Home » നമ്മുടെ കോഴിക്കോട് » സ്ത്രീ സുരക്ഷക്കായി പിങ്ക് പോലീസ് സേവനം ഇനി കോഴിക്കോട്ടും

സ്ത്രീ സുരക്ഷക്കായി പിങ്ക് പോലീസ് സേവനം ഇനി കോഴിക്കോട്ടും

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള കേരള പൊലിസിന്റെ പിങ്ക് പട്രോള്‍ വാഹനം കോഴിക്കോട് നഗരത്തിലെത്തുന്നു. ഈ മാസം അവസാനത്തോടെ ആധുനിക സംവിധാനങ്ങളോടെയുള്ള പെട്രോള്‍ വാഹനം നഗരത്തില്‍ ഓടിത്തുടങ്ങും. സംഘത്തില്‍ പൂര്‍ണമായും വനിതാ പൊലീസ് ഓഫീസര്‍മാരാണ് ഉണ്ടാകുക. പരാതി ലഭിച്ച സ്ഥലം കണ്ടെത്തി വേഗത്തില്‍ എത്തുന്നതിനായി ജി.പി.എസ് സംവിധാനവും ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ പ്രാപ്തമായ കാമറയും കാറിലുണ്ടാകും.
സ്ത്രീകളെയും പെണ്‍കുട്ടികളെയും പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍,സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിമരുന്നിന്റെ വില്പ്പന തുടങ്ങിയവ തടയുന്നതിനായാണ് പിങ്ക് പട്രോള്‍ ടീം പ്രധാനമായും പ്രവര്‍ത്തിക്കുക. അടിയന്തരഘട്ടങ്ങളിലെത്താവുന്ന തരത്തില്‍ പിങ്ക് വാഹനത്തില്‍ വനിതാപൊലീസുകാര്‍ നഗരം ചുറ്റും. എവിടെയെങ്കിലും അപകടങ്ങള്‍ ശ്രദ്ധയില്‍പെട്ടാലും സഹായം ഉറപ്പാക്കും. ടീമിന്റെ സഹായം ആവശ്യമാണെങ്കില്‍ അവരുടെ നമ്പറില്‍ ബന്ധപ്പെടാം.
ആഗസ്റ്റില്‍ തിരുവനന്തപുരത്താണ് പിങ്ക് പട്രോള്‍ ആരംഭിച്ചത്. കൊച്ചിയിലും സേവനം തുടങ്ങി. ഇത് വിജയകരമായതോടെയാണ് കോഴിക്കോട്ടേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്താനായി ജില്ലയിലെ കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തേക്ക് പോയിരുന്നു. സിഡാക്കിന്റെ സഹായത്തോടെയാണ് തിരുവനന്തപുരത്ത് പട്രോള്‍ വാഹനത്തിന്റെ പ്രവര്‍ത്തനം. ഇവര്‍ തന്നെയാണ് കോഴിക്കോടുമെത്തുന്നത്.
അടുത്ത ആഴ്ച പിങ്ക് വാഹനങ്ങള്‍ നഗരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ട് വാഹനങ്ങളാണ് നഗരത്തിലുണ്ടാവുക. സ്ത്രീകള്‍ക്കുനേരെയുണ്ടാകുന്ന അക്രമങ്ങളെ ഒരു പരിധിവരെ കുറയ്ക്കാന്‍ പുതിയ സംവിധാനത്തിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ആധുനിക സംവിധാനങ്ങളുള്ള വാഹനം ,പൂര്‍ണമായും വനിതാ പൊലീസ് ഓഫീസര്‍മാര്‍, 18അംഗങ്ങളടങ്ങിയ ടീം, 24 മണിക്കൂര്‍ സേവനം, പൊതുസ്ഥലങ്ങളും സ്‌കൂള്‍- കോളേജ്, ഓഫീസുകള്‍, ലേഡീസ് ഹോസ്റ്റലുകള്‍,ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പട്രോളിംഗ് എന്നിവയാണ് പിങ്ക് പോലീസിന്റെ പ്രത്യേകത.

Leave a Reply