Home » നമ്മുടെ കോഴിക്കോട് » മലിനീകരണത്തിനും ആഗോളതാപനത്തിനുമെതിരെ സൈക്കിള്‍യാത്ര നടത്തുന്ന അമ്പു ചാള്‍സി കോഴിക്കോട്ടെത്തി

മലിനീകരണത്തിനും ആഗോളതാപനത്തിനുമെതിരെ സൈക്കിള്‍യാത്ര നടത്തുന്ന അമ്പു ചാള്‍സി കോഴിക്കോട്ടെത്തി

മലിനീകരണത്തിനും ആഗോളതാപനത്തിനുമെതിരെ സൈക്കിള്‍യാത്ര നടത്തുകയാണ് തമിഴ്നാട് നാമക്കല്‍ സ്വദേശി അമ്പു ചാള്‍സി എന്ന 58-കാരന്‍. പ്രകൃതിയും മണ്ണും ജലവും സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി ഇപ്പോള്‍ കോഴിക്കോട്ടെത്തിരിക്കുകയാണ് ഇദ്ദേഹം. വെറും സൈക്കിള്‍ സവാരി മാത്രമല്ല, അമ്പുവിന്റെ ലക്ഷ്യം, യാത്രയ്‌ക്കൊപ്പം പ്രകൃതിസംരക്ഷണപാഠങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും പകര്‍ന്ന് നല്‍കുകയും ചെയ്യുന്നുണ്ട്. പ്രകൃതിസംരക്ഷണമെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് ഈ തമിഴ്നാട്ടുകാരന്‍ സൈക്കിള്‍ സവാരി തുടങ്ങിയത്. ഇതുവരെ സൈക്കിളില്‍ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളും അയല്‍രാജ്യമായ നേപ്പാളും സന്ദര്‍ശിച്ചു കഴിഞ്ഞു. സൈക്കിള്‍ സവാരി ഇപ്പോള്‍ 11 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 2005 ഏപ്രില്‍ 28 നാണ് ആദ്യയാത്ര തുടങ്ങിയത്.
സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദം നേടി അധ്യാപകനായി ജോലി ചെയ്യുന്നതിനിടെയാണ് 2004ഡിസംബറില്‍ അമ്പുവിന്റെ കണ്ണു തുറപ്പിച്ച യുനാമി സംഭവിക്കുന്നത്. ഇതു മനുഷ്യന്‍ പ്രകൃതിയോട് ചെയ്തുതീര്‍ത്തതിന്റെ ഫലമാണെന്ന് തിരിച്ചറിഞ്ഞാണ് അദ്ദേഹം ബോധവല്‍കരണത്തിന് എല്ലാം ഉപേക്ഷിച്ച് രംഗത്തിറങ്ങിയത്. ഇതുവരെ തന്റെ സൈക്കിള്‍ ചക്രങ്ങള്‍ കറങ്ങിയത് പതിനായിരത്തിലധികം കിലോമീറ്ററുകളാണ്. സഹോദരനൊപ്പം നാമക്കല്ലില്‍ നടത്തുന്ന കരിമ്പ് കൃഷിയില്‍നിന്നുള്ള വരുമാനമാണ് യാത്രയ്ക്കായി ചെലവിടുന്നത്. എവിടെയെത്തിയാലും അവിടെയുള്ള പോലീസ് സ്റ്റേഷനിലെത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങും. തുടര്‍ന്നാണ് യാത്ര. വൈകുന്നേരങ്ങളില്‍ ക്ഷേത്രങ്ങളിലോ റെയില്‍വേ സ്റ്റേഷനിലോ ആണ് അന്തിയുറങ്ങുന്നത്. എവിടെയാണോ എത്തുന്നത് അവിടത്തെ ഭക്ഷണം കഴിക്കും. ഡിസംബറോടെ വടക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കണ്ട് പ്രകൃതി സംരക്ഷണത്തെക്കുറിച്ച് പറയണമെന്നാണ് അമ്പുവിന്റെ ആഗ്രഹം. കടന്നുപോകുന്ന സ്ഥലങ്ങളില്‍ പ്രകൃതിസംരക്ഷണ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന അമ്പു സ്‌കൂളുകളിലും കോളജുകളിലുമൊക്കെ ക്ലാസ്സെടുക്കുകയും ചെയ്യുന്നു.

Leave a Reply