Home » നമ്മുടെ കോഴിക്കോട് » റെയില്‍വെ സ്‌റ്റേഷനിലെ മേല്‍ക്കൂരയില്ലാതിരുന്ന ഭാഗങ്ങളില്‍ രണ്ടുകോടി രൂപ ചെലവില്‍ 18 ഷെല്‍റ്ററുകള്‍ പണിതു

റെയില്‍വെ സ്‌റ്റേഷനിലെ മേല്‍ക്കൂരയില്ലാതിരുന്ന ഭാഗങ്ങളില്‍ രണ്ടുകോടി രൂപ ചെലവില്‍ 18 ഷെല്‍റ്ററുകള്‍ പണിതു

റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്‌ഫോമിലും നാലാം പ്ലാറ്റ്‌ഫോമിലും പൂര്‍ത്തിയായ പുതിയ ഷെല്‍റ്ററുകളുടെ ഉദ്ഘാടനം ഇന്നു നടക്കും. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ചാണ് മേല്‍ക്കൂരയില്ലാതിരുന്ന ഭാഗത്ത് 18 ഷെല്‍റ്ററുകള്‍ പണിതത്. ഇതോടെ രണ്ടു പ്ലാറ്റ്‌ഫോമുകളുടെ മുഴുവന്‍ ദൂരവും യാത്രക്കാര്‍ക്ക് വെയിലും മഴയുമേല്‍ക്കാതെ നില്‍ക്കാന്‍ സാധിക്കും. നാലാം പ്ലാറ്റ്‌ഫോമിന്റെ വടക്കുഭാഗത്തും തെക്കുഭാഗത്തുമായി 13 ഷെല്‍റ്ററുകളാണ് നിര്‍മിച്ചിരിക്കുന്നത്. ഒന്നാം പ്ലാറ്റ്‌ഫോമിന്റെ തെക്കുഭാഗത്ത് അഞ്ചെണ്ണവുമുണ്ട്. 16 മീറ്റര്‍ നീളമാണ് ഒരു ഷെല്‍റ്ററിനുള്ളത്.
അലൂമിനിയം ഷീറ്റുപയോഗിച്ചാണ് മേല്‍ക്കൂര. നിര്‍മാണം നേരത്തേ പൂര്‍ത്തിയായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് നടപടികള്‍ മൂലം ഉദ്ഘാടനം നടത്താനായിരുന്നില്ല. ഇന്നു രാവിലെ 11നു നടക്കുന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ.രാഘവന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവര്‍ പങ്കെടുക്കും. സ്റ്റേഷനിലെ രണ്ട് മൂന്ന് പ്ലാറ്റ് ഫോമുകള്‍ക്കായുള്ള വിശ്രമമുറിയുടെ വീകരണം പൂര്‍ത്തിയായിട്ടുണ്ട്. പുതിയ ടൈല്‍സുകള്‍ വിരിക്കുകയും ശുചിമുറികള്‍ പുതുക്കിപ്പണിയുകയും ചെയ്തിട്ടുണ്ട്. നവംബറില്‍ ജനറല്‍ മാനേജര്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ ഇതിന്റെ ഉദ്ഘാടനവും നടന്നേക്കും.
കൂടാതെ മിനറല്‍ വാട്ടര്‍ നിലവാരത്തില്‍ ശുദ്ധീകരിച്ച കുടിവെള്ളം കുറഞ്ഞവിലയില്‍ ലഭ്യമാക്കാനായി സ്റ്റേഷനില്‍ വാട്ടര്‍ വെന്റിങ് മെഷീനുകളും വരുന്നുണ്ട്. പാത്രവുമായെത്തുന്നവര്‍ക്ക് ശുദ്ധീകരിച്ച ജലം ലീറ്ററിനു മൂന്നുരൂപയ്ക്കു നല്‍കാനാണ് ലക്ഷ്യമിടുന്നത്. കുപ്പിയടക്കമാണെങ്കില്‍ അഞ്ചുരൂപയാകും. എങ്കിലും വിലയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. പാലക്കാട് ഡിവിഷനല്‍ ഓഫിസില്‍നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്കാണ് പദ്ധതി നടപ്പാക്കുക. 10 മെഷീനുകള്‍ സ്ഥാപിക്കാനാണു തീരുമാനം. എല്ലാ പ്ലാറ്റ്‌ഫോമുകളിലുമായി ഇതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഓരോ മെഷീനും പ്രവര്‍ത്തിപ്പിക്കാനായി ആളുണ്ടാകും.

Leave a Reply