Home » നമ്മുടെ കോഴിക്കോട് » ‘നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ്’… ബസ് ജീവനക്കാരുടെ മോശമായ സമീപനത്തിന് കടിഞ്ഞാണിടാന്‍ ട്രാഫിക് പോലീസ്

‘നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ്’… ബസ് ജീവനക്കാരുടെ മോശമായ സമീപനത്തിന് കടിഞ്ഞാണിടാന്‍ ട്രാഫിക് പോലീസ്

ബസ് ജീവനക്കാര്‍ക്കു കടിഞ്ഞാണിടാന്‍ സിസിടിവി ക്യാമറയുമായി ട്രാഫിക് പോലീസ് രംഗത്തെത്തി. സ്വകാര്യ ബസ് ജീവനക്കാരെക്കുറിച്ചുള്ള പരാതികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ട്രാഫിക് പോലിസിന്റെ പുതിയ പരിഷ്‌കാരം. സ്വകാര്യ ബസുകളിലും സ്‌കൂള്‍ ബസുകളിലും സി.സി.ടി.വി ക്യാമറ സ്ഥാപിക്കുവാനാണ് പോലീസിന്റെ നീക്കം. ബസുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി പോലിസ് സ്പെഷ്യല്‍ ഡ്രൈവും നടത്തുന്നുണ്ട് .
വിദ്യാര്‍ഥികളോടും സ്ത്രീകളോടുമുള്ള ബസ് ജീവനക്കാരുടേയും മറ്റു യാത്രക്കാരുടേയും മോശമായ സമീപനം തടയാനും ബസിലെ മോഷണം ഇല്ലാതാക്കാനും അമിത വേഗതയ്ക്ക് തടയിടാനും ക്യാമറ സ്ഥാപിക്കുന്നതിലൂടെ സാധ്യമാകും. നേരത്തെ വിദ്യാര്‍ഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ അവഗണന അവസാനിപ്പിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ സവാരി ഗിരി ഗിരി എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ചിരുന്നെങ്കിലും അത് ഫലപ്രദമായിരുന്നില്ല. മിക്ക ബസുകളിലും താല്‍്ക്കാലിക ജീവനക്കാരാണ് ജോലിചെയ്യുന്നത്. അതിനാല്‍ തന്നെ ഒരാള്‍ക്കെതിരെ യാത്രക്കാര്‍ പരാതി നല്‍കിയാലും കൃത്യമായ നടപടിയെടുക്കാന്‍ പോലിസിന് കഴിയാറില്ല. ആളെതിരക്കി പോലിസെത്തുമ്പോഴേക്കും ജീവനക്കാര്‍ മാറിയിട്ടുണ്ടാകും.
ബസുടമകളുടെ യോഗം വിളിച്ചു ചേര്‍ത്ത് വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കുന്നതു സംബന്ധിച്ചുള്ള തീരുമാനത്തെ കുറിച്ച് വിശദമായി ചര്‍ച്ച നടത്തുകയും തുടര്‍ന്നു പദ്ധതി നടപ്പാക്കാനുമാണ് പോലീസ് ലക്ഷ്യമിടുന്നത്. സ്‌കൂള്‍ ബസുകളിലും ക്യാമറ നിര്‍ബന്ധമാക്കും. സ്‌കൂള്‍ ബസുകളുടെ അമിത വേഗത, അളവില്‍ കവിഞ്ഞ് വിദ്യാര്‍ഥികളെ കയറ്റിക്കൊണ്ടു പോകുക തുടങ്ങിയ പ്രവണതകള്‍ അതോടെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
നോട്ടീസ് ലഭിച്ചിട്ടും ക്യാമറ സ്ഥാപിക്കാത്ത ബസ്സുകള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലിസ് അധികൃതര്‍ പറഞ്ഞു. സ്ത്രീ സുരക്ഷയെ മുന്‍നിര്‍ത്തി കഴിഞ്ഞ മാസം കോഴിക്കോട് മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലും ഒന്‍പത് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു

Leave a Reply