Home » ന്യൂസ് & വ്യൂസ് » ബിജെപിയോടും ആര്‍എസ്എസിനോടും കോണ്‍ഗ്രസ് സ്വീകരിക്കുന്ന മൃദുസമീപനത്തില്‍ ലീഗിന് അതൃപ്തി

ബിജെപിയോടും ആര്‍എസ്എസിനോടും കോണ്‍ഗ്രസ് സ്വീകരിക്കുന്ന മൃദുസമീപനത്തില്‍ ലീഗിന് അതൃപ്തി

ബിജെപിയോടും ആര്‍എസ്എസിനോടും കോണ്‍ഗ്രസ് സ്വീകരിക്കുന്ന മൃദുസമീപനത്തില്‍ മുസ്‌ളിംലീഗിന് നീരസം. ദേശീയതലത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസ് ശക്തമായ നയം സ്വീകരിക്കുന്നില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലിയില്‍ വന്ന മാറ്റം ശനിയാഴ്ച കോഴിക്കോട്ട് ചേരുന്ന സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ചര്‍ച്ചചെയ്യും.

സംസ്ഥാനത്ത് പ്രതിപക്ഷ പ്രവര്‍ത്തനമടക്കം വേണ്ടവിധം ഏകോപിപ്പിക്കാനും വിഷയങ്ങളില്‍ ഇടപെടാനും കോണ്‍ഗ്രസിന്റെ ഈ ദൌര്‍ബല്യം തടസ്സമാകുന്നുവെന്ന ചിന്ത മുതിര്‍ന്ന ലീഗ് നേതാക്കള്‍ക്കുണ്ട്. ബി ജാ പി യോടുള്ള മൃദുസമീപനം തിരുത്തണമെന്ന ആവശ്യം കോണ്‍ഗ്രസിനെ നേരിട്ടറിയിക്കണമെന്ന വികാരം പാര്‍ടി നേതൃത്വത്തിലും ശക്തമാണ്. ദേശീയതലത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ പ്രശ്‌നങ്ങളില്‍ ശരിയായി പ്രതികരിക്കാന്‍ കോണ്‍ഗ്രസ്സിനാകുന്നില്ലെന്ന് മുതിര്‍ന്ന ലീഗ് നേതാവ് പറഞ്ഞു.

ദളിത് പീഡനമായാലും പശുവടക്കമുള്ള പ്രശ്‌നങ്ങളുടെ പേരിലുള്ള കൊലയായാലും ആര്‍എസ്എസ്സിനോടും ബിജെപിയോടും എതിര്‍ക്കാനുള്ള ത്രാണി കാട്ടുന്നില്ല. പല വിഷയങ്ങളിലും കോണ്‍ഗ്രസ് കാഴ്ചക്കാരാണെന്ന അഭിപ്രായവുമുണ്ട്. വ്യക്തമായ അജന്‍ഡയുമായി ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാനുള്ള ശ്രമങ്ങളുമില്ല. ഇക്കാര്യങ്ങളില്‍ കോണ്‍ഗ്രസ് ദേശീയനേതൃത്വം അങ്ങേയറ്റം ദുര്‍ബലവും നിസ്സഹായവുമാണെന്ന നിഗമനത്തില്‍ ലീഗില്‍ ഗ്രൂപ്പ് ഭേദമില്ലാതെ നേതാക്കള്‍ക്ക് ഏകാഭിപ്രായമാണ്. ഏക സിവില്‍ കോഡടക്കമുള്ള വിഷയങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ വലിയ ആശങ്കയിലാണ്. ദേശീയത ഉയര്‍ത്തിവിട്ടും ന്യൂനപക്ഷവേട്ടക്ക് നീക്കമുണ്ട്. ഇതിലൊന്നും കോണ്‍ഗ്രസിന്റെ ശബ്ദം ഉയരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

അതേസമയം കോണ്‍ഗ്രസ് നിലപാടുകളെക്കുറിച്ച് സെക്രട്ടറിയറ്റ് യോഗത്തില്‍ പ്രത്യേക അജന്‍ഡയില്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു.

Leave a Reply