Home » ന്യൂസ് & വ്യൂസ് » റെയിൽവേ അധികൃതരുടെ അനാസ്ഥക്കെതിരെ മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

റെയിൽവേ അധികൃതരുടെ അനാസ്ഥക്കെതിരെ മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

കേരളത്തിലെ റെയ്‌ല്‍വേ വികസനത്തിന്റെ മെല്ലെപ്പോക്കിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്കിലൂടെ പ്രതികരിക്കുകയുണ്ടായി
അധികൃതരുടേത് നിരുത്തരവാദിത്തപരമായ സമീപനമാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയിൽ പരാമര്ശിക്കുകയുണ്ടായി മുഖ്യമന്ത്രിയുടെ ഫേസ് ബുക്കിന്റെ പൂർണരൂപം ചുവടെ
കേരളത്തിലെ റെയ്‌ല്‍വേ വികസനം തീര്‍ത്തും പരിതാപകരമായ അവസ്ഥയിലാണ്. തിരുവല്ല-ഏറ്റുമാനൂര്‍ സ്റ്റേഷനുകള്‍ക്കിടയിലെ പാത ഇരട്ടിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നിശ്ചലാവസ്ഥയിലാണ്. ഉദ്യോഗസ്ഥരുടെ അവധാനതക്കുറവും മറ്റുമാണ് ഇതിന് കാരണം. എറണാകുളം-ആലപ്പുഴ-കായംകുളം റെയ്‌ല്‍ പാത ഇരട്ടിപ്പിക്കലും സമാനമായ അവസ്ഥയിലാണ്. പദ്ധതിക്കാവശ്യമായ ഫണ്ടിന്റെ ലഭ്യതാക്കുറവ് മൂലമാണിത്. ചെറുവത്തൂര്‍-മംഗലാപുരം പാതയുടെ വൈദ്യുതവല്‍ക്കരണവും അനിശ്ചിതാവസ്ഥയിലാണ്. ഈ രണ്ട് പാതകളില്‍ ഇപ്പോഴുള്ള തിരക്ക് കുറയ്ക്കുവാനും റെയ്‌ല്‍ ഗതാഗതം മെച്ചപ്പെടുത്തുവാനും പാതയിരട്ടിപ്പിക്കല്‍ കൂടിയേ തീരൂ. പാതയിരട്ടിപ്പിക്കല്‍ പണി പൂര്‍ത്തീകരിക്കുവാന്‍ സമയപരിധി നിശ്ചയിക്കുന്നതില്‍ അമാന്തം കാട്ടുകയാണ് റെയ്‌ല്‍വേ മന്ത്രാലയം. പണി പൂര്‍ത്തീകരിക്കുവാന്‍ വൈകും തോറും പദ്ധതിച്ചെലവും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും.
ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട മിക്ക പദ്ധതികളുടെയും സര്‍വേകള്‍ ഇത് വരെ ആരംഭിച്ചിട്ടില്ല. ആരംഭിച്ചവ പൂര്‍ത്തീകരിച്ചിട്ടുമില്ല. എറണാകുളം ജംഗ്ഷനും തിരുവനന്തപുരം സെന്റ്രലും ലോകോത്തര നിലവാരമുള്ള ഹബ്ബുകളായി വികസിപ്പിക്കുമെന്ന വാഗ്ദാനം കേവലം പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങി. ബജറ്റില്‍ പദ്ധതിക്കാവശ്യമായ തുക അനുവദിക്കാത്തത് മൂലമാണിത്. നേമത്തെ തിരുവനന്തപുരം സെന്റ്രലിന്റെ രണ്ടാമത്തെ ഉപഗ്രഹ പാസഞ്ചര്‍ റ്റെര്‍മിനലാക്കുവാനുള്ള പദ്ധതിയും അനിശ്ചിതത്വത്തിലാണ്. നേമത്തെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെടുത്തുന്ന റെയ്ല്‍ പാത സമീപ ഭാവിയില്‍ വരുമെന്നതിനാലും തിരുവനന്തപുരത്ത് നിന്നും ജില്ലയിലെ മറ്റു ഭാഗങ്ങളിലേക്ക് മെമു ട്രെയിനുകള്‍ ഓടിക്കുവാന്‍ കഴിയുന്ന രീതിലുള്ള ഒരു ഹബ്ബാക്കി നേമത്തെ മാറ്റാമെന്നതിനാലും ഈ പദ്ധതി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. തിരുവനന്തപുരം, പാലക്കാട്, കൊങ്കണ്‍ റെയ്‌ല്‍വേ ഡിവിഷനുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു പെനിന്‍സുലാര്‍ റെയ്‌ല്‍വേ സോണ്‍ രൂപീകരിക്കണം എന്ന നിര്‍ദ്ദേശവും കുറേക്കാലമായി അവഗണിക്കപ്പെട്ടിരിക്കുകയാണ്.
ഇന്ത്യന്‍ റെയ്‌ല്‍വേയുടെ വരുമാനത്തില്‍ നിര്‍ണായകമായ ഒരു വിഹിതം നല്‍കുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply