Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട്ടെ മരണ വണ്ടികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അവസാനിപ്പിച്ചത് 140 ല്‍പ്പരം ജീവനുകള്‍

കോഴിക്കോട്ടെ മരണ വണ്ടികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അവസാനിപ്പിച്ചത് 140 ല്‍പ്പരം ജീവനുകള്‍

അപകട മരണങ്ങള്‍ പതിവാകുമ്പോഴും വാഹനങ്ങളുടെ പ്രത്യേകിച്ച് ബസുകളുടെ അമിത വേഗതയ്ക്ക് ഒട്ടും കുറവില്ല. എയര്‍ ഹോണടിച്ച് പരിഭ്രാന്തരാക്കിയും മരണവേഗത്തില്‍ വാഹനം പായിച്ചും ബസുകള്‍ കൊലവിളി നടത്തുന്നത് ആദ്യമായല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് 140 ല്‍പ്പരം ജീവനുകളാണ്. എന്നാല്‍ അമിത വേഗത നിയന്ത്രിക്കാന്‍ നടപടിയായില്ല.
എയര്‍ ഹോണുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഉപയോഗിച്ചാല്‍തന്നെ അത് 90 ഡെസിബെല്ലിന് താഴെ ആയിരിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട് എങ്കിലും തുടര്‍ച്ചയായി ഹോണടിച്ച് മുമ്പില്‍ പോകുന്ന ചെറുവാഹനങ്ങളെ പരിഭ്രാന്തിയിലാക്കുന്നത് മിക്ക ബസ് ഡ്രൈവര്‍മാരുടെയും സ്ഥിരം ശീലങ്ങളിലൊന്നാണ്. സ്റ്റോപ്പുകളില്‍ ആളുകള്‍ക്ക് കയറാനും ഇറങ്ങാനുമുള്ള സാവകാശംപോലും നല്‍കാതെയാണ് പലപ്പോഴും ഈ മരണപ്പാച്ചില്‍. എല്ലാ മരണത്തിനുംകാരണമായി അന്വേഷണറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത് ഡ്രൈവര്‍മാരുടെ അശ്രദ്ധയും അറിവില്ലായ്മയും അഹങ്കാരവുമാണ്. നഗരത്തില്‍ പരമാവധി വേഗത 35 കിലോമീറ്റര്‍ എന്നാണ് നിയമം. എന്നാല്‍ ഇവിടെ മിക്ക ബസ്സുകളും 60 കിലോമീറ്ററിലേറെ വേഗതയിലാണ് ഓടുന്നത്. കൂടാതെ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനെ മറ്റൊരു ബസ്സ് മറി കടക്കരുതെന്ന നിയമവും ഉണ്ടായിരുന്നു. പരസ്പരം മറികടന്നോടാനുള്ള ശ്രമത്തില്‍ ബസിലെ യാത്രക്കാരെയോ റോഡിലുള്ളവരേയോ കാണാറില്ല. ഇതിന് കാരണമായി ബസ് ജീവനക്കാര്‍ക്ക് പറയാനുള്ളത് കൃത്യസമയത്ത് റൂട്ടില്‍ ഓടി എത്തണമെന്നുള്ളതാണ്. മോട്ടോര്‍ വാഹനവകുപ്പും ബസ് ജീവനക്കാരും ഒന്നിരുന്നാലോചിച്ചാല്‍ സമയം അഞ്ചോ പത്തോ മിനിറ്റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റാന്‍ സാധിക്കും. അതിനുപകരമാണ് സമയത്തിന്റെ പേരില്‍ മത്സരിച്ചോടി ജീവനില്ലാതാക്കുന്നത്.
പരിശോധനയ്ക്കു നില്‍ക്കുന്ന പൊലീസ് സംഘത്തിനു സമീപത്തുകൂടിയാണ് പലപ്പോഴും ബസുകള്‍ കുതിച്ചോടുന്നത്. ജംക്ഷനുകളില്‍ എല്ലാ വാഹനങ്ങളും ക്രമമായി നിര്‍ത്തി പോകുമ്പോള്‍ ബസുകള്‍ അവിടെയും ക്രമം തെറ്റിച്ചു മുന്നോട്ട് കുതിച്ചു മാര്‍ഗ തടസ്സം സൃഷ്ടിക്കും. ബസ് നില്‍ക്കില്ലെന്നു മാത്രമല്ല ഓട്ടത്തില്‍ ഈ ടയറുകള്‍ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്. ബസുകള്‍ എങ്ങനെയും ഓടും മറ്റുള്ളവര്‍ എങ്ങനെയെങ്കിലും രക്ഷപ്പെട്ടുകൊള്ളുക എന്നതാണ് മിക്ക ഡ്രൈവര്‍മാരുടെയും ഭാവം. റോഡില്‍ പലയിടങ്ങളിലും പൊലീസ് പരിശോധന സ്ഥിരമായി നടക്കാറുണ്ട്. എന്നാല്‍ ഒരിടത്തും അമിത വേഗത്തിലെത്തുന്ന ബസിനുനേരെ നടപടിയില്ല. ആകെ പരിശോധിക്കുന്നത് ബൈക്കുകാര്‍ ഹെല്‍മറ്റ് ധരിച്ചോ, കാറുകാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചോ, പുക പരിശോധിച്ചോ എന്നൊക്കെ മാത്രമാണ്. പൊലീസ് നിര്‍ജീവമാകുന്ന സാഹചര്യത്തില്‍ മറ്റു പലതിലുമെന്നപോലെ ജനങ്ങള്‍ സംഘടിച്ച് റോഡിലിറങ്ങി ബസുകളെ നിലയ്ക്കു നിര്‍ത്തുന്ന കാലം അതിവിദൂരമല്ല.

Leave a Reply