നാളുകളുടെ കാത്തിരിപ്പിനു ശേഷം കോഴിക്കോട്ടെ ബീച്ചില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നു. കോര്പറേഷന് ഓഫിസ്, ഭട്ട് റോഡ് എന്നിവിടങ്ങളിലെ ബീച്ച് നവീകരണത്തിനാണ് 21 ലക്ഷത്തിന്റെ പ്രവൃത്തിക്ക് അനുമതിയായത്. പ്രവൃത്തികള്‍ ഒക്ടോബര്‍ 15ന് ആരംഭിക്കുമെന്ന് ഡി.ടി.പി.സി അധികൃതര്‍ അറിയിച്ചു.
തുറമുഖ വകുപ്പിനാണ് നിര്‍മാണച്ചുമതല. കോര്പറേഷന് ഓഫിസിന് മുന്നിലെ മെയിന്‍ ബീച്ചിലെ പൊട്ടിപ്പൊളിഞ്ഞ നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍, ഷെല്‍ട്ടറുകള്‍, ടോയ്ലറ്റ് എന്നിവയും ഭട്ട് റോഡിലെ കുളം അടക്കമുള്ള സംവിധാനങ്ങളുമാണ് നവീകരിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പ് കോടികള്‍ ചെലവഴിച്ച് നടത്തിയ നിര്‍മാണപ്രവൃത്തികള്‍ ഇപ്പോള്‍ മിക്കവാറും കേടുവന്ന നിലയിലാണ് ഇപ്പോള്‍. മൂന്നുകോടിയോളം രൂപ ചെലവഴിച്ചായിരുന്നു പ്രവൃത്തി. കോര്പറേഷന് ഓഫിസിന് മുന്നിലെ ശിലാസ്തൂപങ്ങളടക്കം സ്ഥാനംതെറ്റുകയും അലങ്കോലപ്പെടുകയും ചെയ്തു. ടൈലുകള്‍ പൊട്ടിപ്പൊളിഞ്ഞു. ഇരിപ്പിടങ്ങള്‍ കേടുവന്നു. മാലിന്യം നിക്ഷേപിക്കാന്‍ സ്ഥാപിച്ച കൊട്ടകളില്‍ പലതും മോഷ്ടിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. ബീച്ച് സന്ദര്‍ശകര്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ നീക്കാന്‍ നാമമാത്രമായ സംവിധാനങ്ങള്‍ മാത്രമേയുള്ളൂ. തെക്കുഭാഗത്തെ സ്ഥിതിയാണ് ഏറെ ദയനീയം.
ഇവിടെ സ്ഥാപിച്ച ടോയ്ലറ്റ് പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി 15ഓളം ശൗചാലയങ്ങളുണ്ടെങ്കിലും മിക്കവയും ഉപയോഗശൂന്യമാണ്. എട്ടോളം ബാത്ത് ടബുകളും പ്രവര്‍ത്തനക്ഷമമല്ല. മിക്ക മേല്‍ക്കൂരയും തുരുമ്പിച്ചതിനാല്‍ ഒരു സുരക്ഷിതത്വവുമില്ലാതെയാണ് സ്ത്രീകളടക്കം ഇത് ഉപയോഗിക്കുന്നത്. വാതിലിന്റെ സ്ക്രൂ അഴിഞ്ഞ് ഒരുഭാഗത്തെ ഗ്ളാസ് തകര്‍ന്നതിനാല്‍ ഒരുഭാഗം പ്ളാസ്റ്റിക് കയര്‍ കൊണ്ട് കൂട്ടിക്കെട്ടിയിരിക്കുകയാണ്. ഇതുകാരണം രാത്രി ടോയ്ലറ്റടച്ചാലും നായ്ക്കള്‍ക്കും സാമൂഹികവിരുദ്ധര്‍ക്കും അകത്തുകയറാം.
ഈ ഭാഗത്ത് തകരഷീറ്റുകൊണ്ട് സ്ഥാപിച്ച ഷെല്‍ട്ടറുകളുടെ മേല്‍ക്കൂര പാതി നശിച്ചിരുന്നു. ബി.ജെ.പി ദേശീയ കണ്‍വെന്‍ഷന്റെ ഭാഗമായി ഇത് പൂര്‍ണമായി പൊളിച്ചു. കഴിഞ്ഞ ഏപ്രിലോടെ സ്വകാര്യ ഗ്രൂപ് കഫ്ത്തീരിയ പ്രവര്‍ത്തനം തുടങ്ങിയത് മാത്രമാണ് ആശ്വാസം. ബീച്ചിന്റെ പരിസരങ്ങളിലൊന്നും വിളക്കുകളില്ലാത്തതിനാല്‍ ഇവിടെ സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമാണ്.
