‌ളസ്, ഡി പ്‌ളസ് സാധ്യത കണക്കാക്കി രണ്ട് കിനിക്കുകളാണ് രൂപീകരിക്കുക. ഒക്ടോബര്‍ മുതല്‍ ശനിയാഴ്ചകളിലാണ് ക്‌ളിനിക്ക് പ്രവര്‍ത്തിക്കുക. ചുരുങ്ങിയത് മൂന്നു മണിക്കൂറെങ്കിലും ഇത് പ്രവര്‍ത്തിക്കണം. പഠനത്തില്‍ പിന്നാക്കം നിലനില്‍ക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ പഞ്ചായത്തിനു കൈമാറണം. ഇവര്‍ക്കായി പ്രത്യേക ക്യാമ്പും സംഘടിപ്പിക്കും.
സ്‌കൂള്‍തല കര്‍മ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കുള്ള പിന്തുണ പരിപാടികള്‍ സംഘടിപ്പിക്കും. കൌണ്‍സലിങ്, മോട്ടിവേഷന്‍ ക്‌ളാസ്, ഗൃഹസന്ദര്‍ശനം, രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണം എന്നിവയും നടക്കും. സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന കുട്ടികളെ പ്രത്യേകമായി പരിഗണിച്ച് പദ്ധതി നടപ്പാക്കും. ഇവരുടെ ബോധനിലവാരം ഉയര്‍ത്താന്‍ ജനപ്രതിനിധികള്‍, വിദഗ്ധര്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തും.
വിജയോത്സവത്തിന്റെ ഭാഗമായി ഓരോ വിദ്യാലയത്തിലും നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഡയറ്റ് പ്രസിദ്ധീകരിക്കും. ഓരോ സ്‌കൂളിനും സ്വന്തമായി വെബ് പോര്‍ട്ടലും ഒരുങ്ങുന്നുണ്ട്.

Leave a Reply